തിരുവനന്തപുരം: കുടിശികയിൽ മൂന്നിലൊന്നൊങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ലറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈകോ. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ 1600 കോടിയോളം കുടിശികയാണ് സപ്ലൈകോക്കുള്ളത്.
800 കോടിയിലധികം കുടിശിക ആയതോടെ സ്ഥിരം കരാറുകാർപോലും ടെണ്ടറിൽ പങ്കെടുക്കുന്നില്ല. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ടതോടെ ഇനി ഇങ്ങനെ മുന്നോട്ടു പോകുന്നില്ലെന്ന നിലപാടിലാണ് സപ്ലൈകോ. പണമില്ലാ പ്രതിസന്ധിയുടെ ആഴം പറഞ്ഞതിന് അപ്പുറം അടിയന്തരമായി 500 കോടിയെങ്കിലും അനുവദിച്ചേ തീരു എന്ന് മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ഇരുനൂറ്റമ്പതോളം ചെറുകിട ഉത്പാദകരും വിതരണക്കാരുമാണ് സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്കി പെരുവഴിയിലായിരിക്കുകയാണ്. ഒരു കോടി മുതല്‍ രണ്ട് കോടി വരെ രൂപവരെ ഇവരിൽ പലർക്കും കിട്ടാനുണ്ട്. അതേസമയം, വിലവർധനയെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കിയ സമിതിയുടെ റിപ്പോർട്ട് അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണയ്ക്ക് വന്നേക്കും. വിപണിയിൽ വിലമാറുന്നതിനനുസരിച്ച് സബ്സിഡി ഇടയ്ക്കിടെ പരിശോധിക്കും വിധമാണ് പുനസംഘടനയെന്നാണ് വിവരം.
പരമാവധി 25 ശതമാനം സബ്സിഡിയിൽ കുറയാത്ത വിലക്രമീകരണമാണ് പരിഗണിക്കുന്നതെന്നെന്നാണ് സൂചന. നിലവിലിത് 50 ശതമാനത്തോളമാണ്. മാത്രമല്ല വിപണിയിലെ വില വ്യത്യാസത്തിന് അനുസരിച്ച് അതാത് സമയത്ത് സബ്സിഡി പുനക്രമീകരിക്കാനും ശുപാര്‍ശയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: