കൊല്ലം: കലയ്ക്ക് അര്‍പ്പണ ബോധം എങ്ങനെ ആണോ അതുപോലെ തന്നെയാണ് ചമയവും. ചമയം ഇല്ലാതെ നൃത്ത നൃത്യങ്ങള്‍ അപൂര്‍ണമാണ്. കേരള സ്കൂള്‍ കലോത്സവത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് അരങ്ങു തകര്‍ക്കുന്ന മത്സരാര്‍ഥികള്‍ക്ക് ചമയമിടുന്ന രാഗേഷിന് ഇത് തൊഴില്‍ മാത്രമല്ല, ഇഷ്ട വിനോദം കൂടിയാണ്. എന്നാല്‍ ചമയമിടലിനോട് തനിക്ക് അടുപ്പമുണ്ടാകാനുള്ള കാരണം ചോദിച്ചപ്പോള്‍ രാഗേഷിന് പറയാനുള്ളത് തന്റെ കലാജീവിതത്തെ കുറിച്ചാണ്.
കഴിഞ്ഞ 10 വര്‍ഷമായി രാഗേഷ് മിമിക്രി രംഗത്ത് സജീവ സാന്നിധ്യമാണ്. കൊല്ലം പനയം സ്വദേശിയായ രാഗേഷ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പരിപാടിയിലെ മത്സരാര്‍ഥി ആയിരുന്നു. കുട്ടിക്കാലം മുതല്‍ മിമിക്രി, ഡാന്‍സ് പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോഴാണ് ചില സുഹൃത്തുക്കള്‍ വഴി രാഗേഷ് ഏഷ്യാനെറ്റ് ചാനലിലെ ഹാസ്യ പരിപാടിയായ വൊഡാഫോണ്‍ കോമഡി സ്റ്റാറിലെത്തുന്നത്. അവിടെ നിന്നായിരുന്നു രാജേഷിന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവ്.
സ്ത്രീ കഥാപാത്രങ്ങളായി വേഷമിടുന്നതാണ് കൂടുതലും രാഗേഷിന് താല്പര്യം. കഥാപാത്രത്തിന് വേണ്ടി വേഷവും ചമയവും ഇടുന്നതാണ് ചമയ ലോകത്തേക്ക് രാഗേഷിനെ ആകര്‍ഷിച്ചത്. പിന്നീട് അത് സ്വയം തൊഴിലാക്കി മാറ്റി. ശ്രീകൃഷ്ണ ജയന്തിക്ക് കൃഷ്ണനായും ക്ഷേത്രങ്ങളില്‍ പരിപാടികളില്‍ ആദിപരാശക്തിയായും വേഷമിട്ട് രാഗേഷ് തിളങ്ങിയിട്ടുണ്ട്. ‘നന്ദലാല’ എന്ന പേരിലാണ് രാഗേഷ് നാട്ടില്‍ അറിയപ്പെടുന്നത്. വിവിധ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സന്തോഷ് സൗപര്‍ണികയുടെ അര്‍ദ്ധനാരി എന്ന മനോജ് കെ. ജയന് ചിത്രത്തില്‍ സ്ത്രീ കഥാപാത്രമായി വേഷമിട്ടു. കോമഡി സ്റ്റാറില്‍ വിധി കര്‍ത്താവായിരുന്ന നടി കല്‍പ്പന തനിക്ക് വലിയ പ്രചോദനം നല്‍കിയിട്ടുണ്ടെന്ന് രാഗേഷ് പറഞ്ഞു.
സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നും കലാജീവിതം തന്നെയാണ് ജീവിതത്തില്‍ തന്നെ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും രാഗേഷ് പറഞ്ഞു. സംസ്ഥാന കലോത്സവത്തില്‍ നാടോടിനൃത്തം, കേരളനടനം, ഭാരതനാട്യം തുടങ്ങിയ ഇനങ്ങള്‍ക്കാണ് ചമയമിടുന്നത്. കലയോടുള്ള നിഷ്കളങ്കമായ സ്നേഹമാണ് സ്വന്തം നാടായ കൊല്ലത്തു നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്ക് ചമയമിടാന്‍ രാഗേഷിന് പ്രചോദനം നല്‍കുന്നതെന്ന് അടിവരയിട്ട് പറയാം. കൃഷ്ണനാഥന്‍ പിള്ള തങ്കമണി ദമ്പതികളുടെ മകനാണ് രാഗേഷ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: