ഒരു കാലത്ത് കേരളത്തിലെ സ്വര്‍ണഖനിയായിരുന്നു കൊടുവള്ളി. സംസ്ഥാനത്തെ സ്വര്‍ണക്കടകളില്‍ പ്രമുഖസ്ഥാനമുണ്ടായിരുന്നു കൊടുവള്ളിക്ക്. ചെറുതും വലുതുമായി നൂറുകണക്കിന് ജ്വല്ലറികള്‍ യുവാക്കളില്‍ സമ്പനാകാനുള്ള സ്വപ്നം നെയ്തു. അതിനപ്പുറം ചരിത്രത്തോളം നീളുന്ന വലിയ സ്വപ്‌നങ്ങളൊന്നും ആ ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥയും സാമ്പത്തികാവസ്ഥയും എല്ലാം അതിനു കാരണമായിരുന്നു. എന്നാല്‍ കരിങ്കമണ്ണ് കുഴിയില്‍ മുഹമ്മദ് എന്ന കെ.കെ.മുഹമ്മദിന്റെ സ്വപ്നം ഭാരതത്തിന്റെ സമ്പന്നമായ ചരിത്രത്തില്‍ ജീവിതം കൊണ്ട് അടയാളപ്പെടുത്തുക എന്നതായിരുന്നു. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആ ചിന്തയ്‌ക്ക് ചിന്തേരിടുന്നത്. കൊടുവള്ളി വായനശാലയില്‍ നിന്നു കണ്ടെത്തിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍, വിശ്വചരിത്രസംഗ്രഹം രാഹുല്‍ സാംകൃത്യായന്‍ രചിച്ച വിശ്വദര്‍ശനങ്ങളും മനസിനെ വായനയുടെ വിശാലലോകത്തേക്ക് നയിച്ചു.
സ്വര്‍ണ്ണ ഭൂമിയില്‍ സ്വപ്നഭൂമിയിലേക്ക്
പത്താംക്ലാസ് കഴിഞ്ഞതോടെ ചരിത്രംതേടിയുള്ള പ്രയാണത്തിന് മനസ്സൊരുങ്ങി. താജ്മഹലിനും കുത്തബ്മിനാറിനും ഇടയിലുള്ള അലിഗഡില്‍ എത്തിപ്പെടുന്നത് അങ്ങനെയാണ്. കൊടുവള്ളിയില്‍ നിന്നും അലിഗറിലേക്കുള്ള മുഹമ്മദിന്റെ യാത്ര വിജ്ഞാനദാഹിയായ ഒരു ഭിക്ഷാദേംഹിയുടെ അറിവിന്റെ പാഥേയം തേടിയുള്ള യാത്രയായിരുന്നു. ഒരു നാട്ടുമ്പുറത്തുകാരന്‍ ലോറിത്തൊഴിലാളിയുടെ മകന് ചരിത്രത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ നിയുക്തമായ യാത്ര. ചരിത്രസ്ഥലികളില്‍ അലഞ്ഞൊടുങ്ങാനുള്ള അഭിനിവേശമായിരുന്നു ആ വിദ്യാര്‍ത്ഥിയയുടെ കൈമുതല്‍.
ചെന്നുകയറിയത് ഇര്‍ഫാന്‍ ഹബീബിന്റെ മടയില്‍
ആറാംതമ്പുരാനിലെ ഡയലോഗിനെ അനുസ്മരിക്കുമാറ് ചരിത്രം പഠിക്കാനുള്ള അതിമോഹവുമായി ചെന്നുകയറിയത് ഇടതുചരിത്രകാരന്‍മാരുടെ മടയില്‍. ഇര്‍ഫാന്‍ ഹബീബ് എന്ന രാജ്യം കണ്ട ഇടതുകൊടുംചരിത്രകാരന്‍ വിരാജിക്കുന്ന അലിഗറില്‍. ഇടതുപരിപ്രേക്ഷ്യത്തില്‍ ഇര്‍ഫാന്‍ ഹബീബ് വിളമ്പിക്കൊടുക്കുന്ന ചരിത്രത്തിലെ ഉച്ഛിഷ്ടത്തിനായി ഓച്ഛാനിച്ചു നില്‍ക്കുന്ന ചരിത്രകാരന്‍മാരുടെ കൂത്തരങ്ങായിരുന്നു അക്കാലത്ത് അലിഗര്‍ എന്നാണ് കെ.കെ.മുഹമ്മദ് ഓര്‍ക്കുന്നത്. ബിഎ ഹിസ്റ്ററി അധ്യാപകനായിരുന്ന ഇര്‍ഫാന്‍ ഹബീബിന്റെ ക്ലാസില്‍ നിന്ന് ഒരധ്യാപകനെന്ന നിലയില്‍ താന്‍ ഒന്നും നേടിയില്ലെന്ന് മുഹമ്മദ് പറഞ്ഞു. എംഎയ്‌ക്ക് നന്നായി പഠിക്കുമായിരുന്ന രണ്ടുവിദ്യാര്‍ത്ഥികളില്‍ ഒരാള്‍ താനായിരുന്നുവെങ്കിലും അധ്യാപകനെന്ന നിലയില്‍ വലിയ മതിപ്പില്ലായിരുന്നു. ഇര്‍ഫാന്‍ ഹബീബിനെ ചുറ്റി ഒരുവലിയ ഗാംങ് ആണ് അലിഗഢിനെ ഭരിച്ചത്. ഇര്‍ഫാന്‍ ഹബീബിനെ പിണക്കി അലിഗറില്‍ ഒന്നും നേടാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞവര്‍ ആ ഗാംങ്ങില്‍ ചേര്‍ന്നു.
വളഞ്ഞുകൂര്‍ത്ത പുരികക്കൊടിയില്‍ ക്രൗര്യം മുറ്റി നിന്ന ഇര്‍ഫാന്‍ ഹബീബ്, മുഹമ്മദില്‍ ഒരു ശത്രുവിനെ കണ്ടു. മുഹമ്മദിന് അര്‍ഹമായ ഗവേഷണത്തിന് അഡ്മിഷന്‍ കൊടുത്തില്ല. സ്‌കോളര്‍ഷിപ്പും അനുവദിച്ചില്ല. ഇര്‍ഫാന്‍ ഹബീബുമായുള്ള ശീതസമരം കൊടുമ്പിരി കൊണ്ടു. അതേ കാലത്താണ് ആര്‍ക്കിയോളജി കോഴ്സിന് അപേക്ഷക്ഷണിച്ചത്. തമ്പുരാനെ എന്നുവിളിച്ച അതെ നാവുകൊണ്ട് തെറിവാക്കുവിളിക്കേണ്ടി ജഗനാഥന്റെ അതെ മനസ്സോടെ അലിഗഢില്‍ നിന്നു പടിയിറങ്ങിയ അദ്ദേഹം പിന്നീട് ഡല്‍ഹി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സ്‌കൂള്‍ ഓഫ് ആര്‍ക്കിയോളജിയില്‍ ചേര്‍ന്നു. മികച്ച രീതിയില്‍ പഠനം പൂര്‍ത്തിയാക്കി.
ചരിത്രം വഴിമാറുന്നു, വഴി മുടക്കിയത് തിരിച്ചുപിടിക്കാന്‍
സ്‌കൂള്‍ ഓഫ് ആര്‍ക്കിയോളജിയില്‍ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് അയോധ്യയിലെ ആദ്യ ഉദ്ഖനനം നടക്കുന്നത്. 1976-77 കാലഘട്ടത്തിലാണ് അയോധ്യയില്‍ പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തില്‍ ആദ്യ ഉദ്ഖനനം നടക്കുന്നത്. പുരാവസ്തു ഗവേഷകന്‍ ബിബി ലാലിന്റെ നേതൃത്വത്തില്‍ തികച്ചും അക്കാദമിക് ലക്ഷ്യത്തോടെ നടത്തിയ ഉദ്ഖനനത്തില്‍ ക്ഷേത്രത്തിന്റെതായ ഒട്ടേറെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അന്ന് തങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ 12 തൂണുകള്‍ കണ്ടെത്താനായി. ഒട്ടേറെ വിഗ്രഹങ്ങളും മറ്റും കണ്ടെത്തിയെങ്കിലും അതൊന്നും പുറംലോകമറിഞ്ഞിരുന്നില്ല. 1978ല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി കഴിഞ്ഞ് തിരികെ അലിഗഢ് മുസ്ലീംയൂണിവേഴ്സിറ്റിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായി ചേര്‍ന്നു. പിന്നീട് അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റായും നിയമനം ലഭിച്ചു.
ഇര്‍ഫാന്‍ വീണ്ടും ഫണംചീറ്റിയെത്തുന്നു
ഈ കാലയളവിലാണ് ഇര്‍ഫാന്‍ ഹബീബിന് മുഹമ്മദിനോടുള്ള അനിഷ്ടം ഫണം വിരിച്ചാടുന്നത്. അക്ബറിന്റെ ദിന്‍ഇലാഹി മതത്തിന്റെ ഉല്‍ഭവസ്ഥാനമായ ഇബാദത് ഖാനയുടെ പ്രഭവകേന്ദ്രം കണ്ടെത്തിയ ഉദ്ഖനനത്തെ അവമതിക്കുകയായിരുന്നു. പിന്നീട് മുഹമ്മദ് കണ്ടെത്തിയ ആ ചരിത്രസ്ഥലം ഇര്‍ഫാന്‍ ഹബീബിന് സമ്മതിക്കേണ്ടി വന്നു.
എന്നും അസ്വസ്ഥതകള്‍ പടര്‍ന്നു കത്തിയ ഹബീബ് അയോധ്യയിലെ ആദ്യഖനനത്തിനെതിരെ തിരഞ്ഞു. ഉദ്ഖനനത്തില്‍ കണ്ടെത്തിയത് ക്ഷേത്രമല്ലെന്ന വാദമുയര്‍ത്തി.
തങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്തവരില്‍ ഹിന്ദുനാമധാരികളെ ആര്‍എസ്എസും മുസീംനാമധാരികളെ ജമാഅത്തെ ഇസ്ലാമിയുമാക്കി തരാതരംമാറ്റിനിര്‍ത്തി. ഇവരില്‍ ആരെങ്കിലും ഒപ്പംചേര്‍ന്നാല്‍ അവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്യുമെന്നുമാത്രമല്ല, അന്നുമുതല്‍ നിഷ്പക്ഷനും ആയിത്തീരും. ഈ ഇടതുഗാംങ് പുരാവസ്തു ഉദ്ഖനനത്തില്‍ ബിബി ലാലിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത് ക്ഷേത്രാവശിഷ്ടങ്ങള്‍ അല്ലെന്ന് വ്യക്തമാക്കി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് യഥാര്‍ത്ഥത്തില്‍ അയോധ്യ വിഷയം വിവാദമാകുന്നത്. ബിബി ലാല്‍ ഇതിന് വസ്തുനിഷ്ഠമായി മറുപടി നല്‍കി.
ചാരത്തില്‍ തീക്കാറ്റുയരുന്നു
ചാരംമൂടിക്കിടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കല്‍ പുറത്തുവരും. അതിന് ചിലര്‍ കാരണമാകും. അയോധ്യ ഹിന്ദു സമൂഹത്തിന് തിരിച്ചു കിട്ടിയതിന് ഒരര്‍ത്ഥത്തില്‍ നന്ദിപറയേണ്ടത് ഇര്‍ഫാന്‍ ഹബീബീനോടാണ്. അയോധ്യവിവാദമാക്കിയത് അദ്ദേഹമാണ്. അവിടെ ക്ഷേത്രമില്ലായിരുന്നുവെന്നാണ് പലകുറി ഹബീബ് പറഞ്ഞത്. ബിബി ലാല്‍ പുറത്തുവിടാതിരുന്ന ആ സത്യം പുരാവസ്തു വിദഗ്ധരുടെ വായില്‍ കോലിട്ട് ഇളക്കി പുറത്തുചാടിച്ചത് ഇര്‍ഫാന്‍ ഹബീബായിരുന്നു. അതെ തുടര്‍ന്ന് ബിബി ലാല്‍ ആ സത്യം പുറത്തുവിട്ടു. അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നു. അതിന്റെ അവശിഷ്ടത്തിലാണ് പളളി പണിതത്. ചരിത്രത്തിന്റെ പുകമറയില്‍ ഇര്‍ഫാന്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചത്, പുരാരേഖകളുടെ ബലത്തില്‍ ലാല്‍ തെളിവു നല്‍കി. 1990 ലായിരുന്നു അതിന് കാരണമായ സംഭവം. അന്ന് കെ.കെ. മുഹമ്മദ് ഡെപ്യൂട്ടി സുപ്പീരിയന്റ് ഓഫ് ആര്‍ക്കിയോളജിസ്റ്റായി മദ്രാസില്‍ ജോലി ചെയ്യുന്നു. അദ്ദേഹം ബിബി ലാലിനെ പിന്തുണച്ച് രംഗത്ത് എത്തി. ‘ക്ഷേത്രത്തിനു മുകളിലാണ് പളളി പണിതത്’ മുഹമ്മദ് അസന്നിഗ്ധമായി വ്യക്തമാക്കി. ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെട്ട ഇടതുചരിത്രസംഘം അത് കേട്ട് ഞെട്ടി. പറഞ്ഞത് പുരാവസ്തു വിദഗ്ധനും അന്നത്തെ സംഘത്തിലെ ഏകമുസ്ലീമുമായ മുഹമ്മദാണ്. ഇടിവെട്ടേറ്റ അവസ്ഥയായിരുന്നു ആ ഗാങ്ങിന് എന്ന് മുഹമ്മദ് വ്യക്തമാക്കി.
സ്വധര്‍മം ചെയ്യാന്‍ മരണം പോലും തടസ്സമല്ല
ഒരു ഉള്‍വിളിയിലാണ് താന്‍ ആ സത്യം പറഞ്ഞത്. ഒരു മുസല്‍മാനായ ഞാന്‍ തന്നെയാണ് അത് പറയേണ്ടത് എന്ന ആത്മബോധത്തോടെ തന്നെയാണ് അന്നത് പറഞ്ഞതെന്ന് മുഹമ്മദ് തുറന്നടിച്ചു. വരുംവരായ്കകള്‍ ഓര്‍ത്തില്ല. പ്രൊബേഷന്‍ പീരയഡ് ആയിരുന്നു. ജോലി നഷ്ടപ്പെടാം. ഭാരതത്തിന്റെ വീരപുത്രന് പക്ഷെ വലുത് രാഷ്‌ട്രമായിരുന്നു. കമ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ക്ക് കിട്ടിയ വായടപ്പന്‍ മറുപടി ആയിരുന്നു അത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആര്‍.സി. ത്രിപാഠി സസ്പന്‍ഷന്‍ ഭീഷണി മുഴക്കി. സ്വധര്‍മേ നിദനം ശ്രേയ എന്ന ശ്ലോകമായിരുന്നു അതിന് മുഹമ്മദ് നല്‍കിയ മറുപടി. സ്വധര്‍മ്മം നിര്‍വ്വഹിക്കാന്‍ എന്തും ചെയ്യുമെന്ന സംസ്‌കൃത ശ്ലോകത്തില്‍ ഇങ്ങനെ മറുപടി നല്‍കിയത് അയാളെ പ്രകോപിപ്പിച്ചു. സ്വധര്‍മം അനുഷ്ഠിക്കാന്‍ മരണം പോലും തടസ്സമല്ലെന്ന് ആവര്‍ത്തിച്ചതോടെ യുവാവിന്റെ നിശ്ചയധാര്‍ഢ്യത്തിനു മുമ്പില്‍ ത്രിപാഠി പത്തി പടക്കി. സ്ഥലം മാറ്റത്തില്‍ പ്രശ്നം പരിഹരിച്ചു.
വിവാദം കനക്കുന്നു: രണ്ടാംഖനനം 2003 ല്‍
എന്നാല്‍ അവര്‍ വിവാദമാക്കിയതുകൊണ്ട് ഉപകാരമുണ്ടായി. പ്രശ്നപരിഹാരത്തിന് ഗതിവേഗം കൂടി. വിവാദത്തെ തുടര്‍ന്ന് ഹിന്ദുസംഘടനകളുടെ ഇടപെടലില്‍ കേസ് പുരോഗമിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം 2003 ല്‍ രണ്ടാംഉദ്ഖനനം നടന്നു. ആ ഉദ്ഖനനത്തില്‍ അന്നത്തെ സംഘത്തിന് 50 തൂണുകളും അവയുടെ അടിത്തറയും കണ്ടെത്താനായി.ഗംഗാനദിയെ പ്രതിനിധീകരിച്ച് അഭിഷേകജലം ഒഴുകുന്ന മുതലമുഖമുള്ള പ്രണാളരൂപവും സ്ത്രീരൂപമുള്ളതുള്‍പ്പെടെ ചെറുതും വലുതുമായ ഒട്ടേറെ വിഗ്രഹങ്ങള്‍, ക്ഷേത്രാവശിഷ്ടങ്ങള്‍ എന്നിവ ഉദ്ഖനനത്തില്‍ കണ്ടെത്തി. ആദ്യത്തേതിനേക്കാള്‍ ക്ഷേത്രത്തിന്റെ സാധ്യതഉള്‍ക്കൊളളുന്ന തെളിവുകള്‍ ഏറെ ലഭിച്ചു. അയോധ്യയില്‍ ക്ഷേത്രാവശിഷ്ടമുണ്ടായിരുന്നുവെന്ന് ബിബി ലാലിനെ പിന്തുണച്ച് 1990 ല്‍ രംഗത്ത് എത്തിയ മുഹമ്മദിന് മതവര്‍ഗീയവാദികളുടെ ഭീഷണിയുണ്ടായിരുന്നു. സുപ്രീംകോടതിയുടെ അനുകൂലവിധി വന്നതോടെ ഭീഷണി വധഭീഷണിയായി ഉയര്‍ന്നു.
അയോധ്യ, കാശി, മഥുര മുസ്ലീങ്ങള്‍ക്ക് മക്ക മദീന പോലെ പുണ്യം
അയോധ്യമാത്രമല്ല കാശിയും മഥുരയും മുസ്ലീങ്ങള്‍ സ്വമനസാലെ വിട്ടുകൊടുക്കണെമെന്ന ഉറച്ച നിലപാടിലാണ് മുഹമ്മദ്. മക്ക,മദീന പോലെ ഹിന്ദുക്കളുടെ പുണ്യകേന്ദ്രമാണ് ഈ ക്ഷേത്രങ്ങള്‍. അവര്‍ക്ക് അത് സ്വമനസ്സാലെ വിട്ടുകൊടുക്കണം.
അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം ഹിന്ദുക്കള്‍ക്ക് സാന്ത്വനസ്പര്‍ശമാകുമെന്നും കെ.കെ. മുഹമ്മദ് പറഞ്ഞു. കാശിയും മധുരയും സ്വമനസാലെ മുസ്ലീങ്ങള്‍ വിട്ടുകൊടുത്താല്‍ ഉത്തരേന്ത്യയില്‍ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പിന്നാക്കാവസ്ഥ ഉള്‍പ്പെടെ എല്ലാപ്രശ്നങ്ങളും പരിഹരിക്കാന്‍ ഹൈന്ദവസമൂഹം മുന്‍പന്തിയില്‍ ഉണ്ടാവുമെന്നും മുസ്ലീംസമൂഹം ഇതൊരുസുവര്‍ണാവസരമായി കാണണമെന്നുമാണ് മുഹമ്മദിന്റെ അഭിപ്രായം. മക്കയും മദീനയും എന്ന പോലെ പുണ്യമാണ് അയോധ്യയും കാശിയും മഥുരയും. രാമന്‍ ഭാരതത്തിന്റെ മാത്രമല്ല ഏഷ്യാവന്‍കരയുടെ മര്യാദാപുരുഷനാണ്. രാമായണം വന്‍കരയിലെ ഏകീകൃതശക്തിയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ലോകത്തിന് മാതൃകയാവുമ്പോള്‍ ഇത്തരം തര്‍ക്കങ്ങള്‍ ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നും രാജ്യത്തിന്റെ പുരോഗതിയില്‍ ഭാരതീയര്‍ ഒറ്റമനസാവണമെന്നും മുഹമ്മദ് പറഞ്ഞു.
ഗോവയില്‍ പോര്‍ട്ടുഗീസുകാര്‍ ഭാരതീയരോട് ക്രൂരതകാട്ടിയിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് തങ്ങളുടെ മുന്‍ഗാമികളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ പോര്‍്ട്ടുഗീസുകാര്‍ തയ്യാറായില്ല. ബ്രിട്ടീഷുകാരും ഈ പാതപിന്‍തുടര്‍ന്നു. മുഗളന്‍മാരുടെ ചെയ്തികളെ ഭാരതത്തിലെ മുസ്ളീങ്ങള്‍ ന്യായീകരിക്കേണ്ടതില്ല. അവര്‍ വിദേശികളാണ്. ഇവര്‍ ഭാരതീയമുസ്ലീങ്ങളുടെ മുന്‍ഗാമികളല്ല. അതെ സമയം ഈ മൂന്നുക്ഷേത്രങ്ങളും മുസ്ലിങ്ങള്‍ സ്വമനസാലെ വിട്ടുകൊടുക്കുമ്പോള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദുസംഘടനകള്‍ രംഗത്ത് വരരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണമുണ്ട്, യാത്ര പിന്നീട്
അതെ സമയം രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണമുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം പോകുന്നില്ല. മാര്‍ച്ച്,ഏപ്രില്‍ മാസത്തില്‍ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും മുഹമ്മദ് പറഞ്ഞു.സുപ്രീംകോടതിയുടെ വിധി ബാലന്‍സിങ് വിധിയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മുഹമ്മദ് എല്ലാപ്രശ്നങ്ങള്‍ക്കും ശുഭപര്യവസാനം ഉണ്ടാകട്ടെയെന്നും പ്രത്യാശിച്ചു.
രാമക്ഷേത്രം ഉയരുമ്പോള്‍ ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനമുണ്ടെന്നും അയോധ്യയില്‍ ഉണ്ടായവികസനം അമ്പരപ്പിക്കുന്നതെന്നും മുഹമ്മദ് പറഞ്ഞു. ഏതോ ജന്‍മകല്‍പ്പനയില്‍ എന്ന പാട്ട്് ഏറെ സ്വാധീനിച്ചതായി മുഹമ്മദ് ഓര്‍ക്കുന്നു കാരണം. ഏതോജന്‍മ കല്‍പ്പനയിലാണ് താന്‍ കൊടുവളളിയില്‍ നിന്നു അലിഗഢിലെത്തിയതും പിന്നീട് ചരിത്രത്തിന്റെ ഭാഗധേയം തീര്‍ത്ത സംഭവത്തില്‍ ഭാഗമായതും. ചരിത്രത്തിന്റെ അടരുകളില്‍ കൊത്തിയെടുത്ത തന്റെ ജീവിതകഥയുടെ ഏടുകള്‍ ‘ഞാനെന്ന ഭാരതീയന്‍’ എന്ന പുസ്തകത്തില്‍ കെ. കെ. മുഹമ്മദ് എഴുതി ചേര്‍ക്കുന്നുണ്ട്. ചരിത്രവും പുരാവസ്തുവും ഇഴചേരുന്ന ആ പുസ്തകം കമ്യൂണിസവും കമ്യൂണിസ്റ്റ് ചരിത്രകാരന്‍മാരും എത്രമാത്രം കുടിലതകളുടെ ആകെത്തുകയാണെന്ന് ഇര്‍ഫാന്‍ ഹബീബിന്റെ ജീവിതത്തിലൂടെ പകര്‍ന്നു വയ്‌ക്കുന്നു. ഒരുപക്ഷെ ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെടുന്ന ഇടതുചരിത്രകാരന്‍മാരുടെ അസഹിഷ്ണുത അയോധ്യയുടെ ഗതിവേഗം കൂട്ടിയെന്ന് നിഷേധാത്മകമായി സമ്മതിക്കാം. പത്മശ്രീ ഉള്‍പ്പെടെ ഏഴ് ദേശീയ അവാര്‍ഡ് ജേതാവാണ് ് കോഴിക്കോട് കൊടുവള്ളി സ്വദേശി കെ.കെ. മുഹമ്മദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: