ന്യൂദല്‍ഹി: ഭാരതത്തിന് സമീപത്തുകൂടി പോകുന്ന കപ്പലുകള്‍ക്ക് നേര്‍ക്കുണ്ടാവുന്ന ആക്രമണങ്ങള്‍ ഗൗരവമുള്ള വിഷയമായി രാജ്യം കാണുന്നതായി കേന്ദ്രമന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇറാനെ അറിയിച്ചു. ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമിറാബ്ദൊള്ളഹിയാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചരക്കു കപ്പലുകള്‍ക്ക് നേര്‍ക്ക് നടക്കുന്ന ഹൂത്തി വിമതരുടെ ഭീകരാക്രമണങ്ങള്‍ ജയശങ്കര്‍ ഉന്നയിച്ചത്. ഇറാന്റെ പിന്തുണയോടെയാണ് യെമനിലെ ഹൂത്തി വിമതര്‍ ആക്രമണങ്ങള്‍ തുടരുന്നത്.
പ്രശ്നത്തിന് വേഗത്തിലുള്ള പരിഹാരം കാണേണ്ടതുണ്ടെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ചരക്കുകപ്പല്‍ പാതയില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നത് ശരിയല്ല. ഭാരതത്തിന് സമീപത്ത് നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകള്‍ ശക്തമാക്കുന്നു. വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുകയാണ്. ഭാരതത്തിന്റെ ഊര്‍ജ്ജ, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് ഹൂത്തി വിമതരുടെ ആക്രമണങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.
ഗള്‍ഫ് കടലിടുക്കില്‍ യെമന്‍ തീരത്ത് യുഎസ് ഉടമസ്ഥതയിലുള്ള കപ്പലിന് നേര്‍ക്ക് ഹൂത്തികള്‍ മിസൈലാക്രമണം നടത്തിയതിന് പിറ്റേ ദിവസമാണ് ജയശങ്കറും ഇറാനിയന്‍ വിദേശകാര്യമന്ത്രിയും തമ്മില്‍ ടെഹ്റാനില്‍ പ്രത്യേക ചര്‍ച്ച നടത്തിയത്. ഹൂത്തി വിമതര്‍ക്കെതിരെ യുഎസും ബ്രിട്ടണും വ്യോമാക്രമണങ്ങളും തുടരുകയാണ്.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും വിദേശകാര്യമന്ത്രി കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പദ്ധതികളുടെ പുരോഗതി അടക്കം ജയശങ്കര്‍ ഇറാന് സന്ദര്‍ശനത്തില്‍ വിലയിരുത്തി. ഛബഹാര്‍ തുറമുഖത്തിന്റെ പുരോഗതിയും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: