തൃശൂര്‍: ശ്രീരാമനെ കുറിച്ചുള്ള വിവാദ എഫ് ബി പോസ്റ്റില്‍ എംഎല്‍എ പി ബാലചന്ദ്രനെ തള്ളി സിപിഐ. പി ബാലചന്ദ്രന്‍ എംഎല്‍എയ്‌ക്ക് തെറ്റുപറ്റിയെന്ന് സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ് പറഞ്ഞു. എംഎല്‍എ പറഞ്ഞത് പാര്‍ട്ടി നിലപാടല്ല. എംഎല്‍എ ജാഗ്രത കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എഫ്ബി പോസ്റ്റ് എംഎല്‍എ തന്നെ പിന്‍വലിച്ചു. എംഎല്‍എയുടെ അഭിപ്രായം സിപിഐയ്‌ക്ക് ഇല്ല. സിപിഐയുടെ നയവുമല്ല. എല്ലാ മതങ്ങളുടെ വിശ്വാസങ്ങളേയും മാനിക്കുന്ന പാര്‍ട്ടിയാണ് സിപിഐ. എംഎല്‍എ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, പറഞ്ഞത് തെറ്റാണ്. ബിജെപി ഇത്തരം അവസരങ്ങളെ ഉപയോഗിക്കും. പറഞ്ഞതിന് വ്യക്തി മാത്രമാണ് ഉത്തരവാദിയെന്നും വത്സരാജ് വ്യക്തമാക്കി.
അതേസമയം പോസ്റ്റിനെതിരെ ഹൈന്ദവസംഘടനകളും ബിജെപിയും ശക്തമായി രംഗത്തെത്തിയിരുന്നു. മതഭീകരവാദികളെ പ്രീണിപ്പിക്കാനാണ് ഈ എഫ്ബി പോസ്റ്റ്. ബാലചന്ദ്രന്റെ നിയമസഭാ അംഗത്വം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ക്ഷമാപണവുമായി പി ബാലചന്ദ്രന്റെ പുതിയ പോസ്റ്റ്.
കഴിഞ്ഞ ദിവസം എഫ്ബിയില്‍ പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്നും അത് ആരെയെങ്കിലും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചതല്ലെന്നും മിനിറ്റുകള്‍ക്കുള്ളില്‍ അത് പിന്‍വലിച്ചുവെന്നും അദ്ദേഹം പറയുന്നു. തന്റെ പോസ്റ്റിന്റെ പേരില്‍ ആരും വിഷമിക്കരുത്. താന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
ഇന്നലെ രാത്രിയോടെയാണ് തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്‍ ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും അധിക്ഷേപിക്കുന്ന വിധത്തില്‍ സാമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്. ‘രാമന്‍ ഒരു സാധുവായിരുന്നു കാലില്‍ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്ത് ചാട്ടക്കാരനായിരുന്നില്ല. ലക്ഷ്മണന്‍ ഇറച്ചിയും പൊറോട്ടയും കൊണ്ടു വന്നു. ചേട്ടത്തി സീത അതു മൂന്നു പേര്‍ക്കും വിളമ്പി’ എന്നു തുടങ്ങുന്ന പോസ്റ്റാണ് ഫേസ്ബുക്കിലൂടെ എംഎല്‍എ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: