പത്തനംതിട്ട : ശബരിമലയില്‍ ഇത്തവണ വരുമാനം കുറവാണെന്ന പ്രസ്താവന തള്ളി ദേവസ്വം ബോര്‍ഡ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 18 കോടിയില്‍ അധികം രൂപയുടെ വരുമാനം ഉണ്ടായതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. ശബരിമലയില്‍ തീര്ത്ഥാടകര്ക്കുണ്ടായ അസൗകര്യങ്ങളെ തുടര്‍ന്ന് വരുമാനം കുറഞ്ഞെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട നടവരവ് കണക്കുകളില്‍ വ്യക്തമാക്കിയിരുന്നത്.
ഇത്തവണത്തെ തീര്‍ത്ഥാടന കാലയളവില്‍ 241,71,21,711 (ഇരുനൂറ്റി നാല്‍പ്പത്തി ഒന്ന് കോടി എഴുപത്തിഒന്ന് ലക്ഷത്തി ഇരുപത്തിഒന്നായിരത്തി എഴുനൂറ്റി പതിനൊന്ന്) രൂപയാണ് ശബരിമലയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 18.72 കോടിയുടെ അധിക വരുമാനമാണ്.
തീര്‍ത്ഥാടകര്‍ നേരിട്ട അസൗകര്യം കാരണം ശബരിമലയിലെ വരുമാനം കുറഞ്ഞെന്ന വാദം തള്ളി ദേവസ്വം ബോര്‍ഡ്. മുന്‍ വര്‍ഷത്തേക്കാള്‍ 18 കോടി രൂപയിലേറെ വരുമാനം വര്‍ധിച്ചെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. രണ്ടുദിവസം മുമ്പ് അവതരിപ്പിച്ച നടവരവ് കണക്കുകള്‍ക്ക് വിരുദ്ധമായ പ്രസ്താവനയുമായാണ് ബോര്‍ഡ് പ്രസിഡന്റ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
2229870250 രൂപയായിരുന്നു കഴിഞ്ഞവര്‍ഷത്തെ വരവ്. കുത്തകലേലം വഴി ലഭിച്ച വരുമാനം കൂടി ചേര്‍ത്തതാണ് 18.72 കോടിയുടെ അധിക വരുമാനം ഉണ്ടായതായി കണക്കുകളില്‍ പറയുന്നത്. 374045007 രൂപയാണ് കുത്തകലേലത്തിലൂടെ ലഭിച്ചത്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിട്ട കണക്കുകളില്‍ കുത്തക ലേലത്തുക ഉള്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം ശബരിമലയില്‍ കാണിക്കയായി ലഭിച്ച നാണയങ്ങളും നിലയ്ക്കലിലെ പാര്‍ക്കിങ് ഫീസ് എന്നിവയും ഈ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവ കൂടി ചേര്‍ക്കുമ്പോള്‍ വരുമാനത്തില്‍ ഇനിയും മാറ്റമുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലെ അസൗകര്യങ്ങളും നിയന്ത്രണങ്ങളും മൂലം അപ്പത്തിന്റേയും അരവണയുടേയും വില്‍പ്പന കുറഞ്ഞെങ്കിലും, കാണിക്കയും കുത്തക ലേലത്തുകയും കുറഞ്ഞിട്ടില്ല, വര്‍ധനവാണ് ഉണ്ടായിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: