തായ്വാനിലെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി അഥവാ ഡിപിപിക്ക് മൂന്നാമതും അധികാരം ലഭിക്കാനിടയാക്കിയിട്ടുള്ളത് കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ചൈനയെ വല്ലാതെ അമര്‍ഷംകൊള്ളിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഡിപിപി പരാജയപ്പെടുമെന്നും, തങ്ങളുടെ കളിപ്പാവയായ കെഎംടി പാര്‍ട്ടി അധികാരം പിടിക്കുമെന്നുമായിരുന്നു ചൈനയുടെ കണക്കുകൂട്ടല്‍. ഇത് പാടേ തെറ്റിക്കുന്നതാണ് ഡിപിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും, ചൈന സ്വന്തം ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള വില്യം ലായുടെ ഉജ്വല വിജയം. തായ്വാന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലായ്ക്ക് നാല്‍പ്പതു ശതമാനം വോട്ടു ലഭിച്ചത് ചൈനയെ അമ്പരിപ്പിച്ചിരിക്കുകയാണ്. ലോകത്തെ മുഴുവന്‍ ജനാധിപത്യ സമൂഹങ്ങളുടെയും വിജയമെന്നാണ് നിലവില്‍ തായ്വാന്റെ വൈസ് പ്രസിഡന്റായ ലായ് തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്. തായ്വാനെ ബലംപ്രയോഗിച്ചു ചൈനയോട് ചേര്‍ക്കുമെന്ന് ആ രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം നിരന്തരം ഭീഷണി മുഴക്കുന്നതിനിടെയാണ് ഇതിനെ എതിര്‍ക്കുന്ന പാര്‍ട്ടിക്കും നേതാവിനും വിജയം ലഭിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. മറ്റ് രാജ്യങ്ങളുടെ പ്രതിനിധികള്‍ തായ്വാന് സന്ദര്‍ശിക്കുന്നതിനെ ചൈന തുടര്‍ച്ചയായി എതിര്‍ക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തുപോരുകയാണ്. തങ്ങളെ അനുകൂലിക്കുന്ന പാര്‍ട്ടികളെ ജനാധിപത്യത്തിന്റെ മറ ഉപയോഗിച്ച് അധികാരത്തിലേറ്റാനാണ് ചൈനീസ് ഭരണകൂടം തായ്വാനില് ശ്രമിച്ചുപോരുന്നത്. ഇതിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം.
തയ്വാനിലെ തെരഞ്ഞെടുപ്പ് ഫലത്തെ ജനാധിപത്യത്തിന്റെ വിജയമായിക്കണ്ട് ലോകരാജ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങളും ചൈനയെ അരിശംകൊള്ളിക്കുകയാണ്. വോട്ടവകാശമുള്ളവരില്‍ എഴുപത്തിരണ്ട് ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ തങ്ങളെ എതിര്‍ക്കുന്ന പാര്‍ട്ടിക്ക് തുടര്‍ച്ചയായി മൂന്നാമതും അധികാരം ലഭിക്കുന്നതിനെ ഉള്‍ക്കൊള്ളാന്‍ ചൈനയ്ക്ക് കഴിയുന്നില്ല. തായ്വാനിലെ ജനാധിപത്യവ്യവസ്ഥിതിയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും കരുത്താണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നതെന്നു പറഞ്ഞുകൊണ്ടാണ് അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ വക്താവ് തായ്വാനിലെ ജനങ്ങളെയും ജനവിധിയെയും പ്രശംസിച്ചിരിക്കുന്നത്. അനൗദ്യോഗിക അമേരിക്കന്‍ പ്രതിനിധിസംഘം തായ്വാന് സന്ദര്‍ശിക്കാനിരിക്കെയാണ് അനുകൂലമായ ജനവിധി ആ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. തായ്വാനുമായി സാംസ്കാരികവും സാമ്പത്തികവുമായ ബന്ധം മാത്രമേ സ്ഥാപിക്കൂവെന്ന അമേരിക്കന്‍ നിലപാടിന് വിരുദ്ധമാണ് ഡിപിപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണങ്ങളെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കി കഴിഞ്ഞു. തായ്വാന്റെ ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതികരിച്ച ഇംഗ്ലണ്ടിനെയും ചൈന വിമര്‍ശിക്കുകയാണ്. തെറ്റായ കാര്യമാണ് ഇംഗ്ലണ്ട് ചെയ്യുന്നതെന്നും, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന തരത്തിലുള്ള വാക്കുകളില്‍നിന്നും പ്രവൃത്തികളില്‍നിന്നും വിട്ടുനില്‍ക്കണമെന്നുമാണ് ചൈനീസ് എംബസി പറഞ്ഞിരിക്കുന്നത്. നിര്‍ണായക പങ്കാളിയും പ്രധാന സുഹൃത്തുമെന്ന് വിശേഷിപ്പിച്ചുകൊണ്ട് തായ്വാനിലെ ഡിപിപി വിജയത്തെ ജപ്പാന് പ്രശംസിച്ചതും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഗുരുതര ഇടപെടലായാണ് ചൈന കാണുന്നത്.
അയല്‍രാജ്യങ്ങളെ വരുതിയില്‍ നിര്‍ത്തി സ്വന്തം ആധിപത്യം അടിച്ചേല്‍പ്പിക്കുകയെന്നതാണ് ചൈനയുടെ നയം. ഇതിന് വഴങ്ങാത്തവരെ പലവിധത്തില്‍ ദ്രോഹിക്കുകയും ചെയ്യും. ഭാരതത്തിന്റെ അയല്‍ രാജ്യങ്ങളെ സ്വാധീനിച്ച് പ്രശ്നങ്ങളുണ്ടാക്കുകയെന്നതും ചൈനയുടെ വിദേശനയത്തിന്റെ ഭാഗമാണല്ലോ. പാകിസ്ഥാന്, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളില്‍ ചൈന ദുഷ്ടലാക്കോടെ ഇടപെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന്റെ പേരില്‍ മാലദ്വീപിലെ ഭരണാധികാരികള്‍ അടുത്തിടെ നടത്തിയ പ്രകോപനപരമായ പ്രസ്താവനയ്ക്കു പിന്നില്‍പ്പോലും ചൈനയാണ്. ഈ സാഹചര്യത്തിലാണ് തായ്വാനിലെ ജനത ചൈനയ്ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. ഖനിത്തൊഴിലാളിയുടെ മകനായി ജനിക്കുകയും, പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടി ഡോക്ടറാവുകയും, അതിനുശേഷം ജനസേവനത്തിനുള്ള മാര്‍ഗമെന്ന നിലയ്ക്ക് രാഷ്ട്രീയരംഗത്ത് പ്രവേശിക്കുകയും ചെയ്തയാണ് വില്യം ലായ്. ‘കുഴപ്പക്കാരനായ’ വില്യമിനെ എന്നും ശത്രുപക്ഷത്തു കണ്ടിരുന്ന ചൈന ഈ നേതാവ് തെരഞ്ഞെടുപ്പില്‍ ജയിച്ചുവരാതിരിക്കാന്‍ എല്ലാ കുതന്ത്രങ്ങളും പയറ്റി. ഇതിനെയൊക്കെ അതിജീവിച്ച് വിജയിക്കാന്‍ കഴിഞ്ഞത് ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്. ഇതിന്റെ പകവീട്ടാന്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കാതിരിക്കില്ല. പക്ഷേ ലോകത്തിനു മുന്നില്‍ പുതിയ വല്യേട്ടന് ചമയുന്ന ചൈനയ്ക്ക് കുഞ്ഞുരാജ്യമായ തായ്വാന് നല്‍കിയത് ശക്തമായ തിരിച്ചടിയാണ്. അമേരിക്കയ്ക്ക് വിയറ്റ്നാം എന്നപോലെയാവും ഭാവിയില്‍ ചൈനയ്ക്ക് തായ്വാന്. ജനാധിപത്യത്തിന്റെ വിജയം അത് എത്ര ചെറുതായാലും സ്വേച്ഛാധിപത്യത്തിനുള്ള മറുപടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: