ചന്ദ്രയാന്‍ മൂന്നിന്റെ അത്ഭുതകരമായ വിജയത്തിനുശേഷം ബഹിരാകാശരംഗത്ത് ഭാരതം അതുല്യമായ ഒരു നേട്ടംകൂടി കൈവരിച്ചിരിക്കുന്നു. രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍-ഒന്ന് അഞ്ചുമാസം നീണ്ട യാത്രക്കൊടുവില്‍ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തിലെത്തിയിരിക്കുകയാണ്. ഇനി ഇവിടെനിന്ന് തടസ്സമില്ലാതെ സൂര്യനെ നിരീക്ഷിക്കാം. പതിനഞ്ച് ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഭൂമിയില്‍നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനം മാത്രം ആദിത്യ എല്‍-ഒന്ന് താണ്ടിയിരിക്കുന്നതെന്ന് അറിയുമ്പോള്‍ ഈ ദൗത്യത്തിന്റെ വ്യാപ്തി മനസ്സിലാവും. സൂര്യന്റെ പ്രതലം, അന്തരീക്ഷം, ഭൂമിക്കുമേലുള്ള സ്വാധീനം തുടങ്ങിയവയെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന്റെ കാലാവധി അഞ്ച് വര്‍ഷവും ആറു മാസവുമാണ്. ആദിത്യ ലക്ഷ്യം തൊട്ടതായി ലോകത്തെ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതം മറ്റൊരു നാഴികക്കല്ലുകൂടി സ്ഥാപിച്ചിരിക്കുകയാണെന്നും പറഞ്ഞു. സങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതില്‍ നമ്മുടെ ശാസ്ത്രജ്ഞര്ക്കുള്ള അര്‍പ്പണബോധത്തിന്റെ തെളിവാണിതെന്നും, മനുഷ്യരാശിക്കു പ്രയോജനപ്പെടുംവിധം ശാസ്ത്രത്തിന്റെ പുതിയ അതിര്‍വരമ്പുകള്‍ തേടിയുള്ള യാത്ര നാം നിര്‍ബാധം തുടരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും ഉചിതമാണ് ഈ പ്രശംസയും പ്രത്യാശയുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്ന ഭരണാധികാരികള്‍ ലോകത്ത് അധികമൊന്നും ഇല്ലെന്ന കാര്യം നാം മറക്കരുത്.
ലോകത്ത് ആദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കി പരീക്ഷണങ്ങള്‍ നടത്താന്‍ ഭാരതത്തിന് കഴിഞ്ഞത് മറ്റ് രാജ്യങ്ങളെ അത്ഭുതപ്പെടുത്തുകയുണ്ടായി. പല രാജ്യങ്ങള്‍ക്കും പ്രാവര്ത്തികമാക്കുന്നതു പോയിട്ട് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു ബഹിരാകാശ പദ്ധതിയാണ് ഭാരതം വിജയകരമായി നിര്‍വഹിച്ചത്. ഇതിന്റെ ബഹുമതി രാജ്യത്തെ അഭിമാന സ്ഥാപനമായ ഐഎസ്ആര്‍ഒയ്ക്ക് അവകാശപ്പെട്ടതാണ്. ചന്ദ്രയാന്‍ ഒന്നും രണ്ടും ദൗത്യങ്ങള്‍ക്കുശേഷമാണ് ഒരിടത്തുപോലും പിഴക്കാതെ ചന്ദ്രയാന്‍ മൂന്ന് സമ്പൂര്‍ണ വിജയത്തിലെത്തിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞത്. ഇതിന്റെ വിജയം ആഘേഷിച്ചു തീരുന്നതിനു മുന്‍പാണ് ആദിത്യ ദൗത്യവും വിജയം കൈവരിച്ചിട്ടുള്ളത്. ദൗത്യം വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും, വളരെയധികം സംതൃപ്തി നല്കുന്ന ഒന്നാണിതെന്നുമുള്ള ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥിന്റെ വാക്കുകള്‍ ആ സഥാപനത്തിനും ശാസ്ത്രലോകത്തിനും നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഐഎസ്ആര്‍ഒ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലെ സുവര്ണകാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തീര്‍ച്ചയായും പറയാം. തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിവുളള ഒരു ശാസ്ത്ര സമൂഹവും, അവരെ നയിക്കാന്‍ മനസ്സും ബുദ്ധിയുമുള്ള ഒരു ചെയര്മാനുമുള്ളത് രാജ്യത്തിന് അഭിമാനകരമാണ്. മറ്റ് രാജ്യങ്ങള്‍ ഏറെ പണം ചെലവഴിച്ച്, വളരെയധികം കാലംകൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതികളാണ് ബഹിരാകാശരംഗത്ത് ഭാരതം കുറഞ്ഞ ചെലവില്‍ താരതമ്യേന വളരെക്കുറച്ച് സമയമെടുത്ത് പൂര്‍ത്തിയാക്കുന്നത്. തീര്‍ച്ചയായും അസൂയാവഹമാണ് ഈ നേട്ടമെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.
ആദിത്യ എല്‍-ഒന്ന് ലക്ഷ്യം തൊട്ടതോടെ ലോകത്ത് ഈ ദൗത്യത്തില്‍ വിജയം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറിയിരിക്കുകയാണ്. വന്‍ശക്തികള്‍ക്ക് മാത്രം കഴിഞ്ഞിരുന്ന നേട്ടങ്ങളാണ് ബഹിരാകാശ രംഗത്ത് ഭാരതം ഒന്നിനു പുറകെ ഒന്നായി സ്വന്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടുന്നതുപോലെ ഭാരതത്തിന്റെ ബഹിരാകാശ പദ്ധതി മനുഷ്യരാശിക്ക് മുഴുവന്‍ പ്രയോജനപ്പെടുന്നവിധത്തിലാണ്. ഭാരതം പോലൊരു രാജ്യത്ത് സാമാന്യജനങ്ങള്‍ക്ക് ഗുണകരമല്ലാത്ത ബഹിരാകാശ പദ്ധതിക്കുവേണ്ടി കോടാനുകോടി രൂപ എന്തിന് ചെലവഴിക്കുന്നുവെന്ന ചോദ്യം പതിവായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്താണ് ബഹിരാകാശ പദ്ധതിയെന്നും, എന്തൊക്കെയാണ് അതുകൊണ്ടുള്ള ഗുണങ്ങളെന്നും അറിയാത്തവരും അറിയില്ലെന്നു നടിക്കുന്നവരുമാണ് ഈ ചോദ്യമുന്നയിക്കുന്നത്. ഈ രംഗത്ത് ഭാരതം കൈവരിക്കുന്ന നേട്ടങ്ങളുടെ മഹത്വം കുറച്ചുകാണിക്കുകയെന്നതും ഇതിലെ തന്ത്രമാണ്. വാര്‍ത്താവിനിമയം, കാലാവസ്ഥാ മുന്നറിയിപ്പ്, പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഇവയൊക്കെ ലഭിക്കുന്നത് നമ്മള് വിക്ഷേപിച്ചിട്ടുള്ള ഉപഗ്രഹങ്ങള്‍ വഴിയാണെന്ന് പലരും അറിയുന്നില്ല. ഭാരതത്തിന്റെ ബഹിരാകാശ പദ്ധതി മറ്റ് ചില രാജ്യങ്ങളെപ്പോലെ പൊങ്ങച്ചം കാണിക്കാനുള്ളതല്ല. നമ്മുടെ നാടിന്റെ പുരോഗതിക്കും രാജ്യസുരക്ഷയ്ക്കുമൊക്കെ വേണ്ടിയാണ്. ഇക്കാര്യത്തില്‍ നമുക്ക് കൃത്യമായ മുന്‍ഗണനകളുണ്ട്. ആവശ്യത്തിനനുസരിച്ചാണ് ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്. ഗഗന്യാന്പോലെ നിരവധി ബൃഹദ് പദ്ധതികള്‍ നമ്മള് വിഭാവനം ചെയ്തിട്ടുണ്ട്. ബഹിരാകാശരംഗത്ത് വരുംകാലങ്ങളില്‍ വലിയ കുതിച്ചുചാട്ടം ഭാരതം നടത്തും. ഇതിനുവേണ്ടി നമുക്ക് കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: