ന്യൂദല്‍ഹി: കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പകരം വരുന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഇറ്റാലിയന്‍ മാനസികാവസ്ഥയുള്ളവര്‍ക്ക് മനസ്സിലാകില്ലെന്ന് അമിത് ഷാ. പുതിയ ക്രിമിനല്‍ നിയമം അവതരിപ്പിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുവേയാണ് അമിത് ഷാ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
ഇപ്പോഴത്തെ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ഇന്ത്യന്‍ തെളിവ് നിയമം, ക്രിമിനല്‍ നിയമ പ്രക്രിയ എന്നിവ കൊളോണിയല്‍ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. അത് നീതി നടപ്പാക്കുക എന്നതിനേക്കാള്‍ ശിക്ഷ നല്‍കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ചിന്തകളനുസരിച്ചുള്ള നീതിസംവിധാനം സ്ഥാപിക്കാന്‍ വേണ്ടിയുള്ളതാണ്. ഇവ ജനങ്ങളെ കൊളോണിയല്‍ മാനസികാവസ്ഥയില്‍ നിന്നും അക്കാലത്തെ പ്രതീകങ്ങളില്‍ നിന്നും സ്വതന്ത്രമാക്കും.- അമിത് ഷാ പറഞ്ഞു.
പുതുതായി അമിത് ഷാ അവതരിപ്പിച്ച ഭാരതീയ ന്യായസംഹിത 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തെയും ഭാരതീയ നാഗരിക് സുരക്ഷ സംഹിത 1973ലെ ക്രിമിനല്നടപടിച്ചട്ടങ്ങളേയും ഭാരതീയ സാക്ഷ്യ നിയമം 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തെയും ഇല്ലാതാക്കുന്നതാണ്.
ഇതാദ്യമായി ക്രിമിനല്‍ നീതി സംവിധാനത്തിന് ഒരു മാനുഷിക സ്പര്‍ശം ഉണ്ടാകും. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതുവരെ നമ്മള് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ പിന്തുടരും. നമ്മള് ഇപ്പോഴും ഹെര്‍ മെജസ്റ്റി, ബ്രിട്ടീഷ് കിംഗ്ഡം, ദി ക്രൗണ്‍, ബാരിസ്റ്റര്‍, റൂളര്‍ തുടങ്ങിയ വാക്കുകള്‍ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും ഉപയോഗിക്കുകയാണ്. – അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: