മുംബൈ: ദാവൂദ് ഇബ്രാഹിം വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്ത ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെ നിഷേധിച്ചിരിക്കുകയാണ്. ഇതോടെ ദാവൂദ് ഇബ്രാഹിം എവിടെയെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.
ദാവൂദിന്റെ ഒരു ഫോട്ടോ ഏറ്റവുമൊടുവില്‍ എടുക്കപ്പെട്ടത് 1986ലാണ്. ദുബായില്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് നടക്കുമ്പോള്‍ ഗ്യാലറിയില്‍ കളികാണാന്‍ ദാവൂദുണ്ടായിരുന്നു. അന്ന് ഇന്ത്യാടുഡേയുടെ ക്യാമറാമാന് ഭവന് സിങ്ങ് സ്റ്റേഡിയത്തില്‍ ചിലര്‍ ഒരു യുവാവിനെ നോക്കി ദാവൂദ്, ദാവൂദ് എന്ന് മന്ത്രിക്കുന്നത് കണ്ടു. ഉടനെ ഭവന് സിങ്ങ് അയാളുടെ ചിത്രം എടുത്തു. അപ്പോഴേയ്ക്കും ദാവൂദിന്റെ അംഗരക്ഷകര്‍ ഭവന് സിങ്ങിനെ വളഞ്ഞിരുന്നു. അപ്പോള്‍ ദാവൂദ് അംഗരക്ഷകരോട് ചിത്രമെടുത്തോട്ടെ എന്ന രീതിയില്‍ ആംഗ്യം കാണിച്ചു. ഫൊട്ടോഗ്രാഫന്‍ ഭവന്സിങ്ങിന്റെ ജീവിതത്തിലെ അനര്‍ഘനിമിഷമായിരുന്നു അത്. ഇന്ത്യ ഏറ്റവുമധികം വെറുക്കുന്ന അധോലോകനായകന്റെ ചിത്രം എടുക്കാന്‍ കഴിഞ്ഞതിലെ സാഫല്യം. ഭവന്സിങ്ങ് അന്ന് നാലോ അഞ്ചോ തവണ ക്യാമറ ക്ലിക്ക് ചെയ്തു.
ഈ ചിത്രമാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ദാവൂദിന്റെ ചിത്രം. പിന്നീട് 1993ലെ മുംബൈ സ്ഫോടന പരമ്പര പ്ലാന്‍ ചെയ്ത ദാവൂദിന്റെ ചിത്രം ആര്‍ക്കും കിട്ടിയിട്ടില്ല. അന്ന് 257 പേരാണ് മുംബൈ സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത്. അന്ന് മുതല്‍ ഇന്ത്യ പിടികൂടാന്‍ ആഗ്രഹിച്ച ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയായി ദാവൂദ് മാറി.
പിന്നീട് ആരും പുറത്തുകണ്ടിട്ടില്ലാത്ത ദാവൂദിനെക്കുറിച്ച് വിഷം കഴിച്ച് ആശുപത്രിയില്‍ എന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്ത്യാ ടുഡേ എഐ സഹായത്തോടെ ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം സൃഷ്ടിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തി.ജന്മവര്ഷം കണക്കാക്കുമ്പോള്‍ ദാവൂദിന്റെ പ്രായം 67 ആണ്. യുവാവായ ദാവൂദായിരിക്കില്ല ഇപ്പോള്‍ ജീവിച്ചിരിക്കുന്നയാള്‍. മിഡ് ജേണി എന്ന എഐയില്‍ പ്രവര്‍ത്തിക്കുന്ന ആപ് ഉപയോഗിച്ച് ഇപ്പോള്‍ 67 വയസ്സായ ദാവൂദിന്റെ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യാ ടുഡേ ശ്രമിച്ചു. വിവിധ രീതിയിലുള്ള ചിത്രങ്ങളാണ് കിട്ടിയത്. ഒരു പക്ഷെ ഇതാണ് ദാവൂദ് എന്ന് ആരും വിശ്വസിക്കാത്ത വിചിത്രമായ രൂപഭാവങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമാണ് ദാവുദ് ഇബ്രാഹിമിന്റെ എഐ സഹായത്തോടെ ഇന്ത്യാ ടുഡേ സൃഷ്ടിച്ചെടുത്ത ഈ പുതിയ ഫോട്ടോകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: