അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. പുതുക്കിയ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് അയോധ്യയില്‍ സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും.
അയോധ്യാ പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി എത്തുന്നതോടെ തുടക്കമാകും. ശീരാമ കിരീട മാതൃകയിലുള്ള അയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്, പുതുക്കി പണിത അന്താരാഷട്ര വിമാനത്താവളം, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകള്‍, ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകള്‍, അയോധ്യ ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പ് എന്നിങ്ങനെ രാമക്ഷേത്രത്തോടനുബന്ധിച്ച് ഭക്തരുടെ സ്വകര്യാര്‍ത്ഥം നിരവധി പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 11.15 നാണ് അയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനം. 240 കോടി ചിലവഴിച്ച് പുതുക്കിയ റെയില്‍വേ സ്റ്റേഷന് ക്ഷേത്ര നിര്‍മിതിയോട് സാമ്യമുള്ള വിധത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 12.15നാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം. 1450 കോടി ചെലവിട്ടാണ് വിമാനത്താവളം വികസിപ്പിച്ചിട്ടുള്ളത്. ഒരുമണിക്ക് റോഡ് ഷോയിലും തുടര്‍ന്നുള്ള പൊതു പരിപാടിയിലും മോദി പങ്കെടുക്കും.
റോഡ് ഷോയ്ക്ക് ശേഷമുള്ള പൊതു പരിപാടിയില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15700 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: