ശബരിമല: ശബരീശ ദര്‍ശനത്തിന് ശേഷം പവിത്രമായി ഭക്തര്‍ വാങ്ങുന്നതാണ് പ്രസാദം. ദര്‍ശനം പൂര്‍ത്തിയാക്കി അപ്പം- അരവണ പ്രസാദവും വാങ്ങിയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്.
എന്നാല്‍ പ്രസാദം സൂക്ഷിക്കുന്ന കൗണ്ടര്‍ കണ്ടാല്‍ അറയ്ക്കുന്ന നിലയിലാണ്. മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്നതിന് നടുവിലാണ് അപ്പം- അരവണ പ്രസാദം സൂക്ഷിച്ചിരിക്കുന്നത്. ഇതിനൊപ്പം പേപ്പറു കൂനകളും കൊണ്ട് അപ്പം- അവരവണ കൗണ്ടര്‍ നിറഞ്ഞിരിക്കുകയാണ്.
ഭക്തര്‍ക്ക് വിതരണം ചെയ്യാനുള്ള പ്രസാദം വൃത്തിയായ സാഹചര്യത്തില്‍ സൂക്ഷിക്കണമെന്നിരിക്കെയാണ് ദേവസ്വം ബോര്‍ഡ് തോന്നിയപോലെ വലിച്ച് വാരിയിടുന്നത്.
കൗണ്ടറുകള്‍ ശുചിയായി സൂക്ഷിക്കാറില്ലെന്നും തൂത്ത് വാരുന്നത് പോലും വല്ലപ്പോഴും മാത്രമെന്ന് കൗണ്ടറുകളിലെ ജീവനക്കാര്‍ പരാതിപ്പെടുന്നു. കൗണ്ടറുകളില്‍ എല്ലാം താത്ക്കാലിക ജീവനക്കാരാണ്. അതുകൊണ്ട് തന്നെ ജോലി ചെയ്യുന്നതിന് അപ്പുറം ഒരു കാര്യങ്ങള്‍ ചെയ്യാനും തങ്ങള്‍ക്ക് അനുവാദമില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. അപ്പം- അവരവണ പ്രസാദ വിതരണത്തിന് രണ്ട് കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
പ്രധാനകൗണ്ടര് ആഴിയുടെ സമീപവും രണ്ടാമത്തേത് അന്നദാനമണ്ഡപത്തിന് സമീപവുമാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാന കൗണ്ടറില്‍ അടക്കം മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. ഭക്തര്‍ ഏറ്റവും പവിത്രമായി കാണുന്ന പ്രസാദം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതുമായ കൗണ്ടറുകളാണ് ഏറ്റവും വൃത്തിഹീനമായി കിടക്കുന്നത്. തറ അടക്കം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
പേപ്പറ് കവറിനുള്ളിലാണ് ഉണ്ണി അപ്പം നിറച്ചിരിക്കുന്നത്. കൗണ്ടറ് നിറയെ പൊടി നിറഞ്ഞിരിക്കുന്നതിനാല്‍ അപ്പത്തില്‍ ഇത് വീഴാനുള്ള സാധ്യത ഏറെയാണെന്നും ജീവനക്കാര്‍ പറയുന്നു. പൊടി നിറഞ്ഞത് മൂലം ഫാന്‍ പോലും ഇടാന്‍ സാധിക്കുന്നില്ലന്നും ജീവനക്കാര്‍ പറഞ്ഞു.
ജീവനക്കാരനെ പുറത്താക്കി
അപ്പം അരവണ കൗണ്ടറിലെ ശോചനീയാവസ്ഥ പുറത്ത് കൊണ്ടുവന്ന ജീവനക്കാരനെ പുറത്താക്കി. കൗണ്ടറിലെ താത്ക്കാലിക ജീവനക്കാരനെയാണ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്. മാലിന്യം നിറഞ്ഞ് കിടക്കുന്ന കൗണ്ടറുകളുടെ ദൃശ്യം ഫോണില്‍ പകര്‍ത്തിയതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് വിവരം. അപ്പം നിര്‍മിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും അപ്പത്തിനുള്ള കൂട്ട് തയ്യാറാക്കുന്നത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: