ചെന്നൈ : കോയമ്പത്തൂരില്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബസില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. ഇവര്‍ ബസില്‍ കയറിയ ശേഷം കുഞ്ഞിനെ മറ്റൊരാളെ ഏല്‍പിച്ച് മറ്റൊരു സ്റ്റോപ്പില്‍ ഇറങ്ങിപ്പോകുകയായിരുന്നു.
സഹയാത്രികര്‍ ഇക്കാര്യം കണ്ടക്ടറെയും പോലീസിനേയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പോലീസ് ആശുപത്രയിലേക്ക് മാറ്റി. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവം വിവാദമായതോടെ കുഞ്ഞിനെ തേടി മലയാളിയായ അച്ഛന്‍ ആശുപത്രിയിലെത്തി.
വെള്ളിയാഴ്ചയാണ് സംഭവം. തിരക്കേറിയ സ്വകാര്യ ബസിലേക്ക് കുഞ്ഞുമായി എത്തിയ യുവതി കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് യുവതിയെ കാണാതായതോടെയാണ് പോലീസിനെ വിവരം അറിയിച്ചത്. ഇത് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് കുട്ടിയുടെ അച്ഛന്‍ സ്ഥലത്ത് എത്തിയത്.
തൃശൂര്‍ സ്വദേശിയും യുവതിയും തമ്മില്‍ പ്രണയിച്ച് വിവാഹിതരായവരാണ്. ബന്ധുക്കള്‍ പ്രണയത്തെ എതിര്‍ത്തതോടെ ഇവര്‍ വിവാഹിതരായി കോയമ്പത്തൂരില്‍ താമസിക്കാന്‍ തുടങ്ങി. വിവാഹം നടന്ന് തൊട്ടുപിന്നാലെ യുവാവിന്റെ അച്ഛന്‍ മരിച്ചു. ഇതോടെ മരണത്തിന് കാരണം പെണ്‍കുട്ടിയാണ് എന്ന് പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്കും പതിവായി.
അടുത്തിടെ വഴക്കുണ്ടായതോടെ യുവാവ് തൃശൂരിലേക്ക് തിരികെ പോന്നു. തുടര്‍ന്ന് യുവതി വിഷാദത്തിലേക്ക് പോകുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ അച്ഛന്‍ തിരികെ വാങ്ങി കൂടെ കൂട്ടി. വിഷയം രമ്യമായി പരിഹരിക്കുന്നതിനായി ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ചയിലാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: