അഹമ്മദാബാദ്: ബലാത്സംഗം അത് ആര് ചെയ്താലും അത് ബലാത്സംഗമാണ്, അത് ഭര്‍ത്താവും ഭാര്യയും തമ്മിലാണെങ്കിലും വ്യത്യസ്തമല്ല. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ മൂടിവെക്കുന്ന നിശബ്ദത തകര്‍ക്കേണ്ടതുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു.
ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ യഥാര്‍ത്ഥ അക്രമ സംഭവങ്ങള്‍ ഡാറ്റ സൂചിപ്പിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്ന് അടുത്തിടെ പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ ജസ്റ്റിസ് ദിവ്യേഷ് ജോഷി നിരീക്ഷിച്ചു. വേട്ടയാടല്‍, ഈവ് ടീസിംഗ്, വാക്കാലുള്ളതും ശാരീരികവുമായ ആക്രമണം,
ശല്യപ്പെടുത്തല്‍ തുടങ്ങിയ ചില പെരുമാറ്റങ്ങളെ സാമൂഹിക മനോഭാവം സാധാരണയായി ‘ചെറിയ’ കുറ്റങ്ങളായി ചിത്രീകരിക്കുന്നു. അവ നിര്‍ഭാഗ്യവശാല്‍ നിസ്സാരമാക്കുകയോ സാധാരണവല്‍ക്കരിക്കുകയോ മാത്രമല്ല, സിനിമ പോലുള്ള ജനപ്രിയ മാധ്യമങ്ങളില്‍ കാല്പനികമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അദേഹം ഉത്തരവില്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ പുരുഷന്മാര്ക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ മറയ്ക്കുന്ന നിശബ്ദത തകര്‍ക്കേണ്ടതുണ്ട്. ആണുങ്ങള് എപ്പോഴും അങ്ങനെ ആയിരിക്കുമെന്ന ക്ലീഷെ പ്രതികരണത്തിലൂടെ ഭീകരമായ ഒരു മാനസിക സാഹചര്യമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്.
മരുമകളെ ക്രൂരതയ്ക്കും ക്രിമിനല്‍ ഭീഷണിക്കും വിധേയയാക്കി ഭര്‍ത്താവും മകനും ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം സമ്പാദിക്കുന്നതിനായി അശ്ലീല സൈറ്റുകളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് അറസ്റ്റിലായ സ്ത്രീയുടെ പതിവ് ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യമായി പരിഗണിക്കുന്നുവെന്നും വിവാഹത്തെ തുല്യതയുള്ളവരുടെ കൂട്ടായ്മയായാണ് കണക്കാക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: