ഗ്രേറ്റര്‍ നോയിഡ: രാജ്യ തലസ്ഥാനത്ത് നിന്ന് 56 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രാഖ് ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്. രാവണനെ ആരാധിക്കുന്നതിന് പേര് കേട്ട ഗ്രാമമാണിത്.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വിജയദശമി ദിനത്തില്‍ രാവണന്റെ കോലം കത്തിക്കുമ്പോള്‍ ഈ ഗ്രാമത്തില്‍ ഈ ചടങ്ങില്ല.എന്നാല്‍ തിങ്കളാഴ്ച, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഗ്രാമത്തിലെ രാവണന്റെ പേരിലുളള പുരാതന ശിവക്ഷേത്രത്തിനുള്ളില് ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. എന്നാല്‍ രാവണന്റെ പ്രതിമ ഇവിടെയില്ല എന്ന പ്രത്യേകതയുമുണ്ട്.
ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ മഹന്ത് രാംദാസിന്റെ അഭിപ്രായ പ്രകാരം രാമനും രാവണനും സമൂഹത്തിന് ഒരേ സന്ദേശമാണ് നല്‍കുന്നത് – ജ്ഞാനം, വീര്യം, സ്ഥിരോത്സാഹം, എല്ലാവരോടും ബഹുമാനം. ”രാവണ മഹാരാജാവ് ‘ എന്റെ സ്വപ്നത്തില്‍ വന്നു, ഭഗവാന് രാമന്റെയും സീതാദേവിയുടെയും ലക്ഷ്മണന്റെയും പ്രതിമകള്‍ സ്ഥാപിക്കാന്‍ വഴിയൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു,” – മഹന്ത് രാംദാസ് പറഞ്ഞു.
ക്ഷേത്രത്തിന്റെ പ്രധാന കവാടം രാവണന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ ചിത്രീകരിക്കുന്ന വ്യത്യസ്ത പ്രതിമകളാല്‍ അലങ്കരിച്ചിട്ടുണ്ടെങ്കിലും, ശ്രീകോവിലില്‍ അസുരരാജാവിന്റെ പ്രതിമയില്ല. ഇതും മാറ്റാന്‍ ഒരുങ്ങുകയാണ്. ” അടുത്ത വിജയദശമിക്ക് ഞങ്ങള്‍ ക്ഷേത്രത്തില്‍ രാവണന്റെ പ്രതിമ സ്ഥാപിക്കും. രാമനും രാവണനും ഒരേ മൂല്യങ്ങള്‍ പങ്കിടുന്നു. എന്നാല്‍ വ്യത്യസ്ത ആശയങ്ങള്‍. ഇന്നത്തെ രാഷ്ട്രീയത്തിലെന്നപോലെ – നേതാക്കള്‍ പൊതുസ്ഥലത്ത് പോരാടിക്കൊണ്ടിരിക്കുന്നു. പക്ഷേ അവര്‍ പരസ്പരം വ്യത്യസ്ത അവസരങ്ങളില്‍ സൗഹാര്‍ദ്ദപരമായി കണ്ടുമുട്ടുന്നു- മഹന്ത് രാംദാസ് പറഞ്ഞു.
രാവണന്റെ പിതാവായ വിശ്രവന്‍ ബിസ്രാഖ് ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നാണ് വിശ്വാസം. പാര്‍വതി ദേവിക്കായി ലങ്ക നിര്‍മ്മിക്കുമ്പോള്‍ ഗൃഹപ്രവേശ ചടങ്ങിന് വിശ്രവനെ ശിവന് ക്ഷണിച്ചു. പൂജകള്‍ക്ക് ശേഷം ശിവന് വിശ്രവനോട് എന്ത് ദക്ഷിണ വേണമെന്ന് ചോദിച്ചപ്പോള്‍ ലങ്കയാണ് ആവശ്യപ്പെട്ടത്. അങ്ങനെ ലഭിച്ച ലങ്ക വിശ്രവന്‍ പിന്നീട് തന്റെ മകന് കുബേരന് നല്കി. ഇത് പിന്നീട് രാവണന് ഏറ്റെടുക്കുകയായിരുന്നു.
അതേസമയം, ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചെങ്കിലും രാവണന്റെ കോലം കത്തിക്കാന്‍ ഗ്രാമത്തിന് ഇനിയും പദ്ധതിയില്ല. ‘നാം രാമന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാവണന്റെ കോലം ഒരിക്കലും ഈ ഗ്രാമത്തില്‍ കത്തിക്കില്ല. കൂടാതെ, ഇവിടെ രാംലീല അവതരിപ്പിക്കില്ല. ഞങ്ങള്‍ രാമനെയും രാവണനെയും ആരാധിക്കും- ഏകദേശം 40 വര്‍ഷമായി ക്ഷേത്രവുമായി ബന്ധമുള്ള മഹന്ത് രാംദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: