എറണാകുളം: നിർമ്മാണ വേളയിൽ കേടുപാടുകൾ സംഭവിച്ച സാരി മാറ്റി നൽകാത്ത ടെക്സ്റ്റൈൽ ഉടമയ്ക്കെതിരെ പിഴ ചുമത്തി കോടതി. സിൽക്കിന്റെ വിവാഹ സാരി മാറ്റി നൽകാൻ തയാറാകാതിരുന്നതിനെ തുടർന്നായിരുന്നു നടപടി. 75,040 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടിരിക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിനി പ്രൊഫ. സാറ തോമസാണ് മകളുടെ വിവാഹത്തിന് വേണ്ടി കൊച്ചിയിലെ കല്യാൺ സിൽക്സിൽ നിന്നും സാരി വാങ്ങിയത്.
2018-ലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് 30,040 രൂപയായിരുന്നു സാരിയുടെ വില. എന്നാൽ വിവാഹം നടക്കാത്ത സാഹചര്യത്തിൽ സാരി ഉപയോഗിച്ചില്ല. ഇതിന് ശേഷം 2019 ജനുവരി 23-ന് പരാതിക്കാരി സാരി പരിശോധിച്ചപ്പോൾ ഇതിൽ കറുത്ത പാടുകൾ കണ്ടു. പിന്നാലെ വ്യാപാരിയെ സമീപിച്ചെങ്കിലും സാരി മാറ്റി നൽകാമെന്ന് ആദ്യം ഉറപ്പ് നൽകിയെങ്കിലും വാക്ക് പാലിച്ചില്ല.
ഇതേ തുടർന്നാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സാരി മാറ്റി നൽകാത്തതിന് നഷ്ടപരിഹാരവും സാരിയുടെ വിലയും നൽകണമെന്നും ആവശ്യം ഉന്നയിച്ചു.ഇതിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. സാരിയുടെ വിലയും 25,000 രൂപ നഷ്ടപരിഹാരവും നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 20,000 രൂപ കോടതി ചിലവായും 30 ദിവസത്തിനുള്ളിൽ പരാതിക്കാരിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: