ന്യൂദല്‍ഹി: നടപ്പുസാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, കേന്ദ്രം നല്കിയ ഗ്രാന്റിന്റെ വലിയൊരുഭാഗം ചെലവഴിക്കാതെ പഞ്ചാബ്. ഏഴായിരം കോടി രൂപയെങ്കിലും ചെലവഴിക്കാന്‍ ബാക്കിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആപ് നേതാവും മുഖ്യമന്ത്രിയുമായ ഭഗവന്ത് മന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
കേന്ദ്രം അനുവദിച്ച 11,000 കോടി രൂപയില്‍ 3000 കോടി രൂപ മാത്രമെ ഡിസംബര്‍ ആറുവരെ ചെലവഴിക്കാന്‍ സാധിച്ചിരുന്നുള്ളൂവെന്ന് ആറിന് ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രവൃത്തികള്‍ക്ക് വേഗം കൂട്ടണമെന്നും അനുവദിച്ച ഗ്രാന്റില്‍ പരമാവധി ചെലവഴിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്കി. 1100 കോടി രൂപ മാത്രമാണ് ഡിസംബറിലെ യോഗത്തിനുശേഷം ചെലവഴിക്കാനായത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഗ്രാന്റ് ചെലവഴിക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചയ്‌ക്കായി 27ന് എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ശൈത്യം കാരണം പൊതുമരാമത്ത് പ്രവൃത്തികള്‍ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് വകുപ്പ് സെക്രട്ടറി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷവും ഗ്രാന്റ് പൂര്‍ണമായി വിനിയോഗിക്കുന്ന കാര്യത്തില്‍ സംസ്ഥാനം പരാജയമായിരുന്നു. നിരവധി യോഗങ്ങളാണ് ഇതിനു മാത്രമായി മുഖ്യമന്ത്രി വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: