ചെന്നൈ: തമിഴ് സിനിമയില്‍ വില്ലനായി തുടക്കം കുറിച്ചതു മുതല്‍ വിജയങ്ങളുടെ കൂട്ടുകാരനായിരുന്നു വിജയകാന്ത്. ആക്ഷനായാലും ത്രില്ലറായാലും പ്രണയമായാലും പോലീസായാലും വിജയകാന്ത് സിനിമകള്‍ തമിഴകത്ത് വന്‍ വിജയങ്ങളായിരുന്നു എക്കാലവും. ചിന്നമണി കുയിലേ…എന്നതടക്കം വിജയകാന്ത് സിനിമകളിലെ എത്രയോ സുപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഇപ്പോഴും പ്രേക്ഷക ഹൃദയങ്ങളില്‍ അലയടിക്കുന്നു.
വിജയകാന്തിന്റെ ചലച്ചിത്ര ജീവിതത്തിലെ ആദ്യത്തെ വിജയം ബ്ലോക്ക് ബ്ലസ്റ്റര്‍ ഹിറ്റായിരുന്നു. 1981 ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ‘സട്ടം ഒരു ഇരുട്ടറൈ’ സംവിധാനം ചെയ്തത് നടന് വിജയ്യിന്റെ അച്ഛന് എസ്. എ. ചന്ദ്രശേഖര്‍. ചിത്രത്തില്‍ വിജയകാന്തിന്റെ സഹോദരനായി വിജയ് അഭിനയിച്ചിട്ടുണ്ട്. പിന്നീട് സാച്ചി, നൂറാവത് നാള്, കൂലിക്കാരന്, നാനെ രാജ നാനെ മന്തിരി’, വൈദേഹി കാത്തിരിന്താള്, ‘പുലന്‍ വിസാരണൈ തുടങ്ങിയ ചിത്രങ്ങളെല്ലാം വിജയങ്ങളായിരുന്നു.
1986 ല്‍ ആര്. സുന്ദര്‍ രാജന് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് അമ്മന്‍കോവില്‍ കിഴക്കാലെയിലെ അഭിനയത്തിന് മികച്ച നടനുള്ള ആദ്യ ഫിലിം ഫെയര്‍ അദ്ദേഹത്തിന് ലഭിച്ചു. 92 ല്‍ പുറത്തിറങ്ങിയ ചിന്ന ഗൗണ്ടര്‍ 250 ദിവസമാണ് തകര്‍ത്തോടിയത്. നൂറാമത്തെ ചിത്രം എക്കാലത്തെയും വലിയ ഹിറ്റാക്കിയ ചരിത്രവുമുണ്ട് വിജയകാന്തിന്. ആര്. കെ. സെല്‍വമണി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ക്യാപ്റ്റന്‍ പ്രഭാകരന് വന്‍ വിജയമായി. വിജയകാന്തിന് ക്യാപ്റ്റന്‍ എന്ന വിളിപ്പേരും വന്നു. മകന് വിജയ പ്രഭാകരന് എന്ന് പേര് നല്കിയതും സിനിമയുടെ വിജയത്തിന്റെ ഓര്‍മയ്ക്കാണ്.
തൊണ്ണൂറുകളില്‍ വന്ന സൊക്ക തങ്കം, വാനത്തെപ്പോലെ, എങ്കള്‍ അണ്ണ പോലെയുള്ള നിരവധി സിനിമകളും വിജയമായിരുന്നു. മലയാളത്തില്‍ സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിന്റെ റീമേക്കായിരുന്നു എങ്കല് അമ്മ. തമിഴിലും സംവിധായകന് സിദ്ദിഖ് തന്നെയായിരുന്നു. 2002ല്‍ എ.ആര്. മുരുഗദോസ് സംവിധാനം ചെയ്ത രമണ 40 കോടി വരെ നേടി. വിജയകാന്ത് ഡബിള്‍ റോളിലെത്തിയ വാനത്തെപ്പോലെ 250 ദിവസം ഓടി 25 കോടിക്കു മുകളില്‍ കളക്ട് ചെയ്തു. 2008ല്‍ പുറത്തിറങ്ങിയ അരസാങ്കം രാഷ്ട്രീയ പ്രവേശത്തിനു തൊട്ടു പിന്നാലെ വന്ന സിനിമയാണ്. അതും വന്‍ ഹിറ്റായി. പിന്നീടദ്ദേഹം സിനിമകളില്‍ നിന്ന് മാറി നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: