തൃശൂര്‍: കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം പണം മാത്രമാണെന്നും ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം മദ്യക്കച്ചവടം പോലെയാണ് പൂരമെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികലടീച്ചര്‍.
തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനിച്ചാല്‍ അംഗീകരിക്കില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
പൂരം നടന്നേ പറ്റൂ. പൂരം ഒഴിവാക്കാന്‍ വേണ്ടിയുള്ള പ്രകൃതി ദുരന്തങ്ങളൊന്നും വന്നിട്ടില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
പൂരം നടത്തുക എന്ന നിശ്ചയം പത്തിരുനൂറ് വര്‍ഷങ്ങള്‍ മുന്‍പുള്ള നിശ്ചയമാണ്. അത് നടന്നേ പറ്റൂ. പൂരം വെറും അടിയന്തിരം മാത്രമായിട്ട്, വെറുതെ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ പറ്റില്ല. ആഘോഷത്തോടെ, ആര്ഭാടത്തോടെത്തന്നെ പൂരം നടക്കും. കാരണം പൂരം നടത്തുന്നത് വടക്കുന്നാഥന് സാക്ഷിയാണ്. അന്യായമായ തറവാടക കൊടുത്ത് പൂരം എക്സിബിഷന് നടത്താന്‍ പറ്റില്ല. – ശശികല ടീച്ചര്‍ പറഞ്ഞു.
പൂരം എക്സിബിഷന് നടത്താനുള്ള വടക്കുന്നാഥക്ഷേത്രത്തിന് പിന്നിലുള്ള ഗ്രൗണ്ടിന് കഴിഞ്ഞ വര്‍ഷം 39 ലക്ഷം വാടക ഈടാക്കിയിരുന്ന സ്ഥാനത്ത് ഇക്കുറി ദേവസ്വം ബോര്‍ഡ് രണ്ടേക്കാല്‍ കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവമ്പാടിയും പാറമേക്കാവും (തൃശൂര്‍ പൂരം നടത്തുന്ന രണ്ട് പ്രധാന ക്ഷേത്രങ്ങള്‍) ചേര്‍ന്നാണ് പൂരം എക്സിബിഷന് നടത്തുന്നത്. അതില്‍ നിന്നും കിട്ടുന്ന വരുമാനംകൊണ്ടാണ് പ്രധാനമായും തൃശൂര്‍ പൂരത്തിന്റെ ചെലവ് നടന്നുപോകുന്നത്. പക്ഷെ ഇത്തവണ രണ്ടേക്കാല്‍ കോടി രൂപ എക്സിബിഷന് നടത്താനുള്ള തറവാടക ആവശ്യപ്പെട്ടതിനാല്‍ തൃശൂര്‍ പൂരം വെറും ചടങ്ങ് മാത്രമായി നടത്തുമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡിന് തിരുവമ്പാടി, പാറമേക്കാവ് സംയുക്ത യോഗം താക്കീത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ സിപിഎം പ്രതിനിധി പറഞ്ഞത് പാറമേക്കാവിനെയും തിരുവമ്പാടിയെയും ഒഴിച്ചു നിര്‍ത്തി ഇക്കുറി തൃശൂര്‍ പൂരം നടത്തുമെന്നാണ്. ഇതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടത്തിപ്പ് വലിയ വിവാദത്തിന്റെ നിഴലിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: