ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ എത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പോലീസ് തടഞ്ഞു. ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനെന്ന പേരിലായിരുന്നു ഇത്. പോലീസ് നടപടിയില്‍ അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ ഭക്തരുടെ വാഹനങ്ങളും ശബരിമല ദര്‍ശനത്തിന് പോകാന്‍ ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്തെത്തിയ ഭക്തരുടെ വാഹനങ്ങളുമാണ് സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനെന്നു പറഞ്ഞ് പോലീസ് തടഞ്ഞത്.
പമ്പയിലെയും സന്നിധാനത്തെയും തിരക്ക് കുറയ്ക്കാന്‍ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പോലീസ് തടഞ്ഞിടുകയും നിയന്ത്രിക്കുകയും ചെയ്തതോടെയാണ് ഏറ്റുമാനൂരിലും പോലീസ് നടപടി ഉണ്ടായത്. അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചതോടെയാണ് പോലീസ് സംഘം ഒടുവില്‍ വാഹനങ്ങള്‍ കടത്തിവിട്ടത്.
ചൊവ്വാഴ്ച രാവിലെ അഞ്ചു മണിയോടെ എത്തിയ പോലീസ് ക്ഷേത്ര മൈതാനത്തു നിന്ന് ഒന്‍പതു മണിക്കു ശേഷമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂവെന്നു പറഞ്ഞു. രാവിലെ ഒന്‍പതു മണി വരെ തടയുകയാണെങ്കില്‍ തങ്ങളെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ അനുവദിക്കണമെന്ന് തീര്‍ത്ഥാടകര്‍ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: