പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശ്രീകോവിലിനടുത്തായി ബുധനാഴ്ച കൈവരി തകര്‍ന്നതിനെ തുടര്‍ന്ന് അല്പനേരം എങ്ങും പരിഭ്രാന്തി പരന്നു.. ശ്രീകോവിന് അടുത്തുണ്ടായ തിരക്കിനിടെയാണ് അനിഷ്ടസംഭവം നടന്നത്. അപകടത്തില്‍ പക്ഷെ ഭാഗ്യം കൊണ്ട് ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
സോപാനത്തെ ഫ്ളൈ ഓവറില്‍ നിന്ന് ശ്രീകോവിലിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് കൈവരി തകര്‍ന്നുവീണത്. നേരത്തെ തന്നെ അപകടം ഉണ്ടാക്കിയേക്കാം എന്ന നിലയിലായിരുന്നു ഈ കൈവരി ഉണ്ടായിരുന്നത്. പുതിയ കൈവരി ഉണ്ടാക്കുന്നതിന് പകരം തകരാറുള്ള ഭാഗത്ത് വെല്‍ഡ് ചെയ്ത് ദേവസ്വം ബോര്‍ഡ് സൂത്രത്തില്‍ പരിഹാരം കാണുകയായിരുന്നു. ഈ വെല്‍ഡ് ചെയ്ത് വെച്ചിരിക്കുന്ന ഭാഗം തന്നെയാണ് തിരക്കില്‍ തകര്‍ന്നത്. സന്നിധാനത്ത് നല്ല തിരക്കുള്ള സമയം കൂടിയായിരുന്നതിനാല്‍ അല്പനേരം പരിഭ്രാന്തി പരന്നു. തീര്‍ത്ഥാടനവും അല്പനേരം സ്തംഭിച്ചു.
മകരവിളക്ക് അടുത്തതോടെ ശബരിമലയില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ക്യൂവില്‍ പത്തുമണിക്കൂര്‍ വരെ നില്‍ക്കേണ്ടി വരുമെന്നറിഞ്ഞ് ചെന്നൈയില്‍ നിന്നും എത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 35 അംഗ തീര്‍ത്ഥാടകസംഘം ശബരിമല ദര്‍ശനത്തിന് കാത്ത് നില്‍ക്കാതെ കഴിഞ്ഞദിവസം മടങ്ങിപ്പോയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് പമ്പയില്‍ എത്തിയ സംഘമാണ് മടങ്ങിയത്.
പമ്പയില്‍ കുളികഴിഞ്ഞ് മണല്‍പ്പുറത്ത് തീര്‍ത്ഥാടകര്‍ക്കുള്ള ക്യൂവിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് കുട്ടികളെയടക്കം തള്ളിപ്പുറത്താക്കിയെന്ന് സംഘത്തിലെ ചവിനോബാബു പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 24 വര്‍ഷമായി ശബരിമല സന്ദര്‍ശിച്ചുവരുന്ന തനിക്ക് ഏറ്റവും ക്രൂരമായ അനുഭവമാണ് ഇക്കുറി ഉണ്ടായതെന്നും തമിഴ്നാട് സര്‍ക്കാരിന് പരാതി നല്‍കുമെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: