നവി മുംബൈ: ഭാരത പര്യടനത്തിനെത്തിയ ഓസ്ട്രേലിയ ഇന്ന് അവസാന മത്സരത്തിന്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് തുടങ്ങുന്ന ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ഓസ്ട്രേലിയയുടെ പര്യടനം പൂര്‍ത്തിയാകുക. മൂന്ന് മത്സര പരമ്പരയില്‍ ഇതുവരെ രണ്ട് ടീമുകളും ഓരോന്ന് വീതം ജയിച്ച് സമനിലയിലാണ്. ഇന്ന് നടക്കുന്ന നിര്‍ണായക പോരാട്ടം ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.
നവി മുംബൈയിലാണ് ആദ്യ രണ്ട് മത്സരങ്ങളും നടന്നത്. വെള്ളിയാഴ്ച നടന്ന ആദ്യ പോരാട്ടത്തില്‍ ഭാരതം ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ഓസീസ് ഭാരതത്തിനെതിരെ ആറ് വിക്കറ്റിന് വിജയിച്ചു. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 130 റണ്‍സെന്ന ചെറിയ സ്കോറില്‍ ഭാരതം ഒതുങ്ങിയപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് ഓസീസ് ആദ്യ മത്സരത്തിലെ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്ുകമെന്നാണ്.
ഓസീസ് ഓപ്പണര്‍മാരായ അലീസ ഹീലിയും ബെത്ത് മൂണിയും അത്തരത്തിലാണ് ഇന്നിങ്സ് തുടങ്ങിയത്. അധികം വൈകാതെ ദീപ്തി ശര്‍മ അടക്കമുള്ള ഭാരത ബൗളിങ് നിര കരുത്തുകാട്ടിയപ്പോള്‍ ഓസീസ് വിറച്ചു. ഭാരത ഇന്നിങ്സില്‍ ഒരല്‍പ്പം കൂടി സ്കോര്‍ ചെയ്തിരുന്നെങ്കില്‍ രണ്ടാം മത്സരവും സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.
രണ്ടാം മത്സരം ആതിഥേയരായ ഭാരതം പരാജയപ്പെട്ടതോടെ ഇന്നത്തെ മൂന്നാമങ്കം ഫൈനലിന് സമാനമാകുകയാണ്. നേരത്തെ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടതിന്റെ നീറ്റല്‍ ഹര്‍മന്‍പ്രീത് കൗറിനും കൂട്ടര്‍ക്കും ഉണ്ട്. അതേസമയം ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരെ വാംഖഡെയില്‍ ഏകടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം കുറിച്ചുകൊണ്ടാണ് ഭാരതം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: