ഭാരതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ചിരകാല സ്വപ്നമായ അയോദ്ധ്യയിലെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നു. 2024 ജനുവരി 22 തിങ്കളാഴ്ച രാവിലെ 11-നും 2-നും മദ്ധ്യേ മകയിരം നക്ഷത്രത്തില്‍ ശ്രീരാമ ചന്ദ്രന്റെ പ്രാണ പ്രതിഷ്ഠ നടക്കുക വഴി നമ്മുടെ നിരവധി തലമുറകളുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. സനാതന ധര്‍മ്മം ഈ ആര്‍ഷ ഭൂമിയുടെ പ്രാണ ചൈതന്യമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഭാരതീയര്‍.
അയോദ്ധ്യാ ധാമിന് ചുറ്റുമുള്ള പഞ്ചകോശി പരിക്രമ മാര്‍ഗ്ഗത്തിനുള്ളിലെ മുഴുവന്‍ സ്ഥലവും യുദ്ധരഹിത പ്രദേശമാണ്. അമൃത സരസ്സില്‍ നിന്നും ഉല്‍ഭവിച്ച് ഒഴുകി എത്തുന്ന സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അയോദ്ധ്യാ ഏഴു പുണ്യ നഗരികളില്‍ ഒന്നാണ്. വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമ ചന്ദ്രന്റെ ജന്മസ്ഥലമാണ്, സാകേതം എന്ന വിളിപ്പേരുള്ള അയോദ്ധ്യ. ഹിന്ദു വിശ്വാസപ്രകാരം ശ്രീരാമചന്ദ്രന്റെ സ്വര്‍ഗാരോഹണത്തിന് ശേഷം പുത്രനായ കുശന് രാജാവായി നിര്‍മിച്ചതാണ് ക്ഷേത്രം. കാലാന്തരത്തില്‍ വിക്രമാദിത്യന് അതിപാവനമായ രാമക്ഷേത്രം പണി തീര്‍ത്തിരുന്നു.
1951 ല്‍ ഫൈസാബാദ് കോടതി രാമക്ഷേത്രം തുറന്ന് കൊടുക്കാന്‍ വിധി കല്‍പ്പിച്ചെങ്കിലും അന്നത്തെ യുപി സര്‍ക്കാര്‍ ഈ വിധി നടപ്പിലാക്കിയില്ല. 1983 മുതല്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ധര്‍മസ്ഥല രക്ഷാസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു. 1985-കളില്‍ രാമജന്മഭൂമി വിമോചന പ്രക്ഷോഭം ശക്തമാക്കി. 1986-ല്‍ ഉമേശ് ചന്ദ്രപാണ്ഡേ എന്ന അഭിഭാഷകന് 1951 ലെ അനുകൂല കോടതിവിധി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊടുത്ത കേസ് ഫൈസാബാദ് ജില്ലാ ജഡ്ജി രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനുള്ള വിധി പ്രഖ്യാപിച്ചു എങ്കിലും അധികൃതര്‍ വിട്ടുകൊടുത്തില്ല. വിശ്വഹിന്ദുപരിഷത്ത് 1989 നവംബര്‍ 10-ന് ആദ്യത്തെ കര്‍സേവയ്ക്ക് ആഹ്വാനം ചെയ്തു. 1990 ല്‍ വിഎച്ച്പിയും ബിജെപിയും രാമജന്മഭൂമി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു. 1990 സപ്തംബര്‍ 25 സോമനാഥ് മുതല്‍ ഒക്ടോബര്‍ 30-ന് അയോദ്ധ്യയില്‍ സമാപിക്കുന്ന തരത്തില്‍ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്രയ്ക്ക് തുടക്കം കുറിച്ചു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച രണ്ട് മലയാളികളെ നമുക്ക് മറക്കാന്‍ സാധിക്കില്ല. 1949 കാലഘട്ടത്തില്‍ അയോദ്ധ്യയുടെ ജില്ലാ കളക്ടര്‍ ആയിരുന്ന ആലപ്പുഴക്കാരുടെ സ്വന്തം കെ.കെ.നായരുടെ വീരോചിതമായ തീരുമാനവും, 44 വര്‍ഷത്തിനു ശേഷം അന്നത്തെ രാഷ്ട്രപതിയുടെ നിര്‍ദ്ദേശ പ്രകാരം പുരാവസ്തു വകുപ്പിന്റെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച കോടതിക്ക് റിപ്പോര്‍ട്ട് നല്കിയ കോഴിക്കോട് സ്വദേശിയായ കെ.കെ.മുഹമ്മദ് അയോദ്ധ്യയിലെ ഖനനത്തെക്കുറിച്ച് ‘ഞാന്‍ ഭാരതീയര്‍’ എന്ന പുസ്തകത്തിലൂടെ അയോദ്ധ്യയില്‍ നിലനിന്നിരുന്ന രാമക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
1990 ഒക്ടോബര്‍ 30-ന് രാമജന്മഭൂമി വിമോചന പ്രസ്ഥാനം നിശ്ചയിച്ച രണ്ടാമത്തെ കര്‍സേവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ശക്തമായി. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 11 ലക്ഷം കര്‍സേവകര്‍ പങ്കെടുത്തു. മുലായം സിംഗിന്റെ യുപി സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം ഒക്ടോബര്‍ 30-നും നവംബര്‍ 2-നും അയോദ്ധ്യയില്‍ പലഭാഗത്തും വെടിവെപ്പ് നടത്തി. തല്‍ഫലമായി ഏകദേശം 16 കര്‍സേവകര്‍, ബംഗാളില്‍ നിന്നുള്ള കോത്താരി സഹോദരന്മാര് ഉള്‍പ്പടെ രാമജന്മഭൂമിയ്ക്ക് വേണ്ടി ജീവന് ത്യജിച്ചു. തുടര്‍ന്ന് ഭാരതത്തിന്റെ പലഭാഗത്തും സംഘട്ടനങ്ങളും, അക്രമങ്ങളും, പോലീസ് നരനായാട്ടും നടന്നു. അയോദ്ധ്യ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും പലഭാഗത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായി. അതില്‍ എടുത്തു പറയേണ്ട സംഭവം കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയില്‍ നടന്ന പോലീസ് നരനായാട്ടിനെകുറിച്ചാണ്.
രണ്ടാമത്തെ കര്‍സേവ അയോദ്ധ്യയില്‍ നടന്നത് 1990 ഒക്ടോബര്‍ 30-നായിരുന്നു. എന്നാല്‍ കുളത്തുപ്പുഴയില്‍ സംഘര്‍ഷം ഉണ്ടായത് ഒക്ടോബര്‍ 18-നായിരുന്നു. കാട്ടൂര്‍ മൗലവി വധവുമായി ബന്ധപ്പെട്ട് കുളത്തുപ്പുഴയില്‍ ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടന്നിരുന്നു. എന്നാല്‍ ഈ സംഭവത്തെ അയോദ്ധ്യയിലെ കര്‍സേവയുമായി ബന്ധപ്പെടുത്തിയും രാമജ്യോതി പ്രയാണവുമായി ബന്ധപ്പെടുത്തിയും ലഹള ഉണ്ടാക്കാനായിരുന്നു ഒരു വിഭാഗം മതമൗലികവാദികള്‍ അന്ന് ശ്രമിച്ചിരുന്നത്. രാമജ്യോതി പ്രയാണത്തിനെതിരെയുള്ള മതമൗലികവാദികളുടെ അക്രമത്തില്‍ പ്രതിഷേധിച്ച് 250-ല്‍ പരം വരുന്ന വിഎച്ച്പി-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു നേര്‍ക്ക് കുളത്തുപ്പുഴ പോലീസ് അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. മധുവിന്റെ നേതൃത്വത്തില്‍ നിര്‍ദാക്ഷിണ്യം വെടിവയ്പ്പ് നടത്തി.
കുളത്തുപ്പുഴ പോലീസ് വെടിവെപ്പില്‍ എന്‍.മണികണ്ഠന് എന്ന 19 വയസ്സുകാരന് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി കേരളത്തില്‍ നിന്നുള്ള ആദ്യ രക്തസാക്ഷി ആയി മാറുകയായിരുന്നു. 1990 ഒക്ടോബര്‍ 18-ന് കുളത്തുപ്പുഴയില്‍ നടന്ന പോലീസ് അതിക്രമവും ഭീകര അന്തരീക്ഷവും ഇന്നും മറക്കാതെ സ്മരിക്കുന്ന പലരും കുളത്തുപ്പുഴയില്‍ ജീവിക്കുന്നുണ്ട്. മണികണ്ഠനോടൊപ്പം വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കുപറ്റിയ മുരളീധരഗുരുക്കള്ക്ക് കൈ പൂര്‍ണമായും തകര്‍ന്നു, അനില്‍ എന്ന ജനഗേന്ദ്രകുമാറിന്റെ കൈയ്ക്കും, ബാബുവിന്റെ കാലിന്റെ തുടയിലും, മുരളീധരന്‍പിള്ളയുടെ വയറ്റിലും, മണിയന്‍പിള്ളയുടെ തോളിലുമാണ് (വെടിയുണ്ട ഇന്നും എടുത്തിട്ടില്ല) പോലീസ് വെടിവച്ചത്. തുടര്‍ന്ന് 10 വര്‍ഷക്കാലം നീതിക്കുവേണ്ടി ഇവര്‍ നിയമ പോരാട്ടം നടത്തി.
1990 ലെ രണ്ട് ഘട്ടമായി നടന്ന കര്‍സേവയില്‍ കൊല്ലം ജില്ലയില്‍ നിന്ന് വിഎച്ച്പിയുടെ അന്നത്തെ ജില്ലാ സെക്രട്ടറി ബി.പ്രശോഭിന്റെ നേതൃത്വത്തില്‍ 153 പേരാണ് കര്‍സേവയ്ക്ക്
അയോദ്ധ്യയില്‍ പോയത്. അവരുടെ മനസ്സിലെ മരിക്കാത്ത ഓര്‍മകള്‍ക്കും അന്നു നേരിട്ട പ്രയാസങ്ങള്‍ക്കും ശാശ്വത പരിഹാരവും ആനന്ദവും കണ്ടെത്തുകയാണ് 2024 ജനുവരി 22. കൊല്ലത്തു നിന്ന് അന്ന് കര്‍സേവയില്‍ പങ്കെടുത്തവരില്‍ ഇന്ന് ചിലര്‍ നമ്മളോടൊപ്പം ഇല്ല. എസ്. ഗോപാലകൃഷ്ണന്, എസ്. വീരമണി, കടപ്പാക്കട നാരായണപിള്ള, പാലത്തറ സി. അനില്‍കുമാര്‍, എസ്. വരദരാജു, മതിലില്‍ ദത്തന്, കൊച്ചുനട ബാബുക്കുട്ടന്, ശക്തികുളങ്ങര സുരേഷ്കുമാര്‍ എന്നിവര്‍ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും അവരുടെ ആത്മാക്കള്‍ സന്തോഷിക്കുന്നുണ്ടായിരിക്കും. കര്‍സേവയിലെ രണ്ടാമത്തെ ബാച്ചില്‍ അയോദ്ധ്യലേക്ക് പോകാനും കര്‍സേവയുടെ ഭാഗമാകാനുമുള്ള ഭാഗ്യം അന്ന് ഈ ലേഖകനും ലഭിച്ചിരുന്നു. ആ മരിക്കാത്ത ഓര്‍മകള്‍ മനസ്സില്‍ ഇന്നും സൂക്ഷിക്കുന്നു.
1992 ന് ശേഷവും നിയമയുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു, 2019 നവംബര്‍ 9-നാണ് ഭാരതത്തിന്റെ പരമോന്നത നീതിപീഠം രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള വിധി പ്രഖ്യാപിച്ചത്. 496 വര്‍ഷത്തെ ഭാരതത്തിലെ ഹിന്ദുവിന്റെ കാത്തിരിപ്പിന് 2024 ജനുവരി 22-ന് ഒരു അവസാനം ഉണ്ടാവുകയാണ്. ഗാന്ധിജിയുടെ രാമരാജ്യത്തില്‍ ശ്രീരാമചന്ദ്രന് തന്റെ ജന്മസ്ഥലമായ അയോദ്ധ്യയില്‍ ഒരു സുന്ദരമായ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന സുദിനം. ഹിന്ദുവിന്റെ ആത്മാഭിമാനം വാനോളം ഉയരുന്ന അസുലഭ നിമിഷത്തിന് സാക്ഷിയായി അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകളില്‍ ഭാഗമാകാന്‍ കേരള പ്രാന്തത്തിന്റെ പ്രമുഖായി ഈ ലേഖകനും അതില്‍ പങ്കാളിയാവുകയാണ്. ഈ അവസ്മരണീയമായ ചരിത്ര മുഹൂര്‍ത്തം നമ്മുടെ ജീവിതത്തിന്റെ വലിയൊരു ആത്മ സാക്ഷാത്കാരമായി ഭവിക്കട്ടെ.
(ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനും സദ്ഭാവന പ്രമുഖുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: