തിരുവനന്തപുരം: നാടകത്തെ ജീവനു തുല്ല്യമായി കൊണ്ടു നടന്ന അന്തരിച്ച നാടകകൃത്ത് പ്രശാന്ത് നാരായണന് അരങ്ങ് വിട്ടൊഴിയുമ്പോള്‍ ബാക്കിയായത് തിയേറ്റര്‍ നാടകത്തെ പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം സ്ഥാപിച്ച ‘കളം’ എന്ന സംഘടന. 2015ല്‍ ആയിരുന്നു പ്രശാന്ത് ചെയര്‍മാനായി കളം ആരംഭിച്ചത്. കാവാലം നാരായണപ്പണിക്കരുടെ തിരുവരങ്ങില്‍ പ്രശാന്ത് നാരായണന് സജീവ അംഗമായിരുന്നു.
വിദ്യാഭ്യാസാനന്തരം സംസ്ഥാന മൃഗ സംരക്ഷണ വകുപ്പില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറായി. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴി, നിഴല്‍ എന്നീ സിനിമകളിലും 20 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2003ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 2015 ല്‍ എ.പി. കളയ്ക്കാട് അവാര്‍ഡ്, 2016 ല്‍ അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സ്കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ നാടകം എഴുതുകയും അഭിനയിക്കുകയും ചെയ്തിരുന്ന പ്രശാന്ത് നാരായണന്റെ രചനാ വൈഭവം ശ്രദ്ധേയമാണ്. സംസ്കൃതം, ഇംഗ്ലീഷ്, കന്നട ഭാഷകളിലെ കൃതികള്‍ മലയാളിക്ക് പകര്‍ന്നു. ടാഗോറിന്റെ തപാലാഫീസ്, ഷേക്സ്പിയറിന്റെ ഹാംലെറ്റ്, ഭാസ മഹാകവിയുടെ ഊരുഭംഗം, ദൂതഘടോത്കചം, തുടങ്ങിയ നാടകങ്ങള്‍ ഇതില്‍പ്പെടുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഭാസന്റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്തു വിജയമാക്കി. നാടക ലോകവും ചലച്ചിത്ര മേഖലും ഏറെ ചര്‍ച്ച ചെയ്ത മോഹന്‍ലാലും മുകേഷും അഭിനയിച്ച ഛായാമുഖി തിയേറ്റര്‍ നാടകത്തില്‍ പ്രശാന്തിന്റെ കലാവൈഭവം എടുത്തുകാട്ടുന്നതായിരുന്നു. എംടിയുടെ കൃതികളെയെല്ലാം കോര്‍ത്തിണക്കിയ ‘കാലം നവതിവന്ദനം’ ആണ് പ്രശാന്തിന്റെ അവസാന കൃതി. സ്റ്റേജിലെ വിപ്ലവമല്ല നാടകമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: