ശബരിമല: മണ്ണിലും വിണ്ണിലും ഇന്ന് മകര സംക്രമസന്ധ്യയുടെ പുണ്യം. മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പൂങ്കാവനം ഭക്തരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണ്. സന്നിധാനവും പരിസര പ്രദേശങ്ങളിലും തീര്‍ത്ഥാടക ലക്ഷങ്ങള്‍ തമ്പടിച്ചതോടെ വനത്തിനുള്ളില്‍ പോലും ഭക്തര്‍ പര്‍ണ്ണശാലകള്‍ കെട്ടി പൊന്നമ്പലമേട്ടിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ശരണമന്ത്ര മുഖരിതമായ സന്നിധാനത്ത് മകരവിളക്കിന്റെ ഭാഗമായുള്ള ബിംബശുദ്ധിക്രിയകള്‍ ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം നടന്നു.
മകരവിളക്ക് ദിനമായ ഇന്ന് പുലര്‍ച്ചെ രണ്ടിന് തിരുനട തുറക്കും. 2.46ന് മകരസംക്രമ പൂജ. ഇതിന് ശേഷം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന മുദ്രയിലെ നെയ്യ് ഉപയോഗിച്ച് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടല്‍ ചടങ്ങ് നടക്കും. 5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വ്വം സ്വീകരിക്കും. 6.15ന് കൊടിമര ചുവട്ടില്‍ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മെമ്പര്‍മാരായ അഡ്വ. എ. അജികുമാര്‍, ജി. സുന്ദരേശന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
തുടര്‍ന്ന് ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന തിരുവാഭരണം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയും ചേര്‍ന്ന് സ്വീകരിക്കും. 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. വൈകിട്ട് മണിമണ്ഡപത്തില്‍ കളമെഴുത്ത് ആരംഭിക്കും. തുടര്‍ന്ന് 18 വരെ മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18 വരെ ഭക്തര്‍ക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദര്‍ശിക്കാം. 19 വരെ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. 19ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും.
20ന് രാത്രി 10ന് മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ ഗുരുതി നടക്കും. 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീ കോവില്‍ നടയടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: