പത്തനംതിട്ട: അയ്യപ്പ ഭക്തരെ പമ്പയിലേക്ക് കടത്തി വിടുന്നത് താത്കാലികമായി തടഞ്ഞു. ഭക്തർ നിലയ്ക്കലിൽ തന്നെ തുടരണമെന്ന് പോലീസ് വ്യക്തമാക്കി. പമ്പയിലെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്.
സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിൽ പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് രണ്ട് വരെ മാത്രമെ ഭക്തരെ കടത്തി വിടുകയുള്ളൂ. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ സന്നിധാനത്തെത്തും. ഇതിന് ശേഷം ദീപാരാധനയും പൊന്നമ്പലമേട്ടിൽ വിളക്കും തെളിയും. മകരജ്യോതി ദർശനത്തിന് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും വൻ ഭക്തജനപ്രവാഹമാണുള്ളത്.
അയ്യപ്പ ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. മകരവിളക്ക് കണ്ടതിന് ശേഷം സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ല. ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിന് വേണ്ടി സന്നിധാനത്ത് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മകരജ്യോതി ദർശിക്കുന്നതിന് 10 വ്യൂ പോയിന്റുകളാണ് ഉള്ളത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: