ലഖ്നൗ: ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ വാരാണസിയിലെ സ്വര്‍വേദ് മഹാമന്ദിര് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒരേസമയം 20,000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് സ്വര്‍വേദ് മഹാമന്ദിര് നിര്‍മിച്ചിരിക്കുന്നത്.
മഹര്‍ഷി സദാഫല്‍ ദേവ് ജി മഹാരാജിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി ക്ഷേത്രസമുച്ചയത്തില്‍ പ്രദക്ഷിണം നടത്തുകയും ചെയ്തു. കാശിയില്‍ ചെലവഴിക്കുന്ന ഓരോ നിമിഷവും അഭൂതപൂര്‍വമായ അനുഭവങ്ങളാല്‍ നിറഞ്ഞതാണെന്ന് സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
കാലചക്രം വീണ്ടും തിരിയുമ്പോള്‍, ഭാരതം അതിന്റെ പൈതൃകത്തില്‍ അഭിമാനിക്കുകയും അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. സോമനാഥില്‍ ആരംഭിച്ച പ്രവര്‍ത്തനം ഇപ്പോള്‍ സമ്പൂര്‍ണമായ ഒരു പ്രചാരണ പരിപാടിയായി മാറികഴിഞ്ഞു. കാശി വിശ്വനാഥ ക്ഷേത്രം, മഹാകാല്‍ മഹാലോക്, കേദാര്‍നാഥ് ധാം, ബുദ്ധ സര്‍ക്യൂട്ട് എന്നിവയും ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചും പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന രാം സര്‍ക്യൂട്ടിനെക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി നരേന്ദ്ര നാഥ് പാണ്ഡെ, സദ്ഗുരു ആചാര്യ സ്വതന്ത്രദേവ്, സന്ത് വിജ്ഞാന്ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വാരാണസി-ന്യൂദല്‍ഹി രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഇവിടെ നിന്നുള്ള ആദ്യ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത് 2019 ഫെബ്രുവരിയിലായിരുന്നു. രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളുള്‍പ്പെടെ 16 കോച്ചുകളാണ് വന്ദേഭാരതില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: