ന്യൂദല്‍ഹി : ഖത്തറില്‍ തടവില്‍ കഴിയുന്ന മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് ഈ നടപടി. വധശിക്ഷ വിധിച്ചിരുന്നത് അപ്പീല്‍ കോടതി ജയില്‍ ശിക്ഷയായികുറച്ചെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
എന്നാല്‍ കോടതിയുടെ ഉത്തരവ് പുറത്തുവിടാത്തതിനാല്‍ എത്ര വര്‍ഷത്തെ ജയില്‍ ശിക്ഷയാണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. വിശദമായ ഉത്തരവ് പുറത്തിറങ്ങിയ ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ. 2022 ഓഗസ്റ്റ് 30ന് അര്‍ധരാത്രിയിലാണ് ഖത്തര്‍ സുരക്ഷാസേന എട്ട് നാവികരെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച ശേഷം ഇവര്‍ ഖത്തറില്‍ നാവിക സേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നു. ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പൂര്‍ണേന്ദു തിവാരി, സുഗുണകര്‍ പകല, അമിത് നാഗ്പാല്‍, സഞ്ജീവ് ഗുപ്ത, നവ്തേജ് സിങ് ഗില്‍, ബിരേന്ദ്രകുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. തുടര്‍ന്ന് വിചാരണക്ക് ശേഷം ഇവരെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. സംഭവം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ തടവിലാക്കിയവരുമായി കൂടിക്കാഴ്ചയും നടത്തിയശേഷം അപ്പീല്‍ നല്‍കുകയായിരുന്നു. വധശിക്ഷയ്ക്കെതിരായ ഇന്ത്യയുടെ ഹര്‍ജികളില്‍ കോടതി വാദംകേട്ടു. ഒപ്പം ദുബായില്‍ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ ഭരണാധികാരി ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയും നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു.
ദോഹയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായി തടവിലായവര്‍ക്ക് മുന്‍ പരിചയമുണ്ടായിരുന്നു. ഇവരുമായി നടത്തിയ സൗഹൃദസംഭാഷണമാണ് ഖത്തര്‍ അധികൃതരില്‍ സംശയമുണ്ടാക്കിയത്. അതേസമയം വിഷയത്തില്‍ പാക്കിസ്ഥാന് നല്കിയ തെറ്റായ വിവരങ്ങളാണ് വധശിക്ഷ വിധിക്കാനുണ്ടായ പ്രധാന കാരണമെന്നും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: