തന്ത്ര സമുച്ചയത്തിന്റെ രചയിതാവായ ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട്ടിലെ അച്ഛന്റെ പേര് രവി എന്നും ഗുരുവിന്റെ പേര് ദിവാകരന് എന്നും ആയിരുന്നു. ഇദ്ദേഹത്തിന്റെ ജനനം എഡി 1427ല്‍ (കലിവര്‍ഷം 4529ല്‍) ആയിരുന്നു.
പ്രപഞ്ചസാരം, മയമതം, വിഷ്ണുസംഹിത, പ്രയോഗമഞ്ജരി തുടങ്ങി ഒട്ടനവധി ഗഹനങ്ങളായ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുന്ന തന്ത്ര രത്നാകരം കടഞ്ഞെടുത്ത ദിവ്യാമൃതത്തോടൊപ്പം തനിക്ക് ഗുരുപദേശം മുഖേന ലഭിച്ചവയും സപര്യാവിധികളില് പ്രമാണീഭൂതങ്ങളുമായ ആരാധനാരഹസ്യങ്ങളും സന്ദര്‍ഭാനുരോധേന അന്തര്വിന്യസിച്ചാണ് ‘തന്ത്രസമുച്ചയം’ എന്ന വിശിഷ്ടഗ്രന്ഥം നമ്പൂതിരിപ്പാട് നിര്‍മ്മിച്ചിട്ടുള്ളത്.
ഇതില്‍ പന്ത്രണ്ടുപടലങ്ങളില് ഉള്‍പ്പെടുത്തപ്പെട്ട 1801 പദ്യങ്ങളിലായി ക്ഷേത്രഭൂമിയുടെ ലക്ഷണം, പ്രാസാദലക്ഷണം, ബിംബ ലക്ഷണം, മണ്ഡപസംസ്ക്കാരം, ബിംബശുദ്ധി, പ്രതിഷ്ഠ, നിത്യപൂജ, കലശസ്നാനം, ഉത്സവവിധി, പ്രായശ്ചിത്തം, ജീര്ണ്ണോദ്ധാ രണം, മന്ത്രോദ്ധാരം ഇവകളെപ്പറ്റി ഉപന്യസിച്ചിരിക്കുന്നു. ഈ ഗ്രന്ഥത്തിലെ ഏഴാംപടലം വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെയാണ് വിഷ്ണു, ശിവന്, ശങ്കരനാരായണന്, ദുര്‍ഗ, സ്കന്ദന്, ഗണപതി, ശാസ്താവ് എന്നീ ഏഴു ദേവമൂര്‍ത്തികളുടെ നിത്യ പൂജാവിധികള്‍ വിവരിച്ചിരിക്കുന്നത്.
ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങളുടെ സാമാന്യസ്വഭാവം ഇങ്ങനെ സംഗ്രഹിക്കാം.
(1) ആചാര്യവരണം, ക്ഷേത്രനിര്മ്മിതിക്കായുള്ള സ്ഥലം പരിശോധിച്ച് നിര്‍ണ്ണയിക്കല്‍ (ഭൂപരിഗ്രഹം). വാസ്തുബലി, നിധികലശസ്ഥാപന (സ്വര്‍ണ്ണവും രത്നങ്ങളും ഒരു കുടത്തിലാക്കി വിഗ്രഹം പ്രതിഷ്ഠിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കല്‍) ശിലാലക്ഷണം, അധിഷ്ഠാന ശിലാസ്ഥാപനം, (2) പ്രാസാദസ്ഥാനം നിര്‍ണ്ണയിക്കല്‍, അതിന്റെ അളവുകള്‍, നിര്‍മ്മാണവിധി, ബിംബലക്ഷണം, അതിന്റെ അളവുകള്‍, ബിംബത്തിന്റെ ആധാരശില, ബലിക്കല്ലുകള്‍, അവയുടെ സ്ഥാനനിര്‍ണ്ണയം, (3) സ്ഥലശുദ്ധി, അങ്കുരാധാനം (ഉര്‍വ്വരമായ ഭൂമിയില്‍ വേണം ക്ഷേത്രപ്രതിഷ്ഠ. അത് ബോധ്യപ്പെടാനാണ് ഈ ചടങ്ങ്. ഇതിനു മുളയിടല്‍ എന്നാണ് മലയായാളത്തിലെ സംജ്ഞ ബിംബശുദ്ധീകരണം, ബിംബത്തിന്റെ ജലാധിവാസം, (4) മണ്ഡപങ്ങളുടെ അകത്തളങ്ങളുടെ ശുദ്ധീകരണം, അഭിശ്രവണ മണ്ഡപത്തിന്റെ (കലശപൂജ നടത്തുന്ന സ്ഥലത്തിന്റെ) ശുദ്ധീകരണം, ബാലാലയത്തിന്റെ ശുദ്ധി (പ്രതിഷ്ഠിക്കുന്നതിനു മുമ്പ് ബിംബം കിടത്തുന്ന പ്രത്യേക സ്ഥലം ശുദ്ധീകരിക്കല്‍) (5) പ്രതിഷ്ഠകന്റെ ദേഹശുദ്ധി, ലിപിന്യാസം, അദ്ദേഹത്തിനു വേണ്ടി താളത്രയപൂര്വ്വമായ ദശദിഗ്ബന്ധനവും അഗ്നി പ്രകാരങ്ങളും കൊണ്ട രക്ഷ ചെയ്യല്‍ (6) ബിംബപ്രതിഷ്ഠ, അഷ്ടബന്ധം ഇട്ട് ഉറപ്പിക്കല്‍ സപ്തമാതൃക്കളുടെ ബലിക്കല്‍ പ്രതിഷ്ഠകള്‍, വലിയ ബലിക്കല്‍ സ്ഥാപിക്കല്‍, കൊടിമര പ്രതിഷ്ഠ, ഇവകളുടെ ശുദ്ധീകരണം, (7) വിവിധ ദേവമൂര്‍ത്തികളുടെ പ്രതിഷ്ഠകളും പൂജാവിധികളും, പ്രാണയാമവിധികളും, നിത്യപൂജാവിധികളും, ഷോഡശോപചാരവിധികള്, അവാഹന, നിവേദ്യവിധികള്, പുഷ്പാഞ്ജലി (8) ഉത്സവവിധി (9)കൊടിയേറ്റ് (10) ഉത്സവബലി, ശ്രീഭൂതബലി, മാതൃക്കളുടെ മുമ്പിലുള്ള ഭൂതബലിയുടെ പ്രത്യേകതകള്‍, ഉത്സവദിവസ
പൂജകള്‍, പള്ളിവേട്ട, ആറാട്ട് (11) മന്ത്രപൂജാലോപങ്ങള്ക്കും പലവിധ അശുദ്ധികള്‍ക്കും എല്ലാം അനുവര്‍ത്തിക്കേണ്ട പ്രായശ്ചിത്ത വിധികള്‍ (12) പുനഃപ്രതിഷ്ഠ, കലശങ്ങള്‍ മറ്റു പൂജാസാമഗ്രികള്‍, ഉപകരണങ്ങള്‍, ചക്രബന്ധം തുടങ്ങിവയുടെ ചിത്രങ്ങള്‍ ഇങ്ങനെ ക്ഷേത്ര
പൂജാപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സാകല്യേന സംശയ ഛേദകമായി ഈ ഗ്രന്ഥത്തില്‍ നല്കിയിരിക്കുന്നു. നമ്പൂതിരിപ്പാടിന്റെ സംക്ഷേപണ സാമര്‍ത്ഥ്യവും രചനാ വൈഭവവും ഈ കൃതിയെ സമഗ്രവും പ്രമാണഭൂതവുമാക്കിയിരിക്കുന്നു.
ഇദ്ദേഹത്തിന്റെ പുത്രനായ ശങ്കരന് നമ്പൂതിരിപ്പാട് ‘വിമര്‍ശിനി’ എന്ന വ്യാഖ്യാനവും ശിഷ്യനായ കൃഷ്ണശര്മ്മാവ് വിവരണം എന്ന വ്യാഖ്യാനവും രചിച്ചിട്ടുണ്ട്. രണ്ടു വ്യാഖ്യകളും സംസ്കൃതത്തില്‍ രചിക്കപ്പെട്ടവയും ആധികാരകങ്ങളുമായി കരുതപ്പെടുന്നു.
ശേഷ സമുച്ചയം
പേരില്‍ നിന്നുതന്നെ സൂചിതമാകുന്നതുപോലെ സമുച്ചയത്തില്‍ ഉള്‍പ്പെടുത്തപ്പെടാതെ ശേഷിക്കുന്ന ദേവമൂര്‍ത്തികളുടെ പൂജാവിധാനങ്ങളാണ് ഈ ഗ്രന്ഥത്തിലെ വിഷയം. ഇതിന്റെ രചയിതാവ് തന്ത്രസമുച്ചയത്തിന്റെ പ്രണേതാവിന്റെ ശിഷ്യനും ആ ഗ്രന്ഥത്തിന് വിവരണം എന്ന വ്യാഖ്യാനം രചിച്ച കൃഷ്ണശര്മ്മാ എന്ന വിദ്വാനും ആകുന്നു.
തന്റെ ഗുരുനാഥന് വിഷ്ണു തുടങ്ങിയ ദേവതകളുടെ പൂജാ വിധാനങ്ങള്‍ അനേകം പൂര്‍വ്വസൂരികളുടെ ഗ്രന്ഥങ്ങളില്‍ വികീര്ണ്ണങ്ങളായി കിടന്നരുന്നവ സമാഹരിച്ച് എങ്ങനെയാണോ തന്ത്രസമുച്ചയം രചിച്ചത് അതുപോലെ തന്നെ അതില്‍ പരാമൃഷ്ടരാകാതെയുള്ള ശേഷം ദേവമൂര്‍ത്തികളുടെ സപര്യാവിധികള്‍ ഇവിടെ പ്രസ്താവിക്കുകയാണെന്ന ഉപക്രമത്തോടെ ബ്രഹ്മാവ്, ആദിത്യന്, കുബേരന്, ശ്രീകൃഷ്ണന്, സരസ്വതി, ലക്ഷ്മി, ഗൗരി, ജ്യേഷ്ഠ, ഭദ്രകാളി, മാതൃക്കള്‍, ക്ഷേത്രപാലന്, ബൃഹസ്പതി, രുജിത്ത്, ഇന്ദ്രാദികളായ അഷ്ടദിക്ക്പാലന്മാര്‍ ഈ ദേവമൂര്‍ത്തികളുടെ പൂജകളാണ് ശേഷസമുച്ചയത്തില്‍ സംഗ്രഹിച്ചിരിക്കുന്നത്.
(എന്നാല്‍ ഇത്രയും ദേവതകള്‍ മാത്രമേ ‘സമുച്ചയ’ത്തില്‍ പ്രതിപാദിതരാകേണ്ടവരായി ഉള്ളു എന്നോ കേരളീയ ക്ഷേത്രങ്ങ ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ദേവമൂര്ത്തികള് ഈ ഗ്രന്ഥത്തില്‍ പരാമൃഷ്ടരായിട്ടുളള ‘ശേഷം’ ദേവതകള്‍ മാത്രമേ ഉള്ളു എന്നോ ധരിക്കരുത്. അവര്‍ പരശ്ശതം ഉണ്ട്. തന്നെയല്ല, ഒരേ ദേവതയുടെ തന്നെ വിവിധ അവസ്ഥ (സ്ഥിതി) കളിലും ഭാവങ്ങളിലുമുള്ള പ്രതിഷ്ഠകള്‍ ഉണ്ട്. അവയ്ക്കെല്ലാം പ്രത്യേകം പൂജാവിധികളും മൂലമന്ത്രങ്ങളും ഉപചാരമന്ത്രങ്ങളും ധ്യാനശ്ലോകങ്ങളും ഉണ്ട്. ഒരു ക്ഷേത്രത്തിലെ പൂജകന് ആ ക്ഷേത്രത്തിലെ വിശിഷ്ട സ്വഭാവവും സപര്യയും ഗുരൂപദേശം മുഖേന അറിഞ്ഞിരിക്കേണ്ടതാണ്. (പ്രസിദ്ധ തന്ത്രിയും സുകൃതനിധിയുമായ കക്കാട് നാരായണന് നമ്പൂതിരിയുടെ സപരിവാരം പൂജകള്‍ എന്ന അദ്ഭുതഗ്രന്ഥത്തില് അവയില്‍ പലതും അല്പ മേധസ്സുകള്ക്ക് ഗ്രഹിക്കാന്‍ തക്കവണ്ണം വിശദമായും സമഗ്രമായും ഉപപാദിച്ചിരിക്കുന്നതായി കാണാം. എന്നാല്‍ ഇവയിലൊന്നും ഉള്‍പ്പെടുത്തപ്പെടാത്ത മന്ത്രമൂര്‍ത്തികളും ഉണ്ട്. അവയെ പൊതുവേ വൈഷ്ണവമൂര്ത്തികളെന്നും ശൈവമൂര്ത്തികളെന്നും ശാക്തേയമൂര്ത്തികളെന്നും ഉള്ള നിലയില്‍ പൂജകള്‍ നടത്തുകയാണ് പതിവ്. പിന്നെ പ്രണവത്തോടെ (ഓംകാര പൂര്‍വമായ) യുള്ള ഏതു മന്ത്രോച്ചാരണവും സാര്‍ത്ഥകവും സാധ്യവുമാണെന്നു പുരാചാര്യന്മാരുടെ ഉപദേശം ഉള്ളതുകൊണ്ടും (എല്ലാ പുജകളുടേയും സാമാന്യചടങ്ങുകള് ഒരേ പോലെയാണെന്നത് കൊണ്ടും ക്ഷേത്രപൂജകള്‍ക്ക് മുടക്കം വരുന്നില്ല എന്നു സമാധാനിയ്ക്കാം) കാണാം. ‘ശേഷ സമുച്ചയ’ത്തിന് ‘വിമര്‍ശിനി’എന്നൊരു വ്യാഖ്യാനം ഇതിന്റെ കര്‍ത്താവ് തന്നെ രചിച്ചിട്ടുണ്ട്.
കുഴിക്കാട്ട് പച്ച
പച്ച (ശുദ്ധ) മലയാളത്തിലുള്ള ഒരു കൃതി എന്ന നിലയ്ക്കാണ് ഈ ഗ്രന്ഥത്തിന് ഈ അഭിധാനം നല്‍കിയിരിക്കുന്നത്. തിരുവല്ല മഹാക്ഷേത്രത്തിലെ തന്ത്രിയായ കുഴിക്കാടു മഹേശ്വരന് ഭട്ടതിരിപ്പാടാണ് ഈ ഗ്രന്ഥം നിര്‍മ്മിച്ചിട്ടുള്ളത്. തന്ത്രശാസ്ത്രത്തില്‍ വിസ്മയനീയമായ അവഗാഹം നേടിയിരുന്നു ഭട്ടതിരിപ്പാട്. വളരെ വിസ്താരപൂര്‍വ്വം തന്ത്രസമുച്ചയത്തിനും ശേഷ സമുച്ചയത്തിനും നൂറ്റിയറുപതില്പരം വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളഭാഷയില്‍ നിസ്തുലമായ വ്യാഖ്യകള്‍ ചമച്ചിട്ടുണ്ട്. ‘കുഴിക്കാട്ട് പച്ച’’എന്ന് സംജ്ഞിതമായിട്ടുള്ള ഗ്രന്ഥം, തന്ത്രസമുച്ചയ വ്യാഖ്യയില്‍ ഉള്‍പ്പെട്ടിട്ടുള്ള പൂജാവിധികളുടെ കൂടെ സ്വകീയ കുടുംബ പരദേവതയായ ഭദ്രകാളിയുടെ പൂജാവിധികളും ചേര്‍ത്തു രചിക്കപ്പെട്ടിട്ടുള്ളതാണ്. ഈ ഗ്രന്ഥം സംസ്കൃത ഭാഷയില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്ത തന്ത്രിമാര്‍ക്കും. ക്ഷേത്രപൂജകര്ക്കും വളരെ വലിയ അനുഗ്രഹമായിത്തീര്‍ന്നിട്ടുണ്ട്. ഉപയോഗത്തിന്റെ വ്യാപ്തി നോക്കിയാല്‍ ഈ കൃതി ഇന്നത്തെ തന്ത്രഗ്രന്ഥങ്ങളില് സര്‍വ്വപ്രമുഖമായ സ്ഥാനത്തിന് അവ കാശിയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: