കൊല്ലം : നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ അലറിവിളിച്ച യുവാവിന് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമര്‍ദ്ദനം. കൊല്ലത്ത് നവകേരള സദസ്സില്‍ പിണറായി വിജയന് സംസാരിക്കവേയാണ് സംഭവം. പുനലൂര്‍ സ്വദേശി ഹരിലാലാണ് ഡിവൈഎഫ്ഐ വൊളണ്ടിയര്‍മാരില്‍ നിന്നും മര്‍ദ്ദനം ഏറ്റുവാങ്ങിയത്.
നവകേരള സദസ്സ് ഏതെങ്കിലും മുന്നണികള്‍ക്ക് എതിരല്ല. ഈ പരിപാടി ഏതെങ്കിലും മുന്നണികള്‍ക്ക് അനുകൂലമോ അല്ല. നാടിനു വേണ്ടിയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ്. നമ്മുടെ ഭാവിക്കു വേണ്ടിയാണ്. എന്ന് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ‘അല്ല… അല്ല…’ എന്നു ഉറക്കെ വിളിച്ചുപറഞ്ഞ് ഹരിലാല്‍ ബാരിക്കഡുകള്‍ തകര്‍ത്ത് വേദിക്ക് മുന്നിലേക്ക് എത്തുകയായിരുന്നു.
പോലീസ് ഉടന്‍തന്ന ഇയാളെ പിടികൂടിയെങ്കിലും ഡിവൈഎഫ്ഐ വൊളണ്ടിയര്‍മാര്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു. ഹരിലാലിനെ പോലീസ് പിടികൂടി പരിപാടി നടന്ന ചെമ്മന്തൂര്‍ സ്റ്റേഡിയത്തിനു പിന്‍ഭാഗത്തെ റോഡിലേക്കു കൊണ്ടുപോയി. ഇവിടെ വെച്ച് നവകേരള സദസ്സിന്റെ ലോഗോ പതിച്ച ബനിയന് ധരിച്ച ഡിവൈഎഫ്ഐ വൊളണ്ടിയര്‍മാര്‍ ചേര്‍ന്ന് ഇയാളെ പോലീസിന്റെ മുന്നില്‍ വെച്ചുതന്നെ മര്‍ദ്ദിച്ചെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഹരിലാലിനെ വിട്ടയച്ചു.
നവകേരള സദസ്സിന്റെ നിറം കെടുത്തുവാന്‍ ചിലര്‍ മനഃപൂര്‍വം ഇത്തരത്തിലുള്ള സംഭവങ്ങള്‍ കാട്ടിക്കൂട്ടുകയാണ്. അതെല്ലാം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുന്നതാണെന്നുമാണ് മുഖ്യമന്ത്രി സംഭവത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: