കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. മൈക്കാവ് ആലമലയില്‍ സുരേന്ദ്രന്റെ ഭാര്യ ജിപ്സിയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റിയത്. ഇതോടെ കൂറുമാറിയവരുടെ എണ്ണം മൂന്നായി. സിപിഎം കാട്ടാങ്ങള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ കുമാര്‍, നോട്ടറി സി. വിജയകുമാര്‍, മൈക്കാവ് ആലമലയില്‍ സുരേന്ദ്രന്റെ ഭാര്യ ജിപ്സി എന്നിവരാണ് കൂറുമറിയത്.
അതേ സമയം കൂടത്തായി വധക്കേസില്‍ തന്നെ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഹര്‍ജി സുപ്രീംകോടതി മൂന്നാഴ്ചത്തേക്ക് നീട്ടിവെച്ചു. എം.എ. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്.
കേസില്‍ ജിപ്സിയുടെ കൂറുമാറ്റം
കൂടത്തായി ബസാറില്‍ നൈസ് ലേഡീസ് ഗാര്‍മെന്റ്സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ജിപ്സിയുടെ ഭര്‍ത്താവ് സുരേന്ദ്രന് താമരശ്ശേരിയില്‍ മൂന്നാം പ്രതി പ്രജികുമാര്‍ നടത്തുന്ന ദൃശ്യകല ജ്വല്ലറി വര്‍ക്സില്‍ ജോലിക്കാരനായിരുന്നു.
ദൃശ്യകലയിലേക്ക് തന്റെ ഭര്‍ത്താവ് സുരേന്ദ്രന് സയനൈഡ് എത്തിച്ചിരുന്നതായും ഒരു ദിവസം കാലത്ത് തങ്ങള്‍ ഒരുമിച്ച് വീട്ടില്‍നിന്നും ജോലിക്ക് പോകുന്ന വഴി കടയില്‍ സയനൈഡ് തീര്‍ന്നുവെന്നും സേട്ടുവിന്റെ അടുത്തുനിന്നും സയനൈഡ് വാങ്ങിക്കണമെന്നും ഭര്‍ത്താവ് സുരേന്ദ്രന് തന്നോട് പറഞ്ഞിരുന്നതായി ജിപ്സി പൊലീസിന് മൊഴി നല്‍കിയിരുന്നു.
കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു പ്രജികുമാറിന്റെ കടയില്‍ ഇരിക്കുന്നത് താന്‍ കണ്ടിരുന്നതായും ജിപ്സി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ആ മൊഴിയാണ് ജിപ്സി കോടതിയില്‍ മാറ്റിയത്. തുടര്‍ന്ന് ജിപ്സിയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.
തുടര്‍ന്ന്, പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് സാക്ഷിയെ എതിര്‍വിസ്താരം ചെയ്തു. എതിര്‍വിസ്താരത്തില്‍, തന്റെ വിവാഹാലോചന കൊണ്ടുവന്നത് മൂന്നാം പ്രതി പ്രജികുമാര്‍ ആയിരുന്നുവെന്നും മൂന്നാം പ്രതിയും തന്റെ ഭര്‍ത്താവും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും ജിപ്സി സമ്മതിച്ചു.
കേസില്‍ കൂറുമാറിയ മറ്റൊരാള്‍ നോട്ടറി സി. വിജയകുമാര്‍ ആണ്. ജോളി ജോസഫ് ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ തയ്യാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിനല്കിയത് നോട്ടറിയായ വിജയകമുറാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്, അഡീഷനല്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഒന്നാം പ്രതിക്ക് വേണ്ടിയുള്ള എതിര്‍വിസ്താരം കോടതി മാറ്റിവെച്ചു. സാക്ഷി വിസ്താരം ഇനി ചൊവ്വാഴ്ച തുടരും. കൂടത്തായി കൊലപാതക പരമ്പര കേസുകളിലെ മറ്റു കേസുകള്‍ ജനുവരി 29ലേക്ക് മാറ്റി.
എന്താണ് കൂടത്തായി കേസ്
കോഴിക്കോട് ജില്ലയിലെ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. 2002 മുതല്‍ 2006 വരെ ഒരു കുടുംബത്തിലെ ആറ് പേര് മരിച്ച സംഭവങ്ങള്‍ എല്ലാം കൊലപാതകമായിരുന്നു എന്ന് പുറത്തറിയുന്നത് 2019 ഒക്ടോബര്‍ നാലിനാണ്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ്, (60), മകന് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന് എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദര പുത്രന് ഷാജു സ്കറിയയുടെ ഭാര്യ സിലി (44), ഇവരുടെ മകള്‍ ആല്ഫൈന് (2) എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മറ്റൊരു മകന് റോജോ തോമസ് നല്കിയ പരാതിയിലാണ് കോഴിക്കോ് റൂറല്‍ ജില്ലാ മേധാവി സൈമണ്‍ അന്വേഷണം നടത്തിയത്.
മരണങ്ങള് കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയതോടെ ആറ് ശവക്കല്ലറകളില്‍ നിന്നും മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കുഴിച്ചെടുത്ത് പരിശോധനയ്ക്കയച്ചു. കൊല ചെയ്യപ്പെട്ട റോയ് തോമ സിന്റെ ഭാര്യ ജോളിയായിരുന്നു മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ക്ക് സയനൈഡ് നല്കിയ ബന്ധു കക്കാട്ട് മഞ്ചയില്‍ എം.എ.് മാത്യു, സയനൈഡ് നല്‍കിയതിന് സ്വര്ണ്ണപ്പണിക്കാരന് പ്രജികുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: