അയോധ്യ അക്ഷരാര്‍ഥത്തില്‍ ഒരുങ്ങുന്നു. ഭഗവാന് ശ്രീരാമന്റെ കാലടികള്‍ക്കു കാതോര്‍ത്ത് എല്ലാവരും നിറഞ്ഞ ആഘോഷത്തിലാണ്. റെയില്‍വെ സ്റ്റേഷന് മുതല്‍ സരയൂ തീരം വരെ എവിടെയും പുതിയ നിര്‍മിതികള്‍. അഞ്ചു നൂറ്റാണ്ടിനിപ്പുറം മടങ്ങിയെത്തുന്ന രാമനായി അയോധ്യനഗരി തന്നെ പുനര്‍ നിര്‍മിക്കുകയാണ്. രാമജന്മഭൂമിയിലുയരുന്ന പുതിയ ക്ഷേത്രം ആയിരം വര്‍ഷത്തെ കാലാവധിയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ വാക്കുകളില്‍ എല്ലാമുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ അയോധ്യയില്‍ എത്തിക്കൊണ്ടിരിക്കുന്നു. ക്ഷേത്ര, നഗര വികസനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മറുപടികളിലൂടെ, വിവാദങ്ങള്‍ക്കല്ല വിശ്വാസത്തിനും വികസനത്തിനുമാണ് ശ്രദ്ധയെന്ന് ഓരോ ട്രസ്റ്റ് അംഗങ്ങളും ഉറപ്പുവരുത്തുന്നു. ക്ഷേത്ര നിര്‍മാണത്തിന്റെ പ്രത്യേകതകളെപ്പറ്റി പ്രോജക്ട്, ഡിസൈന്‍ മാനേജര്‍മാര്‍ വിശദീകരിക്കുന്നു.
എഴുപതേക്കറില്‍ ഉയരുന്ന രാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മാണം ജനുവരി 15ന് പൂര്‍ത്തീകരിക്കും. പിന്നീട് ഒരാഴ്ച ക്ഷേത്ര പരിസര ശുചീകരണവും മോടി പിടിപ്പിക്കലും. താഴത്തെ നില പൂര്‍ണമായി. ഒന്നാം നിലയില്‍ രാംദര്‍ബാര്‍ അവസാന ഘട്ടത്തിലാണ്. ഗര്ഭഗൃഹത്തില് പ്രതിഷ്ഠിക്കാനുള്ള ബാലകരാമ വിഗ്രഹം ജനുവരി ആദ്യവാരത്തോടെ തെരഞ്ഞെടുക്കും. നിലവിലെ ചെറിയ രാമവിഗ്രഹവും ഗര്ഭഗൃഹത്തില്ത്തന്നെ സൂക്ഷിക്കും. ഉത്സവങ്ങള്‍ക്കും മറ്റും ഇതുപയോഗിക്കും. ആറിഞ്ചു വീതിയുള്ള തേക്കിന് തടിയില്‍ തീര്‍ത്ത ശ്രീകോവില്‍ വാതിലുകളില്‍ ചെമ്പും സ്വര്‍ണവും പൊതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റും 14 അടി ഉയരത്തില്‍ രണ്ടു നില മതില്. ഇവിടെ സൂര്യന്, ഭഗവതി, ഗണപതി, ശിവന്, അന്നപൂര്‍ണ, ഹനുമാന് എന്നിവര്‍ക്കും കോവിലുകള്‍.
ഗ്രാനൈറ്റ് കൊണ്ടാണ് ക്ഷേത്ര നിര്‍മാണം. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി വസ്തുക്കള്‍ കൊണ്ടുവന്നു. തേക്ക് മഹാരാഷ്ട്രയില്‍ നിന്നും മരപ്പണി വിദഗ്ധര്‍ തമിഴ്നാട്ടില്‍ നിന്നുമാണ്. ഗ്രാനൈറ്റ് പണി കര്‍ണാടകക്കാര്‍ക്കാണ്. മാര്‍ബിള്‍ പണി രാജസ്ഥാന്‍കാരും. ഒരേ സമയം 800 പേരെ ഉള്‍ക്കൊള്ളാന്‍ ക്ഷേത്രത്തിനാകും. നാലു വരികളിലാകും ദര്‍ശനം. രണ്ടു വരികള്‍ കുടുംബവുമായെത്തുന്ന രാമഭക്തര്‍ക്ക്. ദിവ്യാംഗര്‍ക്കു പ്രത്യേക വരിയുണ്ട്. മാലകളോ പൂക്കളോ പ്രത്യേക പൂജകളോ രാമക്ഷേത്രത്തിലില്ല. പ്രസാദം പുറത്തു കൗണ്ടറില്‍ ലഭ്യമാക്കും. പണമടച്ചുള്ള ദര്‍ശനമില്ല. എല്ലാവരുടെയും രാമന് എന്ന സങ്കല്പത്തില് തന്നെയാകും പുതുയുഗത്തില്‍ രാമന് പ്രജകളെ കാണുകയെന്നുറപ്പ്.
ഡിസംബര്‍ 30ന് അയോധ്യയിലെ വിമാനത്താവളവും റെയില്‍വെ സ്റ്റേഷനും ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: