വിശ്വചക്രവാളത്തോളം വളര്‍ന്ന മലയാളത്തിന്റെ മഹാഗായകന് ആയിരം പൂര്ണചന്ദ്രന്മാരെ കണ്ടതിന്റെ സന്തോഷത്തിലാണ് സംഗീതലോകം. എണ്‍പത്തിനാല് വര്‍ഷത്തെ ജീവിതത്തില്‍ ആറര പതിറ്റാണ്ടുകാലത്തെ സംഗീതജീവിതം. എണ്‍പതിനായിരത്തിലധികം ഗാനങ്ങള്‍. ഒരു ഗായകന് എത്തിച്ചേരാന്‍ കഴിയുന്ന ഔന്നത്യത്തിന്റെ പരകോടിയാണിത്. സംഗീതലോകത്ത് വലിയ പാട്ടുകാര്‍ ഒരുപാടുണ്ടായിട്ടുണ്ട്. പക്ഷേ ആറരപതിറ്റാണ്ടുകാലം ഇടതടവില്ലാതെ പ്രവഹിച്ച ഇങ്ങനെയൊരു പാട്ടുജീവിതം മറ്റൊരിടത്തും നമുക്ക് കാണാനാവില്ല. യേശുദാസിനെയും മറ്റു പല ഗായകരെയും കൃത്യമായി വേര്‍തിരിക്കാവുന്ന ഒരു ഘടകമുണ്ട്-അനുഗ്രഹം. നല്ല പാട്ടുകാരൊക്കെ ദൈവാനുഗ്രഹമുള്ളവരാണ്. പക്ഷേ യേശുദാസിന്റെ അത്രയും അത് ലഭിച്ചവര്‍ നമ്മുടെ പരിചയത്തില്‍ വേറെയുണ്ടോ എന്ന കാര്യം സംശയമാണ്. ഓരോ മണ്ഡലകാലത്തും തന്റെ വിശുദ്ധനാദത്താല് ഹരിവരാസനം പാടിയുറക്കുന്ന കലിയുഗവരദനായ അയ്യപ്പന്റെയും, എല്ലാം പിറന്നാളിനും ദിവ്യദര്‍ശനത്തിനായി തിരുനടയില്‍ ഓടിയെത്താറുള്ള ദേവി മൂകാംബികയുടെയും, ജാതിഭേദവും മതദ്വേഷവുമില്ലാത്ത ലോകത്തെക്കുറിച്ച് പാടി തുടക്കംകുറിച്ചപ്പോള്‍ ആ വരികളെഴുതിയ ഗുരുവര്യന്റെയുമൊക്കെ അനുഗ്രഹങ്ങള്‍ ഒന്നായി യേശുദാസിനെപ്പോലെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, ഇനി അതിനുള്ള സാധ്യതയും വിരളമായിരിക്കും. ജന്മനാ ലഭിക്കുന്നതും ആര്‍ജിക്കുന്നതുമായ കഴിവുകള്‍ക്കുമേല്‍ ദൈവികമായ അനുഗ്രഹം വര്ഷിക്കപ്പെടുമ്പോഴാണ് അവ പുഷ്കലമാവുക. യേശുദാസിന്റെ അമരസംഗീതം ഇങ്ങനെയൊരു വരദാനമാണ്.
കൊച്ചിയിലെ ഒരു ലത്തീന്‍ ക്രൈസ്തവ കുടുംബത്തില്‍ നാടകനടനും പാട്ടുകാരനുമായ അഗസ്റ്റിന് ജോസഫിന്റെ മകനായി പിറന്ന യേശുദാസ് ഗാനഭൂഷണം ഒന്നാം റാങ്കില്‍ പാസ്സായെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ വലഞ്ഞ് സംഗീത ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ടി. തിരുവനന്തപുരത്ത് ഉപരിപഠനത്തിനുപോയപ്പോഴും, പാട്ടുപാടാനുള്ള അവസരം തേടി മദ്രാസിലെത്തിയപ്പോഴും അനുഭവിച്ച കഷ്ടപ്പാടുകള്‍ പറഞ്ഞാല്‍ തീരില്ല. പക്ഷേ സംഗീതത്തോടുള്ള ഇഷ്ടവും പാട്ടുപാടാനുള്ള മോഹവും പ്രാണവായുപോലെ കൊണ്ടുനടന്ന ഈ ഗായകനുമുന്നില് അവസരങ്ങള്‍ നിഷേധിക്കാന്‍ വിധിക്ക് കഴിയുമായിരുന്നില്ല. സിനിമയില്‍ ആദ്യം ലഭിച്ച പാട്ടുകള്‍ ഹിറ്റായതോടെ അവസരങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. പിന്നെ അനവദ്യസുന്ദരങ്ങളായ ഗാനങ്ങള്‍ ആ കണ്ഠത്തില്‍നിന്ന് പിറവികൊണ്ടു. പാട്ടുജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്ന് കരുതിയ സന്ദര്‍ഭങ്ങളിലെല്ലാം പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി മുന്നേറി. ആദ്യമായി ആകാശവാണിയില്‍ പാടിയപ്പോള്‍ തന്റെ സ്വരം കൊള്ളില്ലെന്നു പറഞ്ഞ് തിരസ്കരിച്ച ചരിത്രം യേശുദാസ് ഇതേ സ്വരംകൊണ്ടു തന്നെ തിരുത്തിയെഴുതി. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലും ഹിന്ദിയിലും സംസ്കൃതത്തിലും ലാറ്റിനിലുമൊക്കെയായി ഈ ഗന്ധര്‍വനാദം പടര്‍ന്നുകയറി.
ആലാപനത്തിന്റെ എല്ലാ ഋതുക്കളിലും ഹിറ്റുകളുടെ പൂക്കാലം തീര്‍ത്തു. ഹിന്ദിയില്‍ വളരെക്കുറച്ച് പാട്ടുകള്‍ മാത്രമേ യേശുദാസ് പാടിയിട്ടുള്ളൂവെങ്കിലും അവയുടെ മാസ്മരികത ഇന്നും നിലനില്ക്കുന്നു. യേശുദാസിന്റെ ഏറ്റവും നല്ല പാട്ടുകള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പ്രയാസമായിരിക്കും. കാരണം അവ അത്രയ്ക്കേറെയാണ്.
സംഗീതസംവിധായകരിലെ എത്ര തലമുറകള്‍ക്കൊപ്പമാണ് യേശുദാസ് പാടിയിട്ടുള്ളതെന്ന് എളുപ്പത്തില്‍ പറയാനാവില്ല. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, സലില്‍ ചൗധരി, എം.ബി. ശ്രീനിവാസന്, നൗഷാദ്, ബോംബെ രവി, രവീന്ദ്രന്, ജോണ്സണ്, ശരത് എന്നിങ്ങനെ പട്ടിക നീളുന്നു. നവാഗതനായ സംഗീത സംവിധായകര്‍ക്കൊപ്പവും യേശുദാസിന്റെ പേര് ചേര്‍ത്തുവയ്ക്കാം. ഏതുതലമുറയില്പ്പെട്ട ആരുമായി ചേര്‍ന്നപ്പോഴും അനശ്വരമായ ഈണങ്ങളും ഗാനങ്ങളും പിറന്നു. യേശുദാസിനെക്കൊണ്ട് ഏറ്റവും മധുരമായ ചില പാട്ടുകള്‍ പാടിച്ചിട്ടുള്ള ജെറി അമല്‍ദേവ് പറയുന്ന ഒരു കാര്യമുണ്ട്. സാധാരണ സംഭാഷണത്തില്‍ യേശുദാസില്‍നിന്ന് നാം കേള്‍ക്കുന്ന സ്വരമല്ല പാട്ടുപാടുമ്പോള്‍ നമുക്ക് ലഭിക്കുന്നത്. യേശുദാസിനെക്കൊണ്ട് പാടിച്ച എല്ലാവരും തിരിച്ചറിഞ്ഞിട്ടുള്ള സത്യമായിരിക്കും ഇത്. യേശുദാസിന്റെ സ്വരത്തിന് ദൈവസ്പര്ശമുണ്ടെന്ന് ഹിന്ദി സംഗീതസംവിധായകനായ ബാപ്പി ലാഹ്രി പറയുമ്പോഴും, ലോകത്തിന്റെ തന്നെ പ്രിയസ്വരങ്ങളിലൊന്നാണതെന്ന് എ.ആര്.റഹ്മാന് ആവര്‍ത്തിക്കുമ്പോഴും ഈ സത്യത്തിനാണ് അടിവരയിടുന്നത്. പാട്ടിന് ഈണമൊരുക്കുന്നവര് മനസ്സില്‍ കാണുന്നത് ആലാപനത്തില്‍ കൊണ്ടുവരാനുള്ള അത്ഭുതശക്തി ഈ ഗായകനുണ്ട്, ആ താരസ്വരത്തിനുണ്ട്. അക്ഷരസ്ഫുടതകൊണ്ടും ശബ്ദമാധുര്യംകൊണ്ടും ആലാപനവിശുദ്ധികൊണ്ടും ഭാവപ്പകര്ച്ചകൊണ്ടും യേശുദാസിന്റെ ഗാനങ്ങളോരൊന്നും ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു. ആദരവുകളും പുരസ്കാരങ്ങളുമൊക്കെ ഏറെ ലഭിച്ചിട്ടുള്ള ഗാനഗന്ധര്വന് രാജ്യത്ത് സിനിമാരംഗത്തുനിന്നുള്ള ഏറ്റവും വലിയ ബഹുമതി ലഭിക്കാനിരിക്കുന്നു. ഗന്ധര്വഗായകന് ആയുരാരോഗ്യസൗഖ്യം നേരുന്നു. നിലയ്ക്കാത്ത ആ നാദവിസ്മയത്തിനു മുന്നില്‍ ഞങ്ങളുടെ കൂപ്പുകൈ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: