ഭായ്ദൂജോടെയാണ് ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ പൂര്‍ണമാകുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത ഓര്‍മ്മപ്പെടുത്തുന്ന ഒത്തുചേരല്‍. രക്ഷാബന്ധന് സമാനമായ ആഘോഷമാണിത്. കാര്‍ത്തികമാസത്തിലെ ശുക്ലപക്ഷദ്വിതീയയിലാണ് ഭായ്ദൂജ് ആഘോഷിക്കുന്നത്. ദീപാവലി കഴിഞ്ഞ് രണ്ടാം നാളില്‍.
സ്ത്രീകള്‍ അന്ന്, സഹോദരന്മാരെ ആരതിയുഴിഞ്ഞ് തിലകമണിയിച്ച് മധുരപലഹാരങ്ങള്‍ നല്കി സ്വീകരിക്കുന്നു. ഇതിനു പകരമായി സഹോദരന് കൈനിറയെ സമ്മാനങ്ങള്‍ നല്‍കും. അലങ്കരിച്ചൊരുക്കിയ ഇരിപ്പിടങ്ങളില്‍ സഹോദരനെ ഇരുത്തി ആരതിയുഴിഞ്ഞ്, മഞ്ഞളും അരിമാവും നെയ്യും ചേര്‍ത്തുണ്ടാക്കിയ കൂട്ടു കൊണ്ട് തിലകം ചാര്‍ത്തും. തുടര്‍ന്ന് സഹോദരന്റെ കൈവെള്ളയില്‍ വെറ്റില, അടയ്ക്ക, നാണയം, പുഷ്പങ്ങള്‍ എന്നിവ വെച്ച് തീര്‍ഥം തളിച്ച് മന്ത്രം ജപിച്ച ശേഷം കൈയില്‍ രക്ഷ ബന്ധിക്കുന്നു.
ചന്ദ്രപൂജയാണ് ഭായ്ദൂജിന്റെ മറ്റൊരു പ്രത്യേകത. അമാവാസി കഴിഞ്ഞ് ചന്ദ്രന് തെളിയുന്ന ദിനത്തില്‍ സ്ത്രീകള്‍ വ്രതാനുഷ്ഠാനത്തോടെ കുടുംബ സമേതം സന്ധ്യാവന്ദനവും പ്രാര്‍ഥനയും കഴിഞ്ഞ് ക്ഷമയോടെ ചന്ദ്രന് ഉദിക്കുന്നത് പ്രതീക്ഷിച്ചിരിക്കും. ചന്ദ്രബിംബം കണ്ടാലുടനെ പുറത്തെത്തി ആരതിയുഴിയുന്നു. തുടര്‍ന്ന് മധുരപലഹാര വിതരണം. സഹോദരന്മാരില്ലാത്ത സ്ത്രീകളാണ് ഏറെയും ചന്ദ്രനെ പൂജിക്കുന്നത്.
ഉത്തരേന്ത്യയിലും നേപ്പാളിലും പല പേരുകളിലാണ് ഈ ആഘോഷം അറിയപ്പെടുന്നത്. നേപ്പാളില്‍ ദീപാവലി കഴിഞ്ഞ് അഞ്ചാംനാളില്‍ ഭായ് ടിക്ക എന്ന പേരില്‍ ഇത് ആഘോഷിക്കുന്നത്. കാളീപൂജ കഴിഞ്ഞ് രണ്ടാം നാളില്‍ ‘ഭായ്ഫാന്ഡ’യായി ബംഗാളികളും ആഘോഷിക്കുന്നു. മറാഠികള്‍ക്ക് ഭാവ്ബീജ്. ഉത്തരേന്ത്യയിലെ ആഘോഷങ്ങളുടെ അത്രതന്നെ പകിട്ടില്ലെങ്കിലും ദക്ഷിണേന്ത്യയില്‍ യമദ്വിതീയ എന്ന പേരിലറിയപ്പെടുന്നു. മൃത്യുദേവനായ യമന്‍ തന്റെ സഹോദരിയായ യമുനാ നദിയെ കാണാനെത്തുന്നതിന്റെ ഓര്‍മപുതുക്കലാണിത്.
നരകാസുരവധം കഴിഞ്ഞെത്തിയ ശ്രീകൃഷ്ണന്, ധര്‍മവിജയത്തിന്റെ സന്തോഷം പങ്കിടാന്‍ സഹോദരി സുഭദ്രയെ കാണാനെത്തി. പുഷ്പവൃഷ്ടി നടത്തി സിന്ദൂരതിലകമണിയിച്ചാണ് സുഭദ്ര സഹോദരനെ സ്വീകരിച്ചത്. സ്നേഹാതിരേകത്താല്‍ ഭഗവാന് സഹോദരിയെ ആശ്ലേഷിച്ചു. സുഭ്രദയും ശ്രീകൃഷ്ണനും തമ്മിലുള്ള ഈ ആഹ്ലാദപ്രകടനമാണ് കാലാന്തരത്തില്‍ ഭായ്ദൂജ് ആഘോഷമായിമാറിയതെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: