അമ്പലപ്പുഴ: ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്റെ കുടുംബത്തിന്റെ മുഴുവന്‍ കടവും സുരേഷ് ഗോപി വീട്ടി. സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം കുടുംബത്തിന്റെ വായ്പാതുക സര്‍ക്കാര്‍ എഴുതിത്തള്ളി. മൂന്നു വര്‍ഷമായി പണയപ്പെടുത്തിയിരുന്ന ആധാരം കുടുംബത്തിന് തിരികെ ലഭിച്ചു. തകഴി കുന്നുമ്മ കാട്ടില്‍ പറമ്പില്‍ പരേതനായ പ്രസാദിന്റെ ഭാര്യ ഓമന 2021 ഏപ്രില്‍ 29ന് പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ പണയപ്പെടുത്തിയ ആധാരമാണ് തിങ്കളാഴ്ച ലഭിച്ചത്.
സ്വയം തൊഴില്‍ വായ്പയായി 60,000 രൂപയാണ് ഓമന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്തത്. ഇതില്‍ 15,000 രൂപയോളം തിരികെയടച്ചിരുന്നു.11 മാസക്കാലമായി തിരിച്ചടവ് മുടങ്ങിയിരുന്നു. ബാക്കി തുക കുടിശ്ശികയായതിന്റെ പേരില്‍ ഒരാഴ്ച മുന്‍പ് ഇവര്‍ക്ക് ജപ്തി നോട്ടീസ് വന്നിരുന്നു. കുടിശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്പ്പറേഷന് ജില്ലാ ഓഫീസില്‍ നിന്ന് ഓമനക്ക് ലഭിച്ച നോട്ടീസില്‍ പറഞ്ഞിരുന്നത്. ഈ തുക പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുംബൈ മലയാളി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി പ്രസാദിന്റെ കുടുംബത്തിന് നല്‍കിയിരുന്നു.
തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം ഈ കുടുംബത്തിന്റെ മുഴുവന്‍ കടബാധ്യതയായ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ സുരേഷ് ഗോപി ഓമനയുടെ അക്കൗണ്ടിലേക്ക് കൈമാറി. തുടര്‍ന്ന് പണമടച്ച് ആധാരമെടുക്കാനായി പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ എത്തിയെങ്കിലും ഓമനയുടെ കട ബാധ്യത എഴുതിത്തള്ളിയതായാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഭാരതീയ കിസാന്‍ സംഘ്, ബിജെപി നേതാക്കളും ഓഫീസിന് മുന്നില്‍ പ്രക്ഷോഭവുമായി എത്തിയതോടെ മന്ത്രി കെ. രാധാകൃഷ്ണനുമായി സുരേഷ് ഗോപി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ തുകയും എഴുതിത്തള്ളിയതെന്ന് ഓമന പറഞ്ഞു. ഇന്നലെ വൈകിട്ട് കോര്പ്പറേഷന് ജില്ലാ മാനേജര്‍ വീട്ടിലെത്തി ഓമനക്ക് ആധാരം കൈമാറി. 2023 നവംബര്‍ 11നാണ് നെല്ല് വില യഥാസമയം ലഭിക്കാതെ പിആര്‍എസ് വായ്പ കെണിയല്‍പ്പെട്ട് പ്രസാദ് ജീവനൊടുക്കിയത്. പാട്ടത്തിനെടുത്ത മൂന്നര ഏക്കറില്‍ വളമിടാന്‍ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രസാദ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: