മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും പരിവാരങ്ങളും ചില മാധ്യമങ്ങളും ചേര്‍ന്ന് മുപ്പത്തിയാറ് ദിവസം ഊതിവീര്‍പ്പിച്ച ബലൂണ്‍ അവസാനം പൊട്ടിയിരിക്കുന്നു. തികച്ചും രാഷ്ട്രീയമായ ലക്ഷ്യത്തോടെ വടക്കുനിന്ന് തെക്കോട്ട് 140 നിയോജകമണ്ഡലങ്ങളിലൂടെയും ആഡംബര വാഹനത്തിലൂടെ സഞ്ചരിച്ച് നടത്തിയ നവകേരള സദസ്സ് അവസാനിച്ചത് ഗുണപരമായി യാതൊരു നേട്ടവും കൈവരിക്കാതെയാണ്. നാടിന്റെ അടിസ്ഥാനപരമായ ഒരു പ്രശ്നവും ഈ യാത്ര പരിഹരിച്ചിട്ടില്ല. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്തു. ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രശ്നങ്ങളും പരാതികളും മനസ്സിലാക്കി പരിഹരിക്കുമെന്നായിരുന്നു നവകേരള സദസ്സിന്റെ അവകാശവാദം. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഒരു മാസത്തിലേറെക്കാലം അടച്ചിട്ടുകൊണ്ട് ഇങ്ങനെയൊരു പരിപാടി ആവശ്യമില്ലായിരുന്നു. താഴെത്തട്ടില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കളക്ടറേറ്റുകളും പഞ്ചായത്തുകളും വില്ലേജ്-താലൂക്ക് ഓഫീസുകളും ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളും ആയിരക്കണക്കിന് ജീവനക്കാരുമുണ്ട്. എല്ലാം ഓണ്‍ലൈനായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നൂറുകണക്കിന് അക്ഷയകേന്ദ്രങ്ങളുമുണ്ട്. സംസ്ഥാനത്ത് ഏതു ജില്ലയിലെ ഏതു ഗ്രാമത്തിലുള്ളവര്ക്കും ഇവയുടെയൊക്കെ സേവനം ലഭ്യമാണ്. ഇത്തരമൊരു സാഹചര്യവും സൗകര്യങ്ങളും ഉണ്ടായിരിക്കെ ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന ഒരു മുദ്രാവാക്യവുമായി നവകേരള സദസ്സ് സംഘടിപ്പിച്ചത് തീര്‍ത്തും അനാവശ്യമായിരുന്നു. ജനോപകാര പ്രദമായി ചെലവഴിക്കാവുന്ന കോടിക്കണക്കിന് രൂപയുടെ നികുതിപ്പണമാണ് ഇതിന്റെ പേരില്‍ നിരുത്തരവാദപരമായി ധൂര്‍ത്തടിച്ചത്.
മന്ത്രിമാരെ സ്വന്തം ചുമതലകളില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പരിപാടിയായിരുന്നു ഒരര്‍ത്ഥത്തില്‍ നവകേരള സദസ്സ്. നാട്ടുകാരുടെ പരാതികള്‍ മന്ത്രിമാര്‍ നേരിട്ട് സ്വീകരിക്കില്ലെന്ന് തുടക്കംതന്നെ വ്യക്തമാക്കിയിരുന്നു. അത് ഉദ്യോഗസ്ഥരുടെ ചുമതലയായി തീരുമാനിക്കപ്പെട്ടു. എല്ലാം ശരിയാക്കാമെന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന് ഏഴ് വര്‍ഷമായിട്ടും ഒന്നും പരിഹരിക്കാത്തതിന്റെ അമര്‍ഷവും രോഷവുമൊക്കെ ഉള്ളിലൊതുക്കി കഴിയുന്ന ജനങ്ങളില്‍നിന്ന് മന്ത്രിമാര്‍ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അതൊഴിവാക്കിയത്. പ്രകോപിതരായാല്‍ ജനങ്ങള്‍ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് പറായനാവില്ലല്ലോ. ഡസന്‍ കണക്കിന് വാഹനങ്ങളുടെ അകമ്പടിയില്‍ സര്‍വസന്നാഹങ്ങളോടെയും യാത്ര ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്ന പ്രതിഷേധം കണ്ടതാണല്ലോ. അപ്പോള്‍ നേരിട്ട് അപേക്ഷ സ്വീകരിക്കാന്‍ നിന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. നവകേരള സദസ്സിന് ഉപയോഗിച്ച ആഡംബര ബസ്, യാത്ര അവസാനിച്ച ശേഷം പോലീസ് കസ്റ്റഡിയിലേക്ക് മാറ്റിയതുപോലും ജനങ്ങളെ ഭയന്നാണ്. ജനവിരുദ്ധതയുടെയും ധൂര്‍ത്തിന്റെയും പ്രതീകമായ ഈ വാഹനത്തോടുപോലും ജനങ്ങള്‍ സഹിച്ചു എന്നുവരില്ല. യാത്രയ്ക്കുശേഷം ഈ ബസ്സ് മ്യൂസിയത്തിലേക്കു മാറ്റുമെന്നും, അതു കാണാന്‍ ആയിരങ്ങളെത്തുമെന്നും മറ്റുമുള്ള സിപിഎം നേതാക്കളുടെ അവകാശവാദങ്ങള്‍ സമൂഹം വലിയ അമര്‍ഷത്തോടെയാണ് കേട്ടത്. നവകേരള സദസ്സിന്റെ ഭാഗമായതും, ഇപ്പോള്‍ ഔദ്യോഗിക വാഹനങ്ങളിലേക്കു മാറിയതിലും മന്ത്രിമാരില്‍ ഒരു ഭാവഭേദവുമുണ്ടാക്കാനിടയില്ല. അവരുടെ ആഡംബര ജീവിതം പിന്നെയും തുടരുകയാണല്ലോ. ആസ്വദിക്കാന്‍ മൂന്നു വര്‍ഷംകൂടി ഇനിയുമുണ്ട്.
തുടക്കം മുതല്‍ ഒടുക്കംവരെ എണ്ണിയാലൊടുങ്ങാത്ത വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നല്ലാതെ മറ്റൊന്നും നവകേരള സദസ്സ് അവശേഷിപ്പിച്ചിട്ടില്ല. യാത്രയിലുടനീളം പോലീസും സിപിഎമ്മുകാരും നടത്തിയ അക്രമങ്ങളും അതിനെ ശരിവയ്ക്കുകയും ആക്കംകൂട്ടുകയും ചെയ്യുന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ നിലവാരമില്ലാത്ത പ്രസംഗങ്ങളുമാണ് ജനമനസ്സില്‍ നിറഞ്ഞുനില്ക്കുന്നത്. ജനങ്ങളെ കേള്‍ക്കുന്നതിലും പരാതികള്‍ സ്വീകരിക്കുന്നതിലും യാതൊരുവിധത്തിലുള്ള ആത്മാര്‍ത്ഥതയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉള്ളതായി തോന്നിയില്ല. ഏഴ് വര്‍ഷമായി നടത്തുന്ന ഇടതുമുന്നണി ഭരണത്തിന് കീഴില്‍ പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്നങ്ങളാണ് തങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നതെന്ന ജാള്യത മന്ത്രിമാര്‍ക്കുണ്ടായിരുന്നു. ഉളുപ്പില്ലായ്മ വളരെ കൂടുതലുള്ളതുകൊണ്ട് അതൊന്നും പുറത്തു കാണിച്ചില്ലെന്നു മാത്രം. നവകേരള സദസ്സുകളില്‍ ലഭിച്ച പരാതികളില്‍ പലതും അതിനു മുന്‍പുതന്നെ വിവിധ വകുപ്പുകളില്‍ ലഭിച്ചതാണ്. അതൊന്നും പരിഹരിക്കപ്പെട്ടിരുന്നില്ല എന്ന വാസ്തവം നിഷേധിക്കാനാവില്ല. പരിഹരിച്ചു എന്നു പറയുന്ന പ്രശ്നങ്ങളുടെ പോലും സത്യാവസ്ഥ എന്താണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. നവകേരള സദസ്സ് നടന്ന ദിവസങ്ങളത്രയും വിവാദങ്ങളുണ്ടാക്കുകയും, അക്രമങ്ങളുടെ പരമ്പര സൃഷ്ടിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുകയുമാണ് ചെയ്തത്. ചുരുക്കത്തില്‍ നികുതിപ്പണം ഉപയോഗിച്ച് വലിയൊരു പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് നവകേരള സദസ്സിലൂടെ നടത്തിയത്. എന്നാല്‍ അത് വലിയ തോതില്‍ തിരിച്ചടിയായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: