ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലം ഉത്തരവിറക്കി. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്സ്മെനറ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്.
കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് വീണയ്ക്ക് 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം.
സി.എം.ആര്.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തലിന് പിന്നാലെയാണ് കോര്‍പ്പറേറ്റ് അഫേയഴ്സ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണം. ഈ അന്വേഷത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍, സിരീസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ഏറ്റെടുക്കും
എക്സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് ഉത്തരവില്‍ പറയുന്നു.
രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. ആരോപണങ്ങള്‍ക്ക് അവ്യക്തവും ഒഴിഞ്ഞു മാറുന്നതുമായ മറുപടികളാണ് സി.എം.ആര്.എല്‍ എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയത്. മറുപടി നല്കാന് പോലും വ്യവസായ വികസന കോര്പറേഷന് തയാറായില്ല. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്, പോണ്ടിച്ചേരി ആര്.ഒ.സി, എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
എക്സാലോജിക്കും സിഎംആര്‍എല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിരുന്നു. കമ്പനീസ് ആക്ട് 2013 ലെ 210.1.സി സെക്ഷന്‍ പ്രകാരമാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരില്‍ എക്സാലോജിക്കിന് സിഎംആര്‍എല്‍ 1.72 കോടി രൂപ അനധികൃതമായി നല്‍കിയെന്ന് നേരത്തെ ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് എക്സാലോജിക്ക് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: