മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കൈയ്യടക്കി ഭാരതം. മീഡം പേസര്‍ പൂജ വസ്ത്രാകാര്‍ മുന്നില്‍ നിന്നും നയിച്ചതോടെ സന്ദര്‍ശകരെ 77.4 ഓവറില്‍ 219 റണ്‍സിന് പുറത്താക്കാന്‍ ഭാരതത്തിന് സാധിച്ചു. വനിതാ ക്രിക്കറ്റില്‍ ഭാരതത്തിനെതിരെ ഓസ്ട്രേലിയയുടെ ഏറ്റവും ചെറിയ സ്കോര്‍ ആണിത്.
സ്കോര്‍: ഓസ്ട്രേലിയ- 219/10(77.4), ഭാരതം- 98/1(19)
ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഭാരതം ഓസ്ട്രേലിയയെക്കാള്‍ 121 റണ്‍സ് പിന്നിലാണ്. ഓപ്പണര്‍ ഷഫാലി വര്‍മയുടെ വിക്കറ്റ് നഷ്ടമായി. സ്മൃതി മന്ദാനയ്ക്കൊപ്പം ആദ്യ വിക്കറ്റില്‍ 90 റണ്‍സെടുത്താണ് താരം പുറത്തായത്. 59 പന്തുകള്‍ നേരിട്ട് എട്ട് ഫോര്‍ സഹിതം 40 റണ്‍സെടുത്ത ഷഫാലി ജെസ് ജോനാസെനിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ദിവസം അവസാനിക്കാറായപ്പുള് വിക്കറ്റ് നഷ്ടപ്പെട്ടതിനാല്‍ ക്രീസിലുള്ള സ്മൃതിക്കൊപ്പം മൂന്നാം നമ്പറില്‍ നൈറ്റ് വാച്ചറായി പേസ് ബൗളര്‍ സ്നേഹ റാണയാണ് ബാറ്റ് ചെയ്യാനെത്തിയത്. എട്ട് പന്തുകള്‍ നേരിട്ട സ്നേഹ ഒരു ബൗണ്ടറി നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. 49 പന്തുകള്‍ നേരിട്ട സ്മൃതി മന്ദാന എട്ട് ഫോറുകളുടെ അകമ്പടിയില്‍ 43 റണ്‍സെടുത്ത് നില്‍ക്കുന്നുണ്ട്. അമിത പ്രതിരോധത്തിലൂന്നാതെ തുടക്കം മുതലേ ആക്രമണോത്സുക ബാറ്റിങ് ആണ് ഭാരത വനിതകള്‍ കാഴ്ച്ചവച്ച് വരുന്നത്. ഇംഗ്ലണ്ടിനെതിരെ പയറ്റിയ സമയം കളയാതെ പരമാവധി റണ്‍സ് നേടിയെടുക്കുകയെന്ന അതേ തന്ത്രമാണ് ഓസ്ട്രേലിയക്കെതിരെയും പയറ്റുന്നത്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ എറിഞ്ഞിടാന്‍ മുന്നില്‍ നിന്നത് മദ്ധ്യപ്രദേശുകാരി പൂജ വസ്ത്രാകാര്‍ ആണ്. നാല് വിക്കറ്റ് പ്രകടനവുമായി താരം മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൂന്ന് വിക്കറ്റുമായി സ്നേഹ റാണയും രണ്ട് വിക്കറ്റുമായി ദീപ്തി ശര്‍മ്മയും നിലകൊണ്ടു.
രേണുക സിങ് തുടക്കമിട്ട ആദ്യ ഓവറില്‍ തന്നെ റണ്ണൗട്ടിലൂടെ ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. മത്സരത്തിന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ പൂജ വസ്ത്രാകാര്‍ തന്റെ നാലാം പന്തില്‍ തന്നെ വിക്കറ്റ് വേട്ട തുടങ്ങിവച്ചു. എല്ലിസെ പെറിയെ ക്ലീന്‍ ബൗള്‍ഡാക്കി പറഞ്ഞയച്ചു. ഏഴ് റണ്‍സില്‍ എത്തിയപ്പോള്‍ തന്നെ രണ്ട് പേരെ നഷ്ടപ്പെട്ട് ഓസീസ് പ്രതിരോധത്തിലായി. തുടക്കത്തിലേ കിട്ടിയ ഈ ആനുകൂല്യം നന്നായി മുതലെടുക്കാന്‍ ഭാരത ബൗളര്‍മാര്‍ക്ക് സാധിച്ചു.
വലിയ കൂട്ടുകെട്ടുകള്‍ പടുക്കാന്‍ ഓസ്ട്രേലിയയെ അനുവദിച്ചില്ല. ഓപ്പണര്‍ ബെത്ത് മൂണിയും(40) ടഹ്ലിയ മക്ഗ്രാത്തും(50) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 80 റണ്‍സ് ആണ് ഓസീസ് നിരയിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. ഇന്നിങ്സിന് അടിത്തറ പാകാന്‍ ശ്രമിച്ച ഈ വിക്കറ്റ് പൊളിച്ചത് സ്നേഹ റാണയാണ്. ടഹ്ലിയ മക്ഗ്രാത്തിനെ പുറത്താക്കി ഭാരതം വീണ്ടും മത്സരം നിയന്ത്രണത്തിലാക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഭാരത ബൗളര്‍മാര്‍ക്ക് സാധിച്ചു. സന്ദര്‍ശകര്‍ക്കായി പുതിയ നായിക അല്ലിസ ഹീലി(38) മികച്ച പ്രകടനം കാഴ്ച്ചവച്ചു. പത്താം നമ്പറായി ഇറങ്ങിയ കിം ഗാര്‍ത്ത്(പുറത്താകാതെ28) നടത്തിയ ധീരോചിതമായ ചെറുത്തുനില്‍പ്പില്‍ ഓസീസ് 200 കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: