വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്ഡെന് വിവാഹിതയായി. തന്റെ ദീര്‍ഘകാല പങ്കാളി ക്ലാര്‍ക്ക് ഗെയ് ഫോര്‍ഡിനെയാണ് വിവാഹം കഴിച്ചത്. രണ്ട് വര്‍ഷം മുമ്പ് വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്വന്തം വിവാഹം തന്നെ മാറ്റിവെച്ച് ജസീന്ത ജനങ്ങള്‍ക്കെല്ലാം മാതൃകയാവുകയായിരുന്നു.
ജസീന്ത ആര്ഡെനിനും ക്ലാര്‍ക്ക് ഗെയ് ഫോര്‍ഡിനും ഒരു മകളുണ്ട്്. പ്രധാനമന്ത്രി പദത്തിലിരിക്കേയാണ് അവര്‍ അമ്മയായത്. തലസ്ഥാനമായ വെല്ലിംഗ്ടണില്‍ നിന്ന് ഏകദേശം 310 കിലോമീറ്റര്‍ വടക്കായി നോര്‍ത്ത് ഐലന്‍ഡിന്റെ കിഴക്കന്‍ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചടങ്ങുകളിലും ചില പ്രത്യേകതകളുണ്ട്. അടുത്ത സുഹൃത്തായ ഡിസൈനര്‍ ജൂലിയറ്റ് ഹൊഗന് ചെയ്ത ഐവറി കളര്‍ വസ്ത്രമാണ് ജസീന്ത ധരിച്ചത്.
വിവാഹ ദിനം ധരിച്ച ഷൂസ് മൗണ്ട് മൗംഗനൂയി ഡിസൈനര്‍ ചാവോസ് ആന്‍ഡ് ഹാര്‍മണിയില്‍ നിന്നുള്ളതാണെന്ന് ന്യൂസിലാന്‍ഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, വാഹത്തില്‍ മകള്‍ നീവിന്റ സാന്നിധ്യവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അച്ഛനോടൊപ്പം മുത്തശ്ശി ലോറല്‍ ആര്‍ഡെന്റെ വിവാഹ വസ്ത്രത്തിന്റെ തുണികൊണ്ട് നിര്‍മിച്ച വസ്ത്രം അണിഞ്ഞാണ് ചടങ്ങിനെത്തിയത്. 43കാരിയായ ജസീന്തയും 47കാരനായ ഗെയ്ഫോര്‍ഡിന്റെയും വിവാഹ നിശ്ചയം 2019 മേയിലാണ് നടന്നത്. 2022ല്‍ നടത്താന്‍ തീരുമാനിച്ച വിവാഹമാണ് ഇപ്പോള്‍ ചെറിയ ചടങ്ങളുകളോടെ നടത്തിയത്. വിവാഹത്തിന് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
‘ജീവിതം അങ്ങനെയാണ്. കൊവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ന്യൂസിലാന്റുകാരില്‍ നിന്ന് ഞാന്‍ വ്യത്യസ്തയല്ല. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ക്ക് ഗുരുതരമായ രോഗം വരുമ്പോള്‍ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതാണ് ഏറ്റവും വലിയ വേദന. ഞാന്‍ അവരുടെ വേദനയില്‍ പങ്കുചേരുകയാണ്.’- എന്നായിരുന്നു ഇരുവരുടേയും വിവാഹം മാറ്റിവെച്ചപ്പോള്‍ ജസീന്ത പറഞ്ഞത്.
പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്കുന്ന ആദ്യ ലോകനേതാവായിരുന്നു ജസീന്ത. ആറ് ആഴ്ചത്തെ പ്രസവാവധിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച ജസീന്ത യുഎന്‍ സമ്മേളനത്തില്‍ കൈക്കുഞ്ഞുമായി പങ്കെടുത്തത് ചരിത്രമായിരുന്നു. കുഞ്ഞിന് യുഎന്നിന്റെ ഐഡി കാര്‍ഡ് പോലുമുണ്ടായിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകനേതാക്കള്‍ക്ക് മാതൃകയായ രാജ്യമാണ് ന്യൂസിലന്‍ഡ്.
കഴിഞ്ഞ വര്‍ഷമാണ് ജസീന്ത സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു രാജി പ്രഖ്യാപനം. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പദം രാജിവെച്ചിറങ്ങേണ്ടി വന്നതില്‍ തെല്ലും പശ്ചാത്താപമില്ല എന്ന് ജസീന്ത ആര്ഡെന് നേരത്തെ പറഞ്ഞിരുന്നു. ‘ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ രാത്രി സുഖമായി ഉറങ്ങി’ എന്നുമായിരുന്നു ആര്‍ഡെന്റെ പ്രതികരണം. ഒരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജം ഇല്ലെന്ന് പറഞ്ഞ് രാജി അറിയിക്കുകയായിരുന്നു അവര്‍. കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കേ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താത്പ്പര്യമെന്നും അറിയിച്ചുകൊണ്ടാണ് അവര്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: