തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ രണ്ടു സന്ദര്‍ശനങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് നേതൃത്വങ്ങളെ ആശങ്കയിലാക്കുന്നു. 15 ദിവസത്തിനിടെ കേരളത്തില്‍ രണ്ടാംവട്ടമെത്തിയ മോദി നല്കുന്ന സന്ദേശം വ്യക്തം, കേരളത്തില്‍ രാഷ്ട്രീയ പരിവര്‍ത്തനം ലക്ഷ്യമിടുന്നു.
വികസനം, ദേശീയത എന്നിവ ആയുധമാക്കിയുള്ള നരേന്ദ്ര മോദിയുടെ ചടുല നീക്കങ്ങളെ നേരിടാനാകാതെ പതറുകയാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും. പത്തു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വികസനവും ദേശീയ മുന്നേറ്റവും ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രസംഗങ്ങള്‍.
ജനുവരി മൂന്നിന് വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വനിതാ സംഗമത്തിനെത്തിയ മോദി രാജ്യത്ത് ബിജെപിസര്‍ക്കാര്‍ നടപ്പാക്കിയ വനിതാ ശാക്തീകരണ-ക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ മറുപടിയില്ലാതെ ചാണക വെള്ള പ്രതിഷേധ സമരവുമായാണ് പ്രതിപക്ഷം നേരിട്ടത്. അതവര്‍ക്കു തന്നെ വിനയായി.
ഇക്കുറി ഗുരുവായൂരിലും തൃപ്രയാറിലുമെത്തിയ മോദി രാമക്ഷേത്രവും ദേശീയതയുമാണ് ജനങ്ങളുടെ മുന്നില്‍വച്ചത്. ഗുരുവായൂരില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മലയാളത്തിലെ താരനിരയ്ക്കു മുഴുവന്‍ അയോദ്ധ്യയില്‍ നിന്നുള്ള അക്ഷതം കൈമാറിയത് വലിയ സന്ദേശമായി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമ ക്ഷേത്രമായ തൃപ്രയാറെത്തി ഒരു മണിക്കൂറിലേറെ ചെലവഴിച്ചു. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ രാമന് കേരളത്തിനും എത്ര മാത്രം ആരാധ്യനാണെന്ന് ലോകത്തോടു വിളിച്ചുപറഞ്ഞു.
കൊച്ചിയില്‍ വന്‍വികസന പദ്ധതികള്‍ക്കു തുടക്കമിട്ടു. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്തുണ്ടായ മാറ്റങ്ങളെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും ഏറ്റുപറയേണ്ടിവന്നു.
ഇക്കുറിയും കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് മുന്നണികള്‍ മോദിയെ പ്രതിരോധിക്കുന്നതില്‍ നിസ്സഹായരായി. ചെറുത്തുനില്ക്കാന് ദുരാരോപണങ്ങളും നുണ പ്രചരണവും മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഗുരുവായൂരില്‍ വിവാഹങ്ങള്‍ മുഹൂര്‍ത്തം തെറ്റുന്നു, മുടങ്ങുന്നു എന്നെല്ലാമായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ ഈ പ്രചരണങ്ങളുടെ മുനയൊടിക്കാന്‍ മോദിക്കായി.
കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിദൗത്യം വിജയം കാണുമെന്ന് ഇരുമുന്നണികളും കണക്കുകൂട്ടുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടുന്ന വിജയം കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റത്തിനു കളമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: