ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഭാരത ക്രിക്കറ്റ് ടീമിന് ഇന്ന് മുതല്‍ ഏകദിന പരീക്ഷണങ്ങള്‍. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഇന്ന് വിഖ്യാതമായ ജോഹന്നാസ് ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടക്കും. മത്സരം 1.30മുതല്‍ ആരംഭിക്കും. തെംബ ബവൂമയ്ക്ക് പകരം എയ്ദെന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ നിരയ്ക്കെതിരെ മുന്‍ നിശ്ചയിച്ച പ്രകാരം കെ.എല്‍. രാഹുലിന് കീഴിലാണ് ഭാരതം അണിനിരക്കുക. ഏകദിനത്തിലും പരിചയ സമ്പന്നരായ ഏതാനം താരങ്ങള്‍ മാത്രമാണ് ഭാരതത്തിനായി കളിക്കുക.
മൂന്ന് മത്സര ട്വന്റി20 പരമ്പരയ 14ന് 1-1 സമനിലയില്‍ കലാശിച്ചിരുന്നു. ഡര്‍ബനിലെ ആദ്യ ട്വന്റി20 മഴ കാരണം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രണ്ട് മത്സരങ്ങളേ കളിച്ചുള്ളൂ. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ജയം നേടിയ ഭാരതം പരമ്പര സമനിലയിലാക്കുകയായിരുന്നു.
സൂര്യകുമാര്‍ നായകനായ ട്വന്റി20യില്‍ ജൂനിയര്‍ താരങ്ങള്‍ കൂടുതലായിറങ്ങിയെങ്കിലും പരിചയ സമ്പന്നരായ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഇറങ്ങിയിരുന്നു. ഏകദിനത്തിലേക്ക് വരുമ്പോള്‍ ഇവര്‍ വീണ്ടും പിന്മാറിയിരിക്കുകയാണ്. മലയാളി താരം സഞ്ജു വി. സാംസണ് ഇന്ന് ഉറപ്പായും കളിക്കാന്‍ സാധ്യതയുണ്ട്. നായകന് രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അടക്കമുള്ളവര്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് കെ.എല്‍. രാഹുലിനെ ഏകദിന പരമ്പരയ്ക്ക് ക്യാപ്റ്റനാക്കിയത്. ടീമിനെ നയിക്കുക എന്ന അധിക ചുമതല കൂടി രാഹുലിനുള്ളപ്പോള് വിക്കറ്റ് കീപ്പറായി സഞ്ജു ഇറങ്ങാനാണ് സാധ്യത. ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ശ്രേയസ് അയ്യരെ ഓപ്പണിങ് സ്ഥാനത്ത് പരീക്ഷിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാര്യം ഭാരത ടീം മാനേജ്മെന്റ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്.
ഭാരതത്തിനെതിരെ ദക്ഷണാഫ്രിക്ക ഏകദിനത്തിനിറങ്ങുമ്പോള്‍ ലോകകപ്പ് ക്രിക്കറ്റിലേറ്റ വലിയ നാണക്കേടിന്റെ നീറ്റല്‍ ഉള്ളിലുണ്ട്. ഭാരതം ആതിഥേയം വഹിച്ച ഇക്കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ഭാരതം തോല്‍പ്പിച്ചത്. ആ മത്സരത്തിന് ശേഷം ഇന്നാണ് ഇരുവരും മുഖാമുഖം വരുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്ക ഭാരതത്തിലെത്തിയപ്പോള്‍ നടന്ന മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഭാരതം 2-1ന് ജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: