ഇന്ന്, ഡിസംബര്‍ 24, ദേശീയ ഉപഭോക്തൃദിനമായി ആചരിക്കുന്നു. ഉപഭോക്താവിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് ദിനാചരണം. ഒരു ജനാധിപത്യരാജ്യത്തിന്റെ മുന്നേറ്റം സ്വന്തം അവകാശങ്ങളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും അവബോധമുള്ള ജാഗരൂകനായ ഉപഭോക്താവിലാണ് എന്നുള്ളതാണ് ഈ ദിനത്തില്‍ ഓര്‍മ്മപ്പെടുത്താനുള്ളത്. ഉപഭോഗം എന്നത് ജനിച്ചനാള്‍ മുതല്‍ മരണം വരെ നമുക്ക് ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ്. എന്നാല്‍ പലതരത്തിലുള്ള ചൂഷണത്താല്‍ നാം വലയുകയാണെങ്കിലും അതെല്ലാം സഹിച്ച് പ്രതികരിക്കാനാകാതെ കഴിയുകയാണല്ലോ നാമെല്ലാവരും.
2019 ജൂലൈ 8ന് പാര്‍ലമെന്റില്‍ അന്നത്തെ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന് 1986-ലെ ഉപഭോക്തൃ നിയമം മാറ്റി പുതിയ ഉപഭോക്തൃ സംരക്ഷണ ബില്‍-2019 അവതരിപ്പിച്ചു. കൃത്യമായി പറഞ്ഞാല്‍ 37 വര്‍ഷം പഴക്കമുള്ള നിയമം, കാലാനുസൃതമായി പരിഷ്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പുതിയ നിയമത്തില്‍ പ്രാഥമികമായി ആറ് അവകാശങ്ങള്‍ ഉപഭോക്താവിന് നല്കുന്നു. ഉപഭോക്താവിന്റെ അവകാശത്തെ നിര്‍വ്വചിച്ചിരിക്കുന്നത് ഒരാള്‍ ഉപയോഗിക്കുന്ന ഉത്പന്നത്തിന്റെ അളവ്, ഗുണമേന്മ, ശുദ്ധത, വില, ഫലപ്രാപ്തി, നിലവാരം എന്നിവയെക്കുറിച്ചുള്ള ശരിയായ അറിവ് ഉപഭോക്താവിന് ഉറപ്പു നല്കുന്നു എന്നാകുന്നു. കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ ഈ പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നൂതനവും വേഗത്തിലുമുള്ള മാര്‍ഗ്ഗങ്ങള്‍ പുതിയ ഉപഭോക്തൃനിയമം ശ്രദ്ധവയ്ക്കുന്നു.
1986-ലെ ഉപഭോക്തൃ നിയമം ഭാരതത്തില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ 12 വര്‍ഷത്തെ അക്ഷീണ പരിശ്രമത്തിന്റെയും, പോരാട്ടത്തിന്റെയും ഫലമാണെന്ന് എത്രപേര്‍ക്കറിയാം? ഗ്രാഹക് പഞ്ചായത്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത്, ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ ഇടയില്‍ വേറിട്ടു നില്ക്കുന്ന ഒരു ദേശീയ പ്രസ്ഥാനമാണ്. പല ഉപഭോക്തൃ സംഘടനകളും ഉപഭോക്താവിനെയും സേവനദാതാവിനെയും രണ്ട് വര്‍ഗ്ഗമായി തിരിച്ച് ഒന്നിനെ മറ്റൊന്നിന്റെ ശത്രുവായി ചിത്രീകരിച്ച് വര്‍ഗ്ഗ സമരത്തിന് ആഹ്വാനം ചെയ്യുന്നു. അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് രണ്ടു വിഭാഗത്തെയും തുല്യമായി കാണുകയും വ്യാപാരം ധര്‍മ്മമെന്ന രീതിയില്‍ കാണണമെന്നും ഉപഭോക്താവാണ് വ്യാപാരിയെ (സേവനദാതാവിനെ) നിലനിര്‍ത്തുന്നത് എന്നുമുള്ള ഭാരതീയ സങ്കല്പത്തിന് ഊന്നല്‍ നല്കുന്നു. ഇരുവരെയും ഒരു നൂലില്‍ കോര്‍ത്തിണക്കി രാഷ്ട്രത്തിന്റെ ക്ഷേമം ഉപഭോക്താക്കളുടെ സംതൃപ്തിയിലും, ക്ഷേമത്തിലും നിലകൊള്ളുന്നു എന്നത് സംഘടനയുടെ ലക്ഷ്യമാക്കി അക്ഷീണം പ്രവര്‍ത്തിക്കുന്നു.
ഔദ്യോഗികമായി 1975 ഡിസംബര്‍ മാസം 23-ാം തീയതി പൂനെയില്‍ നടന്ന ഉദ്ഘാടനത്തോടുകൂടി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രവര്‍ത്തിക്കുന്നു. വിപണിയിലെ ദുഷ്പ്രവര്ത്തനങ്ങളായ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, മായംചേര്‍ക്കല്‍ എന്നീ തിന്മകള്ക്കെതിരെ ഉപഭോക്താവിനെ ബോധവത്ക്കരിച്ച്, അവരുടെ താത്പര്യം സംരക്ഷിക്കേണ്ടത് രാഷ്ട്രസേവനത്തിന്റെ ഒരു പരമപ്രധാനമായ ആവശ്യമാണ് എന്ന ചിന്ത സമൂഹത്തിലേയ്ക്ക് ആഴത്തില്‍ വേരോടിപ്പിച്ചത് ഈ സംഘടനയാണ്. 1975-ലെ ഉദ്ഘാടനസഭയില്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് കരീം ചഗ്ല ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച സംഘടന ഇന്ന് ഭാരതത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനമുള്ള ഒരു സംഘടനയായി ഉപഭോക്താക്കളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. 2025 ആകുമ്പോള്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് സുവര്‍ണ്ണ നിറവില്‍ നിലനില്ക്കുന്നു.
പൂനെയില്‍ അന്ന് അറിയപ്പെട്ടിരുന്ന സംഘസ്വയംസേവകനും, സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ബിന്ദു മാധവ് ജോഷി, ആ കാലഘട്ടത്തില്‍ പട്ടണത്തില്‍ സമാജസേവ ചെയ്തിരുന്ന കുറച്ചു യുവാക്കളെ ഒത്തുചേര്‍ത്ത് യുവക് മഹാമണ്ഡല്‍ ജനതാ ഗ്രാഹക് സംഘ്’എന്ന സംഘടന രൂപീകരിച്ചു. പ്രാദേശികമായി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വിലക്കയറ്റം, പൂഴ്ത്തിവയ്പ്, അതുമൂലമുണ്ടാകുന്ന സാധനങ്ങളുടെ ദൗര്‍ലഭ്യം, കരിഞ്ചന്ത എന്നിവയ്ക്കെതിരെ സംഘടിച്ചു. 1971 കാലഘട്ടത്തില്‍ രൂപീകരിച്ച യുവക് മഹാമണ്ഡല്‍ ജനതാ ഗ്രാഹക് സംഘ് എന്ന സംഘടനയുടെ പില്ക്കാല രൂപമാണ് അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത്.
പാശ്ചാത്യ ചിന്തകളുടെ സ്വാധീനം വിപണിയില്‍ പിടിമുറുക്കിയപ്പോള്‍ വ്യാപാരം എന്നത് ലാഭത്തിനു വേണ്ടി മാത്രമാണ് എന്ന ചിന്ത വിപണിയില്‍ അസമത്വങ്ങള്‍ വിളയാടാന്‍ കാരണമായി. ലാഭത്തിനായി എന്ത് കള്ളത്തരവും വഞ്ചനയും ആകാം എന്ന രീതിയിലേയ്ക്ക് തരംതാണപ്പോള്‍ വ്യാപാരത്തിന്റെ അടിസ്ഥാനം ധര്‍മ്മമാണ് എന്ന ഭാരതീയമായ ചിന്തയ്ക്ക് കോട്ടം തട്ടുകയുണ്ടായി. ആയതിന്റെ ആകെ തുക എന്നുപറയുന്നത് ഉപഭോക്താവിനെ യാതൊരു തത്വദീക്ഷയുമില്ലാതെ ചൂഷണം ചെയ്യുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. ഇത്തരത്തില്‍ കുത്തഴിഞ്ഞ സമൂഹത്തിലേയ്ക്കാണ് ഉപഭോക്താവ് എന്നാല്‍ രാജാവ്’എന്ന മുദ്രാവാക്യവുമായി അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് കഴിഞ്ഞ 50 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നത്.
കേരളം, ഭാരതത്തിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ ഉപഭോക്തൃഇടമാണ്. മുമ്പ് നമുക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ ഒട്ടുമിക്കവയും തന്നെ നമ്മള് തന്നെ ഉത്പാദിപ്പിച്ച് ഉപയോഗിക്കുകയും, അധികമായി ഉത്പാദിപ്പിച്ച സാധനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്കും, മറ്റു രാജ്യങ്ങളിലേക്കും കയറ്റി അയക്കുകയും പതിവായിരുന്നു. എന്നാല്‍ ഇന്ന് യാതൊരു തത്വദീക്ഷയും, ദീര്‍ഘവീക്ഷണവുമില്ലാത്ത ഭരണാധികാരികളുടെ ദുര്‍ഭരണത്തിന്റെ ഫലമായി കേരളം തികഞ്ഞ ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറിയിരിക്കുന്നു. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് വിലക്കയറ്റത്തിലും, വിപണിയിലെ ചൂഷണത്തിലും കേരളം മുന്‍പന്തിയിലാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ സംരക്ഷകന്‍ ആയി നില്‍ക്കേണ്ട സര്‍ക്കാര്‍ തന്നെ ഇവിടത്തെ ജനങ്ങളെ ചൂഷണത്തിനു വിധേയനാക്കുന്ന ദു:ഖകരമായ അവസ്ഥയാണ് നിലവിലുള്ളത്.
നമുക്കാവശ്യമായതു മാത്രം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സംസ്കാരമായിരുന്നു നമ്മുടേത്. എന്നാല്‍ പരസ്യങ്ങളുടെയും മറ്റും അതിപ്രസരത്താല്‍ നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ പോലും നാം വാങ്ങിക്കൂട്ടുന്നത് പതിവായി. ഇന്ത്യയെപ്പോലൊരു രാജ്യത്ത് കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ക്കായി വര്‍ഷം 20,000 കോടി രൂപയോളം നമ്മള് ചെലവാക്കുന്നു എന്നത് ആശങ്ക ഉളവാക്കുന്ന വസ്തുതയാണ്. നമുക്ക് ആവശ്യമായ ജലം, മറ്റ് പ്രകൃതി വിഭവങ്ങള്‍ എന്നിവയെ യാതൊരു മാനദണ്ഡവുമില്ലാതെ ചൂഷണം ചെയ്യുന്നു. മലിനീകരണം, പ്ലാസ്റ്റിക് ഉപയോഗം എന്നിവ അപകടകരമായ അവസ്ഥയിലാണ്. യൂറോപ്പ് ആസ്ഥാനമായുള്ള ഒരു ഗവ: ഇതര സംഘടന, നടത്തിയ പഠനങ്ങള്‍ പറയുന്നത് കാലാവസ്ഥാ വ്യതിയാനത്താലും, ക്രമാതീതമായിട്ടുള്ള ഉപഭോഗത്താലും ഒരു വര്‍ഷം നാലു ലക്ഷത്തോളം ആള്ക്കാര് ഭുമിയില്‍ മരണപ്പെടുന്നുണ്ടെന്നാണ്.
നിരവധി പഴുതുകളുണ്ടായിരുന്ന 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം മാറ്റി 2019-ലെ പുതിയ നിയമത്തിലൂടെ സമഗ്രമായ പരിവര്‍ത്തനമാണ് വിഭാവനം ചെയ്യുന്നത്. വിശാലമായ അധികാരത്തോടുകൂടിയുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി വളരെ വേഗത്തിലും കൃത്യതയോടും കൂടി ഉപഭോക്താവിന്റെ ന്യായമായ അവകാശങ്ങളെ സംരക്ഷിക്കുകയും അവരുടെ പരാതികളില്‍ എത്രയും പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യുമെന്ന് ദേശീയ ഉപഭോക്തൃ ദിനത്തില്‍ നമുക്ക് പ്രത്യാശിക്കാം.
(അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് കേരളഘടകത്തിന്റെ സംസ്ഥാന സഹ:സംയോജകാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: