ജോഹന്നസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം. ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യമായ 116 റണ്‍സ് മറികടന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ 116 റണ്‍സിന് എല്ലാവരും പുറത്തായി.
അര്‍ഷ്ദീപ് ആദ്യം നാല് വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ ടോപ്പ് ഓര്‍ഡര്‍ തകര്‍ത്തു. റീസ ഹെന്റിക്സ് (0), വാന്‍ ഡര് ഡസ്സന് (0), ടോണി ഡി സോര്‍സി (28), ഹെന്രിച് ക്ലാസന് (6) എന്നിവരെയാണ് അര്‍ഷ്ദീപ് പുറത്താക്കിയത്. മുകേഷ് കുമാറിനെ ബാട്സ്മാനമാര് നേരിട്ടെങ്കിലും പകരം ആവേശ് ഖാന് എത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ വീണ്ടും വീണു. എയ്ഡന്‍ മാര്‍ക്രം (12), വ്യാന്‍ മുള്‍ഡര്‍ (0), ഡേവിഡ് മില്ലര്‍ (2), കേശവ് മഹാരാജ് (4) എന്നിവരെ ആവേശ് പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന നിലയിലേക്ക് വീണു. എട്ടാമതായെത്തിയ ആന്‍ഡൈല്‍ പെഹ്ലുക്ക്വായോ (33) ചെറുത്തു നിന്നതാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. പെഹ്ലുക്ക്വായോയെ പുറത്താക്കി അര്‍ഷ്ദീപ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. നന്ദ്രേ ബര്‍ഗറിനെ (7) വീഴ്ത്തി കുല്‍ദീപ് യാദവ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.
മറുപടി ബാംറ്റിഗിനിറങ്ങിയ ഇന്ത്യക്ക് ഋതുരാജ് ഗെയ്ക്വാദിനെ (5) വേഗം നഷ്ടമായെങ്കിലും നേരിട്ട ആദ്യ പന്ത് തന്നെ ഫോറടിച്ച് തുടങ്ങിയ അരങ്ങേറ്റക്കാരന്‍ സായ് സുദര്ശന് തകര്‍പ്പന്‍ ഫോമിലായിരുന്നു.മൂന്നാമനായെത്തിയ ശ്രേയസ് അയ്യരും ഉറച്ചുനിന്നതോടെ ഇന്ത്യ ജയത്തിലേക്ക് കുതിച്ചു. ശ്രേയസ് അയ്യര്‍ 52 റണ്‍സ് നേടി പുറത്തായെങ്കിലും 55 റണ്‍സ് നേടി പുറത്താവാതെ നിന്ന സായ് സുദര്ശന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: