തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനം ചരിത്രത്തിന്റെ ഭാഗമാകും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തില്‍ വലിയ ഗതി മാറ്റത്തിന് മോദിയുടെ സന്ദര്‍ശനം കാരണമാകുമെന്നാണ് വിലയിരുത്തല്‍. ബിജെപിക്കും എന്‍ഡിഎക്കും മോദിയുടെ വരവ് ഊര്‍ജ്ജം പകരുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും മോദി മാജിക്കിന്റെ ഞെട്ടലിലാണ്. അതിന്റെ തെളിവായി ഇന്നലെ വിവിധ നേതാക്കളുടെ പ്രതികരണങ്ങള്‍.
ചെയ്തതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള മോദിയുടെ പ്രസംഗം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. മോദിയുടെ ഉറപ്പ്, സാധാരണ രാഷ്ട്രീയക്കാര്‍ പറയുന്ന പൊള്ളയായ വാഗ്ദാനമല്ലെന്ന് ജനം കരുതുന്നു. മോദിയുടെ ഗ്യാരന്റിയെന്ന പ്രയോഗം സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമാവുകയാണ്. 27 മുതല്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയുടെ മുദ്രാവാക്യം പുതിയ കേരളത്തിന് മോദിയുടെ ഗ്യാരന്റിയെന്നതാണ്.
പത്ത് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍, പ്രത്യേകിച്ച് വനിതാ ശാക്തീകരണ രംഗത്തെ നേട്ടങ്ങള്‍ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മത ന്യൂനപക്ഷങ്ങളെ ബിജെപി ചേര്‍ത്ത് പിടിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. രാജ്യത്ത് ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയാണ് ഭരണത്തിലെന്നും മോദി ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ വോട്ട് ബാങ്കുള്ള കേരളത്തില്‍ ഇത്തരം വസ്തുതകള്‍ മറച്ച് വച്ച് പ്രതിപക്ഷം ബിജെപി വിരോധം പ്രചരിപ്പിക്കുന്നത് തടയാന്‍ മോദിയുടെ ഒറ്റപ്രസംഗം കൊണ്ട് തന്നെ സാധിച്ചുവെന്നാണ് വിലയിരുത്തല്‍.
സ്ത്രീശക്തിസംഗമം പ്രതീക്ഷിച്ചതിലും വിജയമായതിന്റെ ആവേശത്തിലാണ് ബിജെപി. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരായ വനിതകള്‍ മാത്രമല്ല മോദിയെ കാണാനെത്തിയത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ഒട്ടേറെ വനിതകള്‍ സംഗമത്തിനെത്തി. വിദ്യാര്‍ത്ഥികളും യുവതികളും വലിയ തോതില്‍ പങ്കെടുത്തു. വേദിയില്‍ എത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്ന അതിഥികള്‍ എല്ലാവരും എത്തി. ശോഭനയും വൈക്കം വിജയലക്ഷ്മിയും മിന്നുമണിയും ബീന കണ്ണനും ഉമാ പ്രേമനും സുനില്‍ ടീച്ചറും പദ്മശ്രീ ജേതാവ് ശോശാമ്മ ഐപ്പും ഉള്‍പ്പെടെ മിക്കവരും ഇതാദ്യമായാണ് ബിജെപി വേദിയില്‍ എത്തുന്നത്. പാര്‍ട്ടിയുടെ സംഘടനാ ശേഷിയുടെ വിളംബരം കൂടിയായി മഹിളാ സംഗമം. സംസ്ഥാനത്ത് മഹിളകളുടേത് മാത്രമായി ഇത്ര വലിയ സമ്മേളനം നടക്കുന്നത് ഇതാദ്യമായാണ്.
മോദിയുടെ ഇടപെടല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാവുമെന്നാണ് ബിജെപിയും എതിരാളികളും കരുതുന്നത്. കോണ്‍ഗ്രസ്-ഇടത് മുന്നണികളെ മോദി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടി. ശബരിമലയിലെ തീര്‍ത്ഥാടകര്‍ നേരിടുന്ന വിഷമങ്ങള്‍ പരാമര്‍ശിച്ചു. തൃശ്ശൂര്‍ പൂരം സംബന്ധിച്ച ആശങ്കകള്‍ പോലും പങ്കുവച്ചു. വികസനം ഉള്‍പ്പെടെ കേരളം നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണമെന്തെന്ന് മോദി വ്യക്തമാക്കി. കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, സിപിഐ നേതാക്കള്‍ ഇന്നലെ നരേന്ദ്ര മോദിക്കെതിരെ പ്രസ്താവനകളുമായി രംഗത്തെത്തി. അവസാന തുരുത്തായ കേരളവും കൈവിട്ടുപോകുമോയെന്ന ആശങ്ക അവരുടെ വാക്കുകളില്‍ പ്രകടം. നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ജനപിന്തുണയേയും കോണ്‍ഗ്രസ്, ഇടത് നേതൃത്വം എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഈ നേതാക്കളുടെ പ്രസ്താവനകള്‍.
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടേയും എന്‍ഡിഎയുടേയും കേളികൊട്ടായാണ് തൃശ്ശൂര്‍ സമ്മേളനം വിലയിരുത്തപ്പെടുന്നത്. പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദിയുടെ ആദ്യ റാലിയും ഇതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: