കേരള രാഷ്ട്രീയം ഒരുപക്ഷേ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരളസദസ്സ് അഥവാ പ്രജാപതിയാത്ര (ഒ.വി. വിജയനോട് കടപ്പാട്) തലസ്ഥാനത്തെത്തുമ്പോഴേക്കും ദേശീയതലത്തില്‍ രൂപംകൊള്ളുന്ന ഒരു പുതിയ അന്വേഷണ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ മാത്രമല്ല, കുടുംബത്തിന്റെയും കൂടി ഭാവി തീരുമാനിക്കും. ഏതായാലും ഇക്കുറി മുഖ്യമന്ത്രി മാത്രമല്ല, പ്രതിപക്ഷത്ത് മുഖ്യമന്ത്രി കുപ്പായം തുന്നി കാലമേറെയായി കാത്തിരിക്കുന്ന രമേശ് ചെന്നിത്തലയും ഉപമുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ട്.
കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് എന്ന സ്ഥാപനവുമായി കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും പോലീസും റവന്യൂ ഉദ്യോഗസ്ഥരും നടത്തിയ കൈക്കൂലി ഇടപാടാണ് ഈ സംഭവങ്ങള്‍ക്ക് ആധാരം. മരണമടഞ്ഞ സാമൂഹിക പ്രവര്ത്തകന് ഗിരീഷ് ബാബു നല്കിയ ഹര്‍ജി തുടരാം എന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം അഥവാ കമ്പനി കാര്യമന്ത്രാലയം ത്വരിത അന്വേഷണത്തിന് ഉത്തരവിട്ടത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച തീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ അന്വേഷണം. ത്വരിതാന്വേഷണത്തില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയാല്‍ കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ കീഴിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്ഐഎഫ്ഒ) എന്ന ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംവിധാനം അന്വേഷണം ആരംഭിക്കും. കോര്‍പ്പറേറ്റ് മേഖലയിലെ ഗുരുതരമായ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ജുഡീഷ്യല്‍ അധികാരമുള്ള ഏജന്‍സിയാണ് എസ്എഫ്ഐഒ. ഹൈക്കോടതി, സുപ്രീംകോടതി,കേന്ദ്രസര്‍ക്കാര്‍ എന്നിവ നിര്‍ദ്ദേശിക്കുന്ന കേസുകളും അന്വേഷണങ്ങളുമാണ് സാധാരണ ഇവര്‍ ഏറ്റെടുക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ സെഷന്‍സ് കോടതിയുടെ പദവിയുള്ള കോടതികളാണ് ഈ ഏജന്‍സി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പരിഗണിക്കുക.
ആദായനികുതി വകുപ്പിന്റെ ഇടക്കാല തീര്‍പ്പാക്കല്‍ ബോര്‍ഡ് ജുഡീഷ്യല്‍ അധികാരമുള്ളതാണ്. നികുതി നിര്‍ണയത്തിലെ അപ്പലേറ്റ് അതോറിറ്റിയായ ഇവരുടെ തീരുമാനത്തില്‍ അപ്പീല്‍ നല്കാന് കഴിയില്ല. നികുതി നല്‍കുന്നവരും ആദായനികുതി വകുപ്പും തങ്ങളുടെ വാദമുഖങ്ങള്‍ ഈ ബോര്‍ഡില്‍ അവതരിപ്പിച്ച് വാദപ്രതിവാദത്തിലൂടെ കോടതി നടപടികള്‍ക്കു സമാനമായ രീതിയില്‍ തന്നെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. സിഎംആര്‍എല്‍ 2013-14 മുതല്‍ 2019-20 വരെയുള്ള നികുതി തീര്‍പ്പാക്കലിനു വേണ്ടിയാണ് രേഖകളുമായി ബോര്‍ഡിനു മുന്നിലെത്തിയത്. ഇതിനിടെ 2019 ജനുവരി 25ന് കര്‍ത്തായുടെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ആദായനികുതി വകുപ്പ് തിരച്ചില്‍ നടത്തി രേഖകള്‍ കണ്ടെടുത്തിയിരുന്നു. ഇങ്ങനെ ശേഖരിച്ച ഡയറിയില്‍ നിന്നാണ് മാസപ്പടി രേഖകളും വിശദാംശങ്ങളും കണ്ടെടുത്തത്. രാഷ്ട്രീയ നേതാക്കളുടെയെല്ലാം പേര് രണ്ടക്ഷരമുള്ള രൂപത്തിലാണ് രേഖപ്പെടുത്തിയിരുന്നത്. പി.വി (പിണറായി വിജയന്), ഒ.സി (ഉമ്മന്‍ചാണ്ടി), ആര്.സി (രമേശ് ചെന്നിത്തല), പി.കെ (പി.കെ കുഞ്ഞാലിക്കുട്ടി), ഐ.കെ (വി.കെ ഇബ്രാഹിംകുഞ്ഞ്) തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്ക് എല്ലാ മാസവും മാസപ്പടി എന്ന രീതിയില്‍ തന്നെ പണം നല്‍കിയിരുന്നതായി കണ്ടെത്തി.
ഇത് കൂടാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും അവരുടെ ഐ.ടി സ്ഥാപനമായ എക്സാ ലോജിക്കുമായും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ 2016 ഡിസംബറില്‍ ഐടി മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കായി വീണയുമായി സിഎംആര്‍എല്‍ കരാര്‍ ഒപ്പിട്ടിരുന്നു. പിന്നീട് 2017 സോഫ്റ്റ്വെയര് സഹായങ്ങള്‍ക്കായി പുതുക്കിയ കരാര്‍ ഒപ്പുവെച്ചു. ഈ കരാര്‍ അനുസരിച്ച് പ്രതിമാസം അഞ്ചുലക്ഷം രൂപ വീതം വീണയ്ക്കും മൂന്നുലക്ഷം രൂപ വീതം എക്സാ ലോജിക്കിനും കൊടുക്കണമെന്നായിരുന്നു കരാര്‍. ഇതനുസരിച്ച് 1.72 കോടി രൂപ വീണ കൈപ്പറ്റി കഴിഞ്ഞിരുന്നു. എന്നാല്‍ കരാര്‍ അനുസരിച്ചുള്ള യാതൊരുവിധ സേവനങ്ങളും വീണയോ കമ്പനിയോ നല്‍കിയില്ല. എന്നുമാത്രമല്ല, ഇക്കാര്യം കമ്പനിയുടെ സിഎഫ്ഒ കെ. സുരേഷ് കുമാറും ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ് കുമാറും ആദായ നികുതി ഇടക്കാല തീര്‍പ്പാക്കല്‍ ബോര്‍ഡില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. യാതൊരുവിധ സേവനങ്ങളും നടത്താതെ, നല്‍കാതെ മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രതിമാസം ഈ തരത്തില്‍ പണം നല്‍കുന്നത് രാഷ്ട്രീയ അഴിമതി ആണെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിലപാട്. ഏതാണ്ട് ഈ നിലപാടിനോട് അടുത്തു തന്നെയാണ് ഹൈക്കോടതിയും അമിക്കസ്ക്യൂറിയും നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍.
2016നു ശേഷം സിഎംആര്‍എല്‍ 135 കോടി രൂപയാണ് രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായി നല്‍കിയത്. ഇടക്കാല തീര്‍പ്പാക്കല്‍ ബോര്‍ഡില്‍ ലഭ്യമായിട്ടുള്ള രേഖകള്‍, മൊഴികള്‍ എന്നിവ ഇത് സാധൂകരിക്കുന്നതാണ്. ഈ പണം ആര്‍ക്കൊക്കെ എന്തിനുവേണ്ടി ചെലവഴിച്ചു എന്ന് കണ്ടെത്താനാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് പരിശോധന നടത്തുന്നത്. ഇപ്പോള്‍ നടക്കുന്ന കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന്റെ ത്വരിതാന്വേഷണത്തില്‍ മൂന്നു കാര്യങ്ങളാണ് പരിശോധന. സിഎംആര്‍എല്‍ ചെലവഴിച്ച 135 കോടി രൂപയിലൂടെ അവരുടെ വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടി നിയമവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ എന്തെങ്കിലും നേട്ടമോ പരിഗണനയോ കൈവരിച്ചിട്ടുണ്ടോ? സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ വ്യവസായ വികസന കോര്പ്പറേഷന് സിഎംആര്‍എല്ലില്‍ 13.4 ശതമാനം ഓഹരി നിക്ഷേപം ഉള്ളതുകൊണ്ട് ഈ കേസ് പൊതുധന ദുര്‍വ്വിനിയോഗത്തിന്റെ പരിധിയില്‍ വരുന്നതാണോ? സിഎംആര്‍എല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതാണെങ്കില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ സെബി ചട്ടങ്ങളുടെ ലംഘനമാണോ? ഈ മൂന്നു കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് മന്ത്രാലയത്തിന്റെ ശുപാര്‍ശനനുസരിച്ച് എസ്ഐഎഫ്ഒ അന്വേഷണം നടത്തുക. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല കോര്‍പ്പറേറ്റ് അഫയേഴ്സ് ഡയറക്ടര്‍ ജനറലിന്റെ ചെന്നൈ ബാംഗ്ലൂര്‍ റീജണല്‍ ഡയറക്ടര്‍മാരാണ് നടത്തുന്നത്.
സംസ്ഥാനത്തിന്റെ വിഭവശേഷിയെ കള്ളക്കടത്തും കരിഞ്ചന്തയും നടത്തി മാസപ്പടി വാങ്ങി കീശയിലിടുന്ന ഒരു കറക്കു കമ്പനിയാണ് യുഡിഎഫും എല്‍ഡിഎഫും എന്ന കാര്യം വ്യക്തമാക്കുന്നതാണ് മാസപ്പടി ഡയറിയും ഉന്നത ഉദ്യോഗസ്ഥര്‍ ഇടക്കാല തീര്‍പ്പാക്കല്‍ ബോര്‍ഡില്‍ നല്കിയ മൊഴിയും വ്യക്തമാക്കുന്നത്. മാസപ്പടി വിവാദം ഉയര്‍ന്നപ്പോള്‍ വ്യവസായികളില്‍ നിന്ന് പണം വാങ്ങുന്നതില്‍ വലിയ തെറ്റില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പരസ്യപ്രസ്താവനയില്‍ പറഞ്ഞത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവും അവരുടെ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറുമായ ചെറിയാന് ഫിലിപ്പ് മാസപ്പടി വാങ്ങുന്നത് പാപമാണെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യുഡിഎഫ് ഘടകകക്ഷി നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുമാത്രമേ ചെറിയാന് ഫിലിപ്പിനോട് പറയാന്‍ കഴിയൂ.
ആണവോര്‍ജത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഇല്‍മനൈറ്റ് മുതല്‍ സിര്‍ക്കോണ്‍, റൂട്ടൈല്‍, ലുക്ക്ഓക്സിന്, മോണോസൈറ്റ്, ഗാര്‍നെറ്റ് എന്നിവയെല്ലാം സമൃദ്ധമായ കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട അന്ത്യോല്പന്നങ്ങള് നിര്‍മ്മിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ എന്തുകൊണ്ട് വരുന്നില്ല എന്നതിന്റെ കാരണം കൂടിയാണ് മാസപ്പടി വിവാദം. ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചാല്‍ സ്വകാര്യ വ്യവസായികളുടെ കൊള്ളയും രാഷ്ട്രീയക്കാരുടെ മാസപ്പടിയും അവസാനിക്കും. അതുകൊണ്ടുതന്നെയാണ് മാറിമാറി കേരളം ഭരിക്കുന്ന യുഡിഎഫും എല്‍ഡിഎഫും ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കാത്തതും. മുഖ്യമന്ത്രിയുടെ പ്രജാപതി സദസ്സ് തലസ്ഥാനത്തെത്തുമ്പോഴേക്കും മാസപ്പടിയില്‍ ത്വരിതാന്വേഷണം പൂര്‍ത്തിയാകും. മുഖ്യമന്ത്രിയും മകളും മാത്രമല്ല, യുഡിഎഫ് നേതാക്കളും കൂടി ഉള്‍പ്പെട്ടതോടെ ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണം ഉണ്ടാവുകയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണം. കേരളത്തിലെ രാഷ്ട്രീയത്തിന് മാറിമാറി ഇടതുമുന്നണിയും വലുതുമുന്നണിയും മാത്രം ഭരിക്കുന്ന സംവിധാനത്തിന് ഒരു മാറ്റം വരേണ്ട സാഹചര്യം കൂടിയാണ് മാസപ്പടി കേസ് കേരളത്തോട് ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ തിമിരത്തിന്റെ അന്ധതയില്‍ സംസ്ഥാനത്തിന്റെ പൊതു താല്പര്യവും പൊതുവിഭവങ്ങളുമാണ് ഇല്ലാതാകുന്നത്. കേരളം നേടിയ സാമൂഹിക പുരോഗതിയും സാക്ഷരതയും രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് പ്രയോജനപ്പെടുന്നില്ലെങ്കില്‍ അതുകൊണ്ട് എന്ത് പ്രയോജനമാണ്. ഡിവൈഎഫ്ഐയില്‍ അംഗമായാല്‍ സ്ത്രീ പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയാലും കേസില്‍ നിന്ന് രക്ഷപ്പെടാം എന്നുവരുന്ന സാഹചര്യവും ഇതുതന്നെയല്ലേ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: