കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ അയ്യപ്പ ഭക്തര്‍ക്ക് കുറി തൊടാനും പണം കൊടുക്കണം. എരുമേലിയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരാനുഷ്ഠാനമായ പേട്ടതുള്ളലിന് ശേഷം കുളി കഴിഞ്ഞ് വരുന്ന അയ്യപ്പന്മാര്ക്ക് കുറി തൊടാനാണ് ഒരാള്‍ക്ക് അഞ്ച് രൂപ വീതം നല്‍കേണ്ടത്. ദേവസ്വം ബോര്‍ഡില്‍ നിന്ന് കടകള്‍ ലേലത്തിലെടുത്തവര്‍ നടപ്പന്തലിനുള്ളില്‍ അനധികൃതമായി നടത്തുന്ന കച്ചവടമാണ് കുറിതൊടല്‍.
ഇത്തരത്തില്‍ കച്ചവടം നടത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി ഇല്ലെന്ന് എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന് പറയുമ്പോഴാണ് ഈ തീര്‍ത്ഥാടക ചൂഷണം പകല്‍പോലെ നടക്കുന്നത്. നടപ്പന്തലിനുള്ളില്‍ കുളിക്കടവിനോട് ചേര്‍ന്ന് പണം കൊടുത്ത് കുറി തൊടാനാണ് കച്ചവടക്കാര്‍ കണ്ണാടി ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം ക്ഷേത്രത്തില്‍ നിന്നുള്ളതാണെന്ന വ്യാജേന കളഭം, സിന്ദൂരം, ഭസ്മം എന്നിവയും കുറി തൊടാനായി ഒരുക്കിയിട്ടുണ്ട്. ഇതിന് അഞ്ച് രൂപ വാങ്ങാന്‍ ജോലിക്കാരനുമുണ്ട്. പേട്ടതുള്ളി, കുളി കഴിഞ്ഞ് ക്ഷേത്രത്തില്‍ കയറി ദര്‍ശനം നടത്താനുള്ള അയ്യപ്പ ഭക്തരുടെ അവസരമാണ് അനധികൃത കുറിതൊടല്‍ മൂലം നഷ്ടമാകുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പേട്ടതുള്ളി വരുന്ന അയ്യപ്പഭക്തര്‍ വലിയ അമ്പലത്തിന് പ്രദക്ഷിണം വച്ചായിരുന്നു സമാപിച്ചിരുന്നത്. ഇപ്പോള്‍ പേട്ടതുള്ളല്‍ അമ്പലത്തിന്റെ നടപ്പന്തലില്‍ തന്നെ സമാപിക്കുന്ന തരത്തില്‍ എത്തിച്ചതും കച്ചവടക്കാരാണെന്ന് ആക്ഷേപം ശക്തമാണ്.
ഇതിനിടയിലാണ് കുറി തൊടീല് സംവിധാനവുമായി പുതിയ തട്ടിപ്പുകള്‍ രൂപപ്പെട്ടിരിക്കുന്നത്. കുറി തൊട്ട് നടപ്പന്തലില്‍ നിന്ന് ക്ഷേത്രത്തിലേക്ക് നോക്കി തൊഴുത് മടങ്ങുന്ന നിലയിലേക്ക് ദര്‍ശനം മാറ്റിമറിക്കാനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: