ഇന്നു കൃഷിപ്പണി ആര്‍ക്കും വേണ്ട! ചോരനീരാക്കി കൃഷിചെയ്തുണ്ടാക്കുന്ന നെല്ലിനാണ് ഇക്കാലത്ത് ഒരു വിലയുമില്ലാത്തത്. പ്രളയങ്ങളും മണ്ണിടിച്ചിലും, സമയം തെറ്റിയെത്തുന്ന പ്രാദേശിക മഴകളും, ലോകത്തൊട്ടാകെയുള്ള കാലാവസ്ഥാ വ്യതിയാനവും! എല്ലാം അതിജീവിച്ചുകൊണ്ട് അമ്പതിനം നെല്‍വിത്തുകള്‍ കൊല്ലം തോറും കൃഷി ചെയ്ത് കാലഹരണപ്പെടാതെ കാത്തുസൂക്ഷിച്ചുവരുന്നു. സന്തോഷമുണ്ട്, അതിലേറെ സംതൃപ്തിയാണ്!
നേരിട്ടു വിതയ്ക്കേണ്ടതാണെങ്കില് വെള്ളത്തിന്റെ ലഭ്യതയും കാലാവസ്ഥയും കണക്കിലെടുത്ത് പാടത്തിന്റെ ഇത്തിരി ഇടത്ത് ഒരോ വിത്തും വളര്‍ത്തുന്നു. മണ്ണിന്റെ വളക്കൂറും ഒരു ഘടകമാണ്. ഞാറു വളര്‍ത്തി പറിച്ചുനടേണ്ട ഇനമാണെങ്കില്‍, അങ്ങനെ ചെയ്യുന്നു. പന്നിമൂക്കിന്റെ ഇരുവശത്തും ഞാറിന് മുടികള്‍ കെട്ടിത്തൂക്കി, ചുമലിലേറ്റി നടാന്‍ ഉദ്ദേശിക്കുന്ന ഇടത്തേക്കു കൊണ്ടുപോകുന്നു. ‘മുള്ളന്‍ കയമ’യാണ് സംരക്ഷിച്ചുപോരുന്ന നെല്ലിനങ്ങളില്‍ ഏറ്റവും രുചികരമായത്. മുള്ളന്‍ കയമ നെല്ലിന്റെ അരികൊണ്ട് ഉണ്ടാക്കുന്ന പായസം വളരെ പ്രശസ്തമാണ്. എണ്പതു ശതമാനം മൂപ്പില്‍ കൊയ്തെടുത്ത മുള്ളന്‍ കയമയുടെ രുചി അറിഞ്ഞാല്‍ പായസം മാത്രമല്ല, കഞ്ഞിയും ചോറും പലഹാരങ്ങളും അതു കൊണ്ടു ഉണ്ടാക്കിയതു മാത്രമേ ആരും കഴിക്കൂ! ഞാറു പറിച്ചുനട്ടതിനു ശേഷം, അഞ്ച്-അഞ്ചര മാസം വളര്‍ച്ചയുള്ള സുഗന്ധ നെല്ലാണ് മുള്ളന്‍ കയമ. അതിന്റെ വെള്ള തവിടിന്റെ സ്വാദ് ഒന്നു വേറെതന്നെയാണ്! ‘മരത്തൊണ്ടി’യാണ് അടുത്ത രുചിയരി. ഓക്കവെളിയന്‍, ചേറ്റുവെളിയന്‍, മണ്ണുവെളിയന്‍ മുതലായ ഇനങ്ങള്‍ രണ്ടു മീറ്ററോളം ഉയരത്തില്‍ വളരും. ഇവയുടെ നെല്ലുവിളയാന് ഏകദേശം ആറു മാസം വേണം. മരത്തൊണ്ടി, പാല്‍വെളിയന്‍, കരിമ്പായ വിത്തുകള്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ വളര്‍ന്ന്, അഞ്ചു മാസം കൊണ്ട് മൂപ്പെത്തും. ഓണമൊട്ടനും കുന്നന്കുളമ്പനും കുങ്കുമശാലിക്കും മറ്റും നാലു മാസത്തെ വളര്‍ച്ചയേയുള്ളൂ. തൊണ്ണൂറാംതൊണ്ടിയും, കുഞ്ഞുഞ്ഞിയും കുഞ്ഞിച്ചീരയും മൂന്നു മാസത്തില്‍ കൊയ്യാം. തലമുറകളായി സംരക്ഷിച്ചു കൈവശം വന്നവയാണ് ഈ വിത്തുകള്‍. പുതിയ കാലത്തെ കര്‍ഷകര്‍ക്കും സാധാരണ മലയാളികള്‍ക്കും ചിലപ്പോള്‍ കേട്ടുപരിചയം കൂടിയില്ലാത്ത അറുപതില്‍ പരം ഇനങ്ങള്‍ കൃഷി ചെയ്തുവന്നിരുന്ന മണ്ണാണിത്. പക്ഷേ, പ്രതികൂലമായ കാലവസ്ഥയും മറ്റു പ്രായോഗിക ബുദ്ധിമുട്ടുകളും നിമിത്തം ഇപ്പോള്‍ അത് അമ്പത് ഇനങ്ങളായി ചുരുങ്ങി. വയനാടന്‍ പ്രദേശത്തെ വൃഷ്ടിയെ ആശ്രയിച്ചുവേണം വിത്തിറക്കാന്‍. മുന്‍പ് കൃത്യമായി ലഭിച്ചിരുന്ന കുംഭമഴയും മിഥുനമഴയും ചിങ്ങമഴയും ഇക്കാലങ്ങളില്‍ നാനാവിധമായിരിക്കുന്നു. അതത് ഇനത്തിന് യോജിക്കുന്ന ശീതോഷ്ണസ്ഥിതിയിലാണ് വിത്തുകള്‍ വിതയ്ക്കുന്നത്. അനുഭവംകൊണ്ടു നേടേണ്ടതാണ് ഈ ജ്ഞാനം. സര്‍ക്കാര്‍ സഹായത്തിനൊന്നും നില്‍ക്കാതെ, സ്വന്തമായ നിലയിലാണ് ചെലവുകള്‍ വഹിക്കുന്നത്.
അനുഭവങ്ങള്‍ സമ്പത്ത്
ഫലപുഷ്ടിക്കായി ചാണകവും പച്ചിലവളങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. രാസവളങ്ങളോ കീടനാശിനിയോ ഉപയോഗിക്കുന്നില്ല. മണ്ണിന്റെ പ്രതിരോധശക്തി കുറയാനുള്ള പ്രധാന കാരണം രാസവളങ്ങളാണ്. കീടങ്ങളെത്തി നെല്ലിനെ നശിപ്പിക്കുന്നതും ഇക്കാരണത്താലാണ്. ജനിതക വിത്തുകള്‍ക്കും, സങ്കരയിനങ്ങള്‍ക്കും കീടങ്ങളെ ചെറുക്കാനാനുള്ള ത്രാണിയില്ല. താല്ക്കാലികമായ, ഉയര്‍ന്ന വിളവെടുപ്പ് ഉദ്ദേശിച്ചുകൊണ്ട് കൃഷിഭൂമിയെ ദുഷിപ്പിക്കുന്നതാണ് ക്രമേണ സസ്യജാലങ്ങളുടെ വംശംനാശത്തില് കലാശിക്കുന്നത്.
ഞണ്ടും ഞവിണിയും മണ്ണിരയുമെല്ലാം മണ്ണിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവ മണ്ണിന്റെ ഐശ്വര്യമാണ്. മണ്ണു സംരക്ഷണത്തില്‍ അവയുടെ പങ്ക് നിസ്തുലമായതെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണ്. എന്നാല്‍ വിവേചനമില്ലാത്ത കീടനാശിനി പ്രയോഗം പ്രയോജനകരമായ ജീവജാലങ്ങളെയെല്ലാം മണ്ണില്‍ നിന്ന് അകറ്റി. അങ്ങനെ മണ്ണിന് പ്രകൃത്യാ ഉള്ള പ്രതിരോധ ശക്തി നഷ്ടപ്പെട്ടു. മനുഷ്യന് ചെയ്യുന്ന ഏറ്റവും ഹീനമായ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനം കീടനാശിനി പ്രയോഗമാണ്. നാം പ്രകൃതിയിലേക്കു തിരിച്ചുവരണം. മനുഷ്യന്റെ പ്രകൃതമാണ് പ്രകൃതി. മണ്ണിനെ സ്നേഹിച്ചു നോക്കൂ. അത് നമ്മെ ചതിക്കില്ല. സത്യമാണ് പ്രകൃതി!
എനിക്ക് അഞ്ചാം ക്ലാസ്സു വരെ മാത്രമേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ബാദ്ധ്യതകള്‍ ഏറ്റെടുത്ത് വയലില്‍ ഇറങ്ങേണ്ടിവന്നു. കാര്‍ഷിക അനുഭവങ്ങളും ജീവിതാനുഭവങ്ങളുമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. വിത്തുസംരക്ഷണ രീതികളും കൃഷി സമ്പ്രദായങ്ങളും ചോദിച്ചറിയാന്‍ പലരും എന്റെ അടുത്ത് എത്താറുണ്ട്. എല്ലാവരും എന്നെക്കാളും വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ദല്‍ഹിയിലെ ജെഎന്‍യുവില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ എത്താറുണ്ട്. കാര്‍ഷിക മേഖലയില്‍ ഗവേഷണം ചെയ്യുന്നവര്‍ പതിവു സന്ദര്‍ശകരാണ്. മെല്ലെ മെല്ലെ മാധ്യമങ്ങള്‍ എനിക്ക് ‘വിത്തച്ഛന്’ എന്ന വിശേഷണം നല്കി. ഇംഗ്ലീഷ് പത്രങ്ങളിലും മാസികകളിലും ‘ജീന്‍ ബേങ്ക്’ എന്നായി സ്ഥാനനാമം! വെള്ളാനിക്കരയിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ജനറല്‍ കൗണ്‍സിലില്‍ ഉള്ളവരെല്ലാം കാര്‍ഷിക ശാസ്ത്രജ്ഞന്മാരും വലിയ വൈജ്ഞാനികരും മറ്റുമാണ്. കൗണ്‍സിലില്‍ എന്നെപ്പോലെ ഒരംഗം ഞാന്‍ മാത്രമേയുള്ളൂ. ഇതും ഒരു ജീവിതാനുഭവമല്ലേ!
ബ്രസീലില്‍ ഇന്ത്യയുടെ പ്രതിനിധി
വളരെ അടുത്ത ആത്മബന്ധമാണ് വിത്തുകളോടുള്ളത്. കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചാണ് അവയെ കാത്തുസൂക്ഷിക്കുന്നതും. അതിനാല്‍ അവ വിപണനം ചെയ്യാന്‍ മനസ്സു വരാറില്ല. വിത്തുകള്‍ തേടിയെത്തുന്നവര്‍ ആവശ്യപ്പെടുന്ന ഇനങ്ങള്‍ നല്‍കാറുണ്ട്. അത് കൊണ്ടുപോയി അവരുടെ ഭൂമിയില്‍ വിതച്ചുണ്ടാക്കുന്ന നെല്ലില്‍ നിന്ന് ഞാന്‍ നല്കിയ അത്രയും അളവ് തിരിച്ചു നല്കണമെന്നേ ആവശ്യപ്പെടാറുള്ളൂ. കൃഷി ഒരു തൊഴില്‍ മാത്രമല്ല, പരമ്പരാഗത ജീവിതരീതിയും കൂടിയാണ്. ശ്രേഷ്ഠമായൊരു പരിഷ്കൃതിയാണ്. വിത്ത് വിതയ്ക്കാനും ഞാറ് പറിക്കാനും നടാനും ജലസേചനത്തിനും വളം ചേര്‍ക്കുന്നതിനും കൊയ്യുന്നതിനും മെതിക്കുന്നതിനും നെല്ലുകുത്തുന്നതിനും പാട്ടുകളുണ്ട്. എല്ലാ പാരമ്പര്യനിഷ്ഠകളും നിലനിര്‍ത്തി കൊണ്ടുപോകണം.
നെല്‍വിത്തുകളുടെ കാവല്‍ക്കാരനാകാനാണ് എന്റെ പ്രയത്നങ്ങളൊക്കെയും. ഒന്നും അന്യംനിന്നു പോകരുത്. പുതിയ തലമുറയ്ക്കു വേണ്ടി മറ്റെന്താണ് നമുക്കു കരുതിവയ്ക്കാനുള്ളത്? നമ്മുടെ എല്ലാ പൈതൃകങ്ങളും കാര്‍ഷിക സംസ്കൃതിയും കേടുവരാതെ സൂക്ഷിക്കാനും പരിപാലിക്കാനുമുള്ള വലിയ പ്രചോദനമാണല്ലോ ജനുവരിയില്‍ വന്നെത്തിയ പത്മശ്രീ പുരസ്കാരം! രാജ്യം തന്ന ഈ അംഗീകാരം കേരളത്തിലെ നെല്‍കൃഷിക്കാരന്റെ ഉള്ളില്‍ വീശിയ കുളിര്‍ക്കാറ്റാണ്. കാര്‍ഷിക സംസ്കൃതിക്കുള്ള അംഗീകാരം കൂടിയാണിത്!
നൂറ്റമ്പതിലേറെ വര്‍ഷത്തെ പഴക്കമുള്ള വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. മണ്ണും ചെളിയും ഉപയോഗിച്ചു നിര്‍മിച്ച ഭിത്തികളും വൈക്കോലും പുല്ലും ചേര്‍ത്തു മേഞ്ഞ മേല്‍ഭാഗവും തികച്ചും പ്രകൃതിസൗഹൃദമാണ്. ട്രീറ്റ് ചെയ്തെടുത്ത മുളകളും വീട്ടിത്തടിയുമാണ് മേല്‍ക്കൂര നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. അമിതമായ ഉഷ്ണത്തെയും ശീതത്തെയും പ്രതിരോധിക്കാന്‍ പ്രാപ്തമാണ് ഇത്തരം നിര്‍മിതി. വയനാട്ടില്‍ പണ്ടു മുതലേ എത്താറുള്ള പ്രകൃതി ക്ഷോഭങ്ങളെയും, അടുത്ത കാലത്തെത്തിയ രണ്ടു പ്രളയങ്ങളെയും ഞങ്ങളുടെ ഭവനം അതിജീവിച്ചു. പ്രകൃതിയോട് പറ്റുന്നത്ര ഇണങ്ങി ജീവിക്കാനാണിഷ്ടം.
ബ്രസീലിലെ ബലേമില്‍ നടന്ന അന്താരാഷ്ട്ര ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഭാരത പ്രതിനിധിയായിരുന്നു. ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങളും, ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും എന്നതായിരുന്നു പ്രമേയം. അമ്പതു രാജ്യങ്ങളിലെ പ്രതിനിധികള്‍ എത്തിയിരുന്നു. സംഭാഷണം വിവര്‍ത്തനം ചെയ്യാന്‍ ആളുണ്ടായിരുന്നു. ബ്രസീലില്‍ പോകുന്നതിനു മുന്നെ, ജൈവ വൈവിധ്യം ചര്‍ച്ച ചെയ്യാന്‍ ഹൈദരാബാദില്‍ ചേര്‍ന്ന കോണ്‍ഫറന്‍സിലും പങ്കെടുത്തു. വിവിധ കാര്‍ഷിക-സാംസ്കാരിക പരിപാടികളുമായി ബന്ധപ്പെട്ട് പല ഗള്‍ഫു രാജ്യങ്ങളും സന്ദര്‍ശിച്ചു.
പൈതൃകം ഏറ്റെടുത്തു
വയനാട് ജില്ലയിലെ മാനന്തവാടി നഗരത്തിനടുത്തുള്ള എടവക പഞ്ചായത്തിലെ കമ്മന എന്ന ഗ്രാമ പ്രദേശത്താണ് പണ്ടുകാലം മുതലേ ഞങ്ങളുടെ ഗോത്രം താമസിച്ചു വരുന്നത്. മാനന്തവാടി പുഴയോടു ചേര്‍ന്നു കിടക്കുന്ന ഇടമാണ് എടവക. ജില്ലയില്‍ അവശേഷിക്കുന്ന പുരാതന തറവാടുകളിലൊന്നാണ് ഞങ്ങളുടെ കുറിച്യ ഗോത്രം. കുറിച്യക്കാരായ ഞങ്ങളുടെ തൊഴില്‍ മാത്രമല്ല, ജീവിത രീതിയും സംസ്കൃതിയും കൂടിയാണ് നെല്‍കൃഷി. നെല്ലുകൂടാതെ പല തരത്തില്‍പ്പെട്ട മരങ്ങളും ഔഷധസസ്യങ്ങളും പച്ചക്കറികളും പുല്ലുവര്‍ഗങ്ങളും ഞങ്ങള്‍ വളര്‍ത്തുന്നു.
അമ്മാവന് ആയിരുന്നു ഗോത്രത്തിന്റെ കാരണവര്‍. എന്റെ പതിനേഴാം വയസ്സില്‍ അദ്ദേഹം മരിച്ചു. അതോടെ എഴുപതിലധികം കുടുംബങ്ങളുള്ള വലിയ തറവാടിന്റെയും, 22 ഏക്കര്‍ കൃഷിഭൂമിയുടെയും കന്നുകാലികളുടെയും ചുമതല ഏറ്റെടുക്കേണ്ടിവന്നു. അമ്മാവന് എന്നെ ഏല്പിച്ചുപോയ നെല്‍വിത്തുകള്‍ കാത്തുസൂക്ഷിക്കുക എന്നതായിരുന്നു എനിക്കു ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം. വര്‍ഷാവര്‍ഷം അവ കൃഷിചെയ്തു പുതിയ വിത്തുകള്‍ ഉല്പാദിപ്പിക്കണ്ടേ? എന്റെ കയ്യില്‍ വന്നുചേര്‍ന്ന വിത്തിനങ്ങളെ ഞാന്‍ കഷ്ടപ്പെട്ട് സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു. കാരണവന്മാര് കാത്തുസൂക്ഷിച്ചു കൈമാറിയ അപൂര്‍വ നെല്വിത്തുകളാണവ. നാടിനു വേണ്ടി, നാളേക്കു വേണ്ടി അവ കാത്തുസൂക്ഷിച്ചേ മതിയാകൂ. എന്നാല്‍, നാട്ടില്‍ പൊതുവെ സംഭവിച്ചുകൊണ്ടിരിക്കുന്ന അണുകുടുംബ വ്യവസ്ഥിതി കുറിച്യാ ഗോത്രത്തെയും സ്വാധീനിച്ചു. പലര്‍ക്കും നെല്‍കൃഷിയോട് താല്‍പ്പര്യമില്ലാതായി. തുടര്‍ന്ന് കൃഷിഭൂമി വിഭജിക്കപ്പെട്ടു. അവസാനം എനിക്കു വന്നുചേര്‍ന്നത് മൂന്ന് ഏക്കര്‍ ഭൂമിയും അമ്പതിനം നെല്‍വിത്തുകളുമാണ്. എനിക്കിപ്പോള്‍ 74 വയസ്സായി. പത്നി ഗീതയും മക്കളായ രമണിയും രമേശനും രജേഷും രജിതയും മരുമകള്‍ തങ്കമണിയും കൃഷിപ്പണിയില്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. പാരമ്പര്യം അവര്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.
പുരസ്കാരങ്ങള്‍
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തിനാണ് പത്മശ്രീ നേടിയത്. സംസ്ഥാന സര്‍ക്കാരിന്റെ ‘കര്‍ഷക ജ്യോതി’ പുരസ്കാരം കഴിഞ്ഞ വര്‍ഷം നേടുകയുണ്ടായി. അതിനു മുന്നെ, കേരള ഫോക്ള്ലോര് അക്കാദമിയുടെ ‘പി. കെ. കാളന് പുരസ്കാരം’ ലഭിച്ചു. കൃഷി-നാടോടി വിജ്ഞാനീയത്തിന്റെ സംരക്ഷണത്തില്‍ മികവു പുലര്‍ത്തുന്നവര്‍ക്കാണ് ഈ സംസ്ഥാന പുരസ്കാരം നല്‍കുന്നത്. മൂന്നു വര്‍ഷം മുന്നെ, കേന്ദ്ര സര്‍ക്കാരിന്റെ ‘പ്ലേന്റ് ജിനോം സേവിയര്‍’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വിത്തുകളുടെ സംരംക്ഷണം പരിഗണിച്ചാണ് ജിനോം സേവിയര്‍ ലഭിച്ചത്. നിരവധി അവാര്‍ഡുകള്‍ വേറെയും നേടി. അവ തന്നവര്‍ക്കെല്ലാം എന്റെ നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: