ശിവഗിരി : ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും മത്സരം ഇല്ലാതിരിക്കണം. എല്ലാമതത്വങ്ങളും എല്ലാവരും അറിയണം. ഇതാകണം ഇന്ത്യയുടെ ആവശ്യമെന്ന് നാഷണല്‍ ജൂഡീഷ്യറി അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ. ജി മോഹന്‍ ഗോപാല്‍ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെ ഇക്കാര്യത്തിലുള്ള ഉപദേശവും ഈ വിധമായിരുന്നുവെന്നും മോഹന്‍ ഗോപാല്‍ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന ഗുരുധര്‍മ്മപ്രചരണ സഭാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ മുന്നില്‍ ഒരു ജാതി മാത്രമേയുള്ളൂ. സമുദായങ്ങള്‍ പലപേരില്‍ ഉണ്ടാകാം. പക്ഷേ ഒരേ വിധത്തില്‍ ജനിക്കുന്ന മനുഷ്യരെല്ലാം ഒരു ജാതി തന്നെ. മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ഗുരുദേവനെ കണ്ട് സംസാരിക്കുമ്പോള്‍ പലജാതി സങ്കല്‍പ്പമായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഗുരുവുമായുള്ള സംഭാഷണത്തിന് ശേഷം ഗാന്ധി മടങ്ങിയത്. മനുഷ്യര്‍ ഒരുജാതിയില്‍പ്പെട്ടവര്‍ എന്ന വിശ്വാസത്തോടെയായിരുന്നു. ചില മതവിഭാഗങ്ങള്‍ ഒന്നിച്ചു നിന്നുകൊണ്ട് മറ്റ് മത വിഭാഗങ്ങളെ എതിര്‍ക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന ഗുരുദേവ ദര്‍ശനത്തില്‍ നാം എത്തിച്ചേരണം. ഈ തത്വം ഓരോ മനുഷ്യ മനസ്സുകളിലും ഉണ്ടാകണം. ഇതുവഴി പരസ്പര സ്നേഹം നിലനിര്‍ത്തുവാനും സദാചാരലംഘനമില്ലാത്ത സമൂഹം കെട്ടിപ്പെടുക്കുവാനും കഴിയണമെന്ന് മോഹന്‍ ഗോപാല്‍ പറഞ്ഞു.
ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ജാതി ഭേദമില്ലാത്ത മനുഷ്യ സമൂഹം രൂപപ്പെടണം അതിനായി ഗുരുദേവന്റെ തത്വസംഹിതകള്‍ നാടാകെ പ്രചരിക്കണം. അക്കാര്യത്തില്‍ ഗുരുദേവന്റ നാമധേയത്തിലുള്ള എല്ലാ സംഘടനകളും യത്നിക്കേണ്ടതാണെന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞു. അധ: സ്ഥിത പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്ന രീതിയില്‍ എവിടേയും കാണാനാവും. ഗുരുദേവന്റെ പ്രവര്‍ത്തന ഫലമായിട്ടാണ് ഇന്ന് കാണാനാവുന്ന പുരോഗതി എല്ലാ മേഖലയിലും ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ ഗുരുദേവനു മുമ്പും പിമ്പും എന്നതില്‍ പഠനം നടത്തുമ്പോഴാകും ഗുരുദേവന് മുമ്പത്തെ സാമൂഹിക സ്ഥിതി ഏതുവിധമായിരുന്നുവെന്ന് മനസ്സിലാക്കാനാവൂ എന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ , സ്വാമി പ്രബോധതീര്‍ത്ഥ, പിന്നോക്ക സമുദായ മുന്‍ ഡയറക്ടര്‍ വി.ആര്. ജോഷി, സഭാ ഉപദേശക സമിതി കണ്‍വീനര്‍ കുറിച്ചി സദന്, ശിവഗിരി മഠം പി.ആര്.ഒ. ഇ.എ.ം സോമനാഥന് , മാതൃസഭ ചെയര്‍പേഴ്സണ്‍ മണിയമ്മ ഗോപിനാഥന്, സഭ പി.ആര്.ഒ. വി.കെ. ബിജു, രജിസ്ട്രാര്‍ അഡ്വ. പി.എം. മധു, യുവജന സഭാ ചെയര്മാന് രാജേഷ് സഹദേവന്, ജോയിന്റ് രജിസ്ട്രാര്‍ സി.ടി. അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് 10 മണിക്ക് ആശാന് ദേഹവിയോഗ ശതാബ്ദിയാചരണം നടക്കും. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: