ഭാഗവതത്തില്‍ നാരായണ കവചത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന അവസരത്തിലാണ് വിശ്വരൂപനെക്കുറിച്ച് പറയുന്നത്. ദേവഗുരു ബൃഹസ്പതി അന്തര്‍ഗതനായി ദേവന്മാരില്‍ നിന്നും അകന്നു നിന്ന സമയത്ത് അസുരന്മാര്‍ ശുക്രാചാര്യരുടെ സഹായത്താല്‍ ദേവലോകം ആക്രമിച്ചു. യുദ്ധത്തില്‍ അസുരപ്പട വിജയിച്ചതിനാല്‍ ദേവന്മാര്‍ പലയിടത്തും പാലായനം ചെയ്തു. ഇന്ദ്രന്‍ ബ്രഹ്മോപദേശമനുസരിച്ച് വിശ്വരൂപനെ ദേവഗുരുവായി സ്വീകരിച്ച് യജ്ഞാദികളിലൂടെ നാരായണ കവചം സ്വീകരിച്ച് അസുരന്മാരെ തോല്പിച്ച് വിജയം തിരിച്ചു പിടിച്ചു.
വിശ്വരൂപന്‍ ബ്രാഹ്മണനാണെങ്കിലും അമ്മ അസുരസ്ത്രീ ആയതിനാല്‍ ദേവന്മാരറിയാതെ രഹസ്യമായി മാതൃവഴിയുള്ള ബന്ധുകള്‍ക്ക് യജ്ഞഭാഗം കല്പിച്ചു കൊടുത്തിരുന്നു. നാരായണകവചം ഉപദേശിച്ചുകൊടുത്ത വിശ്വരൂപനെ മറ്റൊന്നും ആലോചിക്കാതെ ഇത്തരം തെറ്റിന്റെ പേരില്‍ ഭയവും ക്രോധവും ബാധിച്ച ഇന്ദ്രന്‍ വിശ്വരൂപന്റെ മൂന്ന് ശിരസ്സുകള്‍ ഛേദിച്ചുകളഞ്ഞു. മൂന്ന് ശിരസ്സുകളും അപ്പോള്‍ പക്ഷികളായി മാറി. സുരപാനം നടത്തുന്ന ശിരസ്സ് കലവിംഗമെന്ന പക്ഷിയായി. സോമപാനം ചെയ്യാറുള്ള ശിരസ്സ് കപിഞ്ജലം എന്ന പക്ഷിയായി അന്നം ഭക്ഷിക്കുന്ന ശിരസ്സ് തിത്തിരിപ്പക്ഷിയായി. വിശ്വരൂപനെ വധിച്ചതില്‍ ഉണ്ടായ ബ്രഹ്മഹത്യാപാപം ഇന്ദ്രനെ പിടികൂടി. ഒരു വര്‍ഷം സ്വയം ഗ്രഹിച്ചതിനുശേഷം ഈ പാപത്തെ നാലായി പകുത്ത് ഭൂമി, വൃക്ഷങ്ങള്‍, സ്ത്രീകള്‍, ജലം എന്നിവര്‍ക്കായി നല്‍കി. ഈ പാപം നാല് വിഭാഗക്കാരുടെ ചുമലിലായി. കുഴിച്ചെടുക്കുന്ന ഭൂഭാഗം താനെതന്നെ പൂര്‍ണ്ണമായി തീരണമെന്ന വരം വാങ്ങി ഭൂമീദേവി ഇന്ദ്രപാപത്തിന്റെ നാലിലൊരംശം സ്വീകരിച്ചു. ഭൂമിയില്‍ സസ്യാദികളൊന്നും മുളയ്‌ക്കാത്ത പ്രദേശങ്ങള്‍ (ഊഷര പ്രദേശങ്ങള്‍) ബ്രഹ്മഹത്യയുടെ ഫലമായി ഭൂമിക്ക് കിട്ടി. അത്തരം പ്രദേശങ്ങളില്‍ പുണ്യകര്‍മ്മങ്ങളൊന്നും ചെയ്യാന്‍ പാടില്ല. മംഗളകാര്യങ്ങള്‍ നടക്കുമ്പോള്‍ ഭൂമി തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് പറഞ്ഞുതരുന്നത്.
വൃക്ഷങ്ങള്‍ മുറിച്ചാല്‍ പിന്നെയും തളിര്‍ക്കണമെന്ന വരം വാങ്ങി വൃക്ഷങ്ങള്‍ അടുത്ത പകുതി സ്വീകരിച്ചു. (ബ്രഹ്മഹത്യയുടെ നാലിലൊന്ന്) മരങ്ങളുടെ പാല്‍ ബ്രഹ്മഹത്യാ സ്വരൂപമാണ്. അതുകൊണ്ട് വൃക്ഷങ്ങളുടെ കറ (പാല്‍) ഭക്ഷിക്കാന്‍ പാടില്ല. സ്ത്രീകള്‍ സംയോഗം എപ്പോഴും സാധിക്കണമെന്ന വരം വാങ്ങി ബ്രഹ്മഹത്യയുടെ അടുത്ത പകുതി സ്വീകരിച്ചു.
ശശ്വത്കാമവരേണാം ഹസ്തൂരിയം
ജഗൃഹൂഃ സ്ത്രീയഃ
രജോ രൂപേണ താ സ്വം ഹോ
മാസി മാസി പ്രദൃശ്യതോ
(ഭാഗവതം ഷഷ്ഠസ്‌കന്ധം 9-ാം അധ്യായം)
ബ്രഹ്മഹത്യാ പാപത്തിന്റെ നാലാം ഭാഗം ജലത്തിനാണ്. നദികളിലും തടാകങ്ങളിലും എത്രതന്നെ ജലമെടുത്താലും വീണ്ടും വര്‍ദ്ധിച്ചു വരണമെന്ന വരമാണ് ജലം സ്വീകരിച്ചത്. ജലത്തില്‍ കാണുന്ന നുരയും പതയും ബ്രഹ്മഹത്യയുടെ സ്വരൂപമാണ്. ഇതറിഞ്ഞിട്ടാണ് ജനങ്ങള്‍ നുരയും പതയും നീക്കി ജലമെടുക്കുന്നത്.
വിശ്വരൂപന്റെ പിതാവ് ത്വഷ്ടാവ് ഇന്ദ്രന്റെ പ്രവൃത്തിയില്‍ അതിയായി ദുഃഖിച്ചു. ഇന്ദ്രനെ വധിക്കുന്നതിനായി അദ്ദേഹം ശക്തനായൊരുവനെ സൃഷ്ടിക്കാന്‍ ഹോമം നടത്തി. എന്നാല്‍ മന്ത്രപ്പിശകുമൂലം ജനിച്ച പുത്രനെ ഇന്ദ്രന്‍ വീണ്ടും വധിച്ചു. ത്വഷ്ടാവ് ആഭിചാര മന്ത്രം ഉച്ചരിച്ച് ഘോര രൂപനായ വൃതനെന്ന ഒരു സത്വത്തെ ആവിര്‍ഭവിപ്പിച്ചു. ദേവന്മാര്‍ ഭയപ്പെട്ട് നാലുപാടും ഓടിമറഞ്ഞ് ഒടുവില്‍ വിഷ്ണുവിനെത്തന്നെ ശരണം പ്രാപിച്ചു. സമൂഹ പ്രാര്‍ത്ഥനയില്‍ ദേവന്മാര്‍ ഭഗവാന്റെ ദിവ്യാവതാരങ്ങളെയും ദിവ്യായുധങ്ങളേയും പ്രകീര്‍ത്തിച്ച് സ്തുതിച്ചതിന്റെ ഫലമായി ഭഗവാന്‍ പ്രത്യക്ഷപ്പെടുകയും കാര്യം മനസ്സിലാക്കുകയും ചെയ്ത് അവരോട് പറഞ്ഞു. സ്‌തോത്ര രൂപത്തില്‍ നിങ്ങള്‍ പ്രകാശിപ്പിച്ച ജ്ഞാനം കൊണ്ട് ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. ഈ ശ്രുതി ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്ന ഭക്തര്‍ക്ക് ഐശ്വര്യം ഉണ്ടാകുകയും എന്നില്‍ ഭക്തി ഉണ്ടാകുകയും ചെയ്യും. നിങ്ങള്‍ ഋഷിമാരില്‍ ശ്രേഷ്ഠനായ ദധീചി മഹര്‍ഷിയെ സമീപിക്കുക. വിദ്യ, തപസ്സ്, വ്രതം മുതലായവയില്‍ ദൃഢമായിരിക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തെ നിങ്ങള്‍ക്ക് നല്കുവാന്‍ യാചിക്കുക. ദധീചിയുടെ അസ്ഥികള്‍ കൊണ്ട് വജ്രായുധം നിര്‍മ്മിക്കുക.
അഥര്‍വവേദ സാരജ്ഞനായ ദധീചിക്ക് അന്യമന്ത്രത്താല്‍ ഭേദിക്കപ്പെടുവാന്‍ സാധിക്കാത്ത നാരായണകവചം എന്ന മന്ത്രം അറിയാവുന്നതാണ്. ദധീചി, ത്വഷ്ടാവിന് ഉപദേശിച്ചു. ത്വഷ്ടാവ് പുത്രന്‍ വിശ്വരൂപന് ഉപദേശിച്ചു. വിശ്വരൂപനില്‍ നിന്ന് ഇന്ദ്രന്‍ സ്വീകരിച്ചു. അതുകൊണ്ട് ദധീചിയുടെ ശരീരം മന്ത്രസാരമായി തീര്‍ന്നിരിക്കുന്നു. വൃത വധാര്‍ത്ഥം അതിനെ യാചിക്കുക. ധര്‍മ്മജ്ഞനായ മുനി സ്വശരീരത്തെ ദാനം ചെയ്യും. അദ്ദേഹത്തിന്റെ ശരീരാസ്ഥികള്‍ കൊണ്ട് വിശ്വകര്‍മ്മാവ് വജ്രായുധം നിര്‍മ്മിക്കും. നാരായണ കവച തേജസ്സുകൊണ്ട് ഇന്ദ്രന് വൃതനെ വധിക്കുവാന്‍ കഴിയും. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട തേജസ്സും ആയുധവും ഐശ്വര്യവും തിരിച്ചു കിട്ടും. നിങ്ങള്‍ക്ക് മംഗളം ഭവിക്കട്ടെ. ഭഗവാന്റെ ഉപദേശം അനുസരിച്ചു ദേവന്മാര്‍ വൃതനെ വധിച്ച് വിജയം വരിച്ചു.
ഭാഗവതത്തിലെ എല്ലാ കഥകള്‍ക്ക് പിന്നിലും വ്യാസഭഗവാന്‍ ഓരോ തത്ത്വങ്ങള്‍ തരുന്നുണ്ട്. ത്വഷ്ടാവ് സൃഷ്ടിച്ച വൃതാസുരനെ വധിക്കുവാന്‍ ദധീചി മഹര്‍ഷിയുടെ അസ്ഥികള്‍ കൊണ്ട് വിശ്വകര്‍മ്മാവ് വജ്രായുധം ഉണ്ടാക്കി ഇന്ദ്രന് നല്‍കുന്നുണ്ട്. ഐരാവതത്തിന്റെ പുറത്ത് വജ്രായുധവുമായി ഇന്ദ്രന്‍ യുദ്ധത്തിന് തയ്യാറായി. ബ്രഹ്മവിദ്യയുടെ ദൃഢതയാണ് ഇവിടെ വജ്രം. ഇന്ദ്രനെ സഹായിക്കാനായി രുദ്രാദികള്‍ എത്തുന്നു. നമ്മുടെ അന്തകരണത്തില്‍ ബ്രഹ്മാകാരവൃത്തിയുണ്ടാകുമ്പോള്‍ അന്യസാത്വിക വൃത്തിയും സഹായിക്കാന്‍ എത്തുന്നു എന്ന തത്ത്വമാണ് കാണിക്കുന്നത്. ആസുരീവൃത്തികള്‍ക്ക് മരണഭീതിയുണ്ടാകുന്നു. അതാണ് ദൈത്യന്മാര്‍ പേടിച്ചത്. അസുരശക്തികളും പലവിധ ആയുധം പ്രയോഗിക്കുന്നു. യുദ്ധം ഓരോ ജീവികളുടെയും ഹൃദയത്തില്‍ ഭയം എന്നും ഉണ്ടാകുന്നതാണ്. തോറ്റോടുന്ന അസുരപ്പടയോട് വൃതാസുരന്‍ പറയുന്നത് ശ്രദ്ധിക്കുക. യുദ്ധം ചെയ്യുന്നവര്‍ക്ക് രണ്ട് വിധത്തിലുള്ള മൃത്യു ഉണ്ടാകും. ബ്രഹ്മ ചിന്ത കൊണ്ട് പ്രാണനെ ജയിക്കുകയും യോഗാഭ്യാസം കൊണ്ട് ശരീരത്തെ ഉപേക്ഷിക്കുകയുമാണ് ഒന്ന്. യുദ്ധത്തില്‍ പുറം തിരിയാതെ പൊരുതി മരിക്കുകയാണ് രണ്ടാമത്തേത്. വൃതാസുരന്റെ അലര്‍ച്ച ആത്മാവിന്റെ മുന്നില്‍ ആവരണം വരുമ്പോള്‍ സകലരും അചേതരായി പോകും. അതാണ് ദേവന്മാര്‍ക്ക് സംഭവിച്ചത്. ഐരാവതത്തിന്റെ പുറത്തുവന്ന ഇന്ദ്രന്റെ ആന അഹങ്കാരമാണ്. വ്രതന്‍ ഇന്ദ്രനോട് ഇങ്ങനെപറഞ്ഞു. ‘നീ വജ്രം കൊണ്ട് (വജ്രം ജ്ഞാനമാണ്) എന്നെ വധിച്ചാല്‍ ഞാന്‍ എന്റെ കര്‍മ്മത്തില്‍നിന്നും മുക്തനായി യോഗ്യമായ പദവി പ്രാപിക്കും. അതില്‍ ശ്രീഹരിയുടെ ചൈതന്യമുണ്ട്. ദധീചി മഹര്‍ഷിയുടെ തപോബലത്തിന്റെ ശക്തിയുണ്ട്. എന്റെ ചിത്തത്തെ ശ്രീഹരിയുടെ പാദത്തില്‍ അര്‍പ്പിക്കുന്നു. വിഷയ സംബന്ധമായവ മാറി യോഗികള്‍ക്കുള്ള മുക്തി പ്രാപിക്കും. പൂര്‍വ്വ ജന്മത്തില്‍ വൃതാസുരന്‍ ഭക്തനായിരുന്നു. അതിനാല്‍ അവസാന നിമിഷം അയാള്‍ക്ക് ഭഗവദ്‌സ്മരണയുണ്ടാകുന്നു. തുടര്‍ന്ന് നാല് ശ്ലോകങ്ങളില്‍ വൃതാസുരന്‍ ഭഗവാനെ സ്തുതിക്കുന്നു. സകലരുടെയും പ്രാണനാഥനായ ഭഗവാനെ എന്റെ മനസ്സില്‍ സദാസ്മരിക്കണം. ശരണാഗതി തന്നെ 6 വിധമുണ്ട്. ഭക്തിക്ക് വിപരീതം ചെയ്യരുത്. കര്‍മ്മങ്ങള്‍ ഭഗവാന് പ്രീതിയ്‌ക്കായി കരുതണം, ഭഗവാന്‍ സദാ രക്ഷിക്കും എന്ന വിശ്വാസമുയാവണം. ഭഗവാന്‍ സ്വന്തമാണ്. ദീനഭാവത്തില്‍ ഭഗവാനോട് പെരുമാറണം. കുടിലത കൂട്ടാതിരിക്കുക. ‘ചുരുക്കത്തില്‍ എല്ലാ ഭഗവദ്തത്ത്വങ്ങളും ഭാഗവതത്തില്‍ ഓരോ കഥയില്‍ നിന്ന് നമുക്ക് കണ്ടെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: