അത്യുത്തര കേരളത്തിലെ അതിപ്രാചീനവും പൗരാണികവുമായ കൗളമാര്ഗ്ഗ പൂജാസമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്ന ശാക്തേയദേവീക്ഷേത്രങ്ങളില്‍ പ്രമുഖമാണ് ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം. മുനിമാരുടെ സങ്കേതമായിരുന്നു ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം എന്നാണ് വിശ്വാസം. അതിനാലാണ് മഹര്‍ഷിമാരുടെ സങ്കേതമായ ഈ കുന്നിന് മാമാനിക്കുന്നെന്ന പേരുണ്ടായതെന്നും വിശ്വസിക്കുന്നു.
കൗളമാര്‍ഗ്ഗം എന്നത് മഹാദേവന് തന്റെ വാമമായ പാര്‍വ്വതീദേവിക്ക് ഉപദേശിച്ച് കൊടുത്ത അതീവരഹസ്യ സമ്പ്രദായമാണ്. കൗളമാര്‍ഗ്ഗാരാധന ശക്ത്യാരാധനയും കൂടിയാണ്. ഭാരതത്തിലെ പ്രധാന ജ്യോതിര്‍ലിംഗമുളള അമര്‍നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്ന കശ്മീര്‍ എന്ന കാശ്മീരദേശം അതിഗുപ്തമായ യന്ത്ര-തന്ത്രാരാധനയ്ക്ക് പുകള്‍പെറ്റതാണ്. കശ്മീരി ശൈവാരാധനയുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് മാമാനിക്കുന്നും. ശ്രീചക്രാംഗിത രത്നപീഠ നിലയയായ ശ്രീ മഹാദേവി മാമാനിക്കുന്ന് തിരഞ്ഞെടുക്കുവാന്‍ കാരണം ശ്രീചക്രത്തിലെ ബിന്ദുവായ മേരു മാമാനിക്കുന്നാണ് എന്നത് കൊണ്ടായിരിക്കാമെന്ന് വിശ്വസിക്കുന്നു. ബിന്ദുമണ്ഡലവാസിനി എന്ന ദേവിസഹസ്രനാമം ഇത് സാക്ഷ്യപ്പെടുത്തുന്നു. ഗുപ്തമാര്‍ഗ്ഗത്തിലാണ് ഇവിടെ ദേവിയെ ആരാധിച്ചുവരുന്നത്.
വടുഭൈരവന്‍, വടുഭൈരവി, ക്ഷേത്രപാലകന്, വനശാസ്താവ് എന്നീ ദേവതകള്‍ അമ്മയുടെ പരിവാരങ്ങളായി കുടികൊള്ളുന്നു. ഗര്ഭഗൃഹത്തില് മഹാദേവിക്കൊപ്പം അഷ്ടമാതൃക്കളും 64 യോഗിനിമാരും ഗണപതിയും വീരഭദ്രനുമാണ് കുടികൊള്ളുന്നത്. ദേവിയുടെ തൊട്ടുമുന്നിലായി ദേവദേവനായ പരമശിവനെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. മഹാതാണ്ഡവസാക്ഷിണിയായ ശ്രീ മഹാദേവിക്കൊപ്പം താണ്ഡവനര്‍ത്തകന്‍(ശിവന്) കുടികൊള്ളുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇവിടം.
ഗുരുതിത്തറയില്‍ കുടികൊള്ളുന്നത് അഷ്ടകാളികളും വടുഭൈരവനും വടുഭൈരവിയുമാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ മറിസ്തംഭനം നീക്കല്‍ നടക്കുന്നത്. ജീവിതവിഘ്നങ്ങളെ നാളികേരത്തില്‍ സങ്കല്പിച്ച് അതില്‍ ദേവീപ്രതീകമായ നെയ്തിരി സമര്‍പ്പിച്ച് ക്ലേശങ്ങള്‍ മറികടക്കുന്നതായി മൂന്നുരു കടന്നുവെച്ച് വിഘ്നനിവാരണാര്‍ത്ഥം നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറിസ്തംഭം നീക്കല്‍.
ശ്രീമഹാദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടുകളായ ശക്തിപൂജയും ശത്രുസംഹാരഹോമവുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. ദേവീ ബിംബത്തിലെ അഭിഷേകം മുതലുള്ള പൂജകളാല്‍ അമ്മയുടെ ചൈതന്യം ഏറ്റവും ശക്തിമത്താവുന്ന പൂജാപരിസമാപ്തി വേളയിലാണ് ഗുപ്തമായ ശത്രുസംഹാരഹോമം നടക്കുന്നത്. ശത്രുദോഷമകറ്റി ഭക്തനെ രക്ഷിക്കാന്‍ ശത്രുസംഹാരഹോമം സഹായിക്കുന്നു.
രുധിരപ്രീയയായ ശ്രീമഹാമായക്ക് പ്രതീകാത്മകമായി രുധിരം നല്കുന്ന ചടങ്ങാണ് ഗുരുസി. രാക്ഷസനിഗ്രഹസമയത്ത് രജോഗുണം വിട്ട് തമോഗുണത്തിലേക്കെത്തുവാന്‍ മഹാദേവി അസുരരുധിരം പാനം ചെയ്തുവെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മഹാദേവിക്ക് ഗുരുതി തര്‍പ്പണം നടത്തുമ്പോള്‍ നമ്മുടെ അസുര രുധിരം അമ്മ പാനം ചെയ്യുകയും ദേവഗുണം അവശേഷിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ കൗളമാര്ഗാധിഷ്ഠിതമായ ശാക്തേയ ദേവീക്ഷേത്രങ്ങളില്‍ ഗുരുതി അഥവാ ഗുരുസി മാമാനിക്കുന്നിലെന്നപോലെ ഒരു പ്രധാന വഴിപാടാണ്.
സാധാരണ ക്ഷേത്രങ്ങളില്‍ നവരാത്രിക്ക് ഒന്‍പത് ദിവസം ദേവീപൂജ നടക്കുമ്പോള്‍ സഹസ്രനാമത്തിലെ തിഥിമണ്ഡല പൂജിതാം എന്ന നാമത്തെ അന്വര്‍ത്ഥമാക്കികൊണ്ട് 15 ദിവസത്തെ പൂജാദികര്‍മ്മങ്ങളാണ് ഇവിടെ നടക്കുന്നത്. കൗളമാര്ഗ്ഗ തല്പരയായ ദേവീസ്വരൂപത്തെ ശാന്തസ്വരൂപയായ സരസ്വതീഭാവത്തിലേക്ക് എത്തിക്കുവാനാണ് ഈ നീണ്ട കാലയളവ്.
തൃക്കാര്‍ത്തിക നാള് മാമാനത്തമ്മയുടെ പിറന്നാളായി ആഘോഷിക്കപ്പെടുന്നു. ചന്ദ്രഭഗവാന് പൂര്‍ണ്ണനായി ദര്‍ശനം നല്കുന്ന പൗര്‍ണ്ണമിയിലും ക്ഷയിച്ച് അപ്രത്യക്ഷമാകുന്ന അമാവാസിയും മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ പ്രധാനദിനങ്ങളാണ്. മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയുള്ള 9 ദിവസങ്ങളില്‍ നടത്തപ്പെടുന്ന പൂരമഹോത്സവം, കര്‍ക്കിടമാസത്തിലെ ലക്ഷാര്‍ച്ചനയും അതിരുദ്രവും മുതലായ കര്‍മ്മങ്ങളും മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിലെ ശ്രീ ചക്രംഗിതയായ മാഹാദേവിയുടെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നവയാണ്. അന്നപൂര്‍ണ്ണേശ്വരിയായ മഹാമായയുടെ പ്രസാദമായി ദിവസവും രണ്ട് നേരം ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം അന്നദാനംനല്‍കുന്നുവെന്നത് ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു.
അബ്രാഹ്മണരായ പ്ലാരന്മാരാണ് ഇവിടുത്തെ പൂജാദി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നതും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. പാരമ്പര്യ ട്രസ്റ്റി പരമാധികാരിയായിട്ടുളള ക്ഷേത്രത്തിന്റെ നടത്തിപ്പ് ഇപ്പോള്‍ ഏതാനും വര്‍ഷങ്ങളായി മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ്.
കണ്ണങ്കോട് ശ്രീമഹാവിഷ്ണു ക്ഷേത്രം, കല്ല്യാട് വിഷ്ണു-വയത്തൂര് കാലിയാര് ശിവക്ഷേത്രം, കൊടോളിപ്രം കവിടിശ്ശേരി ശിവക്ഷേത്രം, പെരുമണ്ണ് ശ്രീ ചുഴലി ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ മാമാനം ദേവസ്വത്തിനു കീഴിലുളള ക്ഷേത്രങ്ങളാണ്. മലബാറിലെ പ്രധാന തറവാടുകളിലൊന്നായ കല്ല്യാട് താഴത്തുവീട്ടുകാരാണ് ക്ഷേത്രങ്ങളുടെ പാരമ്പര്യ ഊരാളന്മാര്. ഇതില്‍ മാമാനത്തമ്മയുട ആരൂഢ സ്ഥാനമായ കണ്ണങ്കോട് മഹാശിവക്ഷേത്രം ഏറേ കേള്‍വിക്കേട്ട ക്ഷേത്രമാണ്. മാമാനം ക്ഷേത്രത്തിലെത്തുന്നവരെല്ലാം കണ്ണങ്കോടെത്തി മഹാവിഷ്ണുവിനെ വണങ്ങിയാണ് മടങ്ങാറുളളത്. മാമാനം ക്ഷേത്രത്തില്‍ നിന്നുംരണ്ട് കീലോ മീറ്റര്‍ അകലെ കുന്നിന് ചെരുവിലാണ് കണ്ണങ്കോട് ശ്രീമഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ തന്നെ മീനൂട്ട് നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് ദേവസ്വത്തിനു കീഴിലുളള മറ്റൊരു ക്ഷേത്രമായ പെരുമണ്ണ് ശ്രീ ചുഴലി ഭഗവതി ക്ഷേത്രം . ക്ഷേത്രത്തിന് സമീപമുളള പുഴകടവിലാണ് മീനൂട്ട് നടക്കുന്നത്. ഉദയം മുതല്‍ അസ്തമയം വരെ മാത്രമെ ഇവിടെ മത്സ്യങ്ങളെ ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂ. അസുഖങ്ങള്‍ മാറുന്നതിനാണ് പ്രധാനമായും മീനൂട്ട് നടത്തുന്നുന്നത്. നൂറുകണക്കിനാളുകളാണ് ദിവസവും ഇവിടെ മീനൂട്ടിനായി എത്തിച്ചേരുന്നത്. കൂടാതെ മീനൂട്ട് കാണാന്‍വേണ്ടി ദിനംപ്രതി നിരവധി സഞ്ചാരികളും എത്തിച്ചേരുന്നു. മഴക്കാലത്ത് ചടങ്ങ് നടക്കാറില്ല. നൂറുക്കണക്കിന് മത്സ്യങ്ങളാണ് ക്ഷേത്ര കടവില്‍ ഉള്ളത്. ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത വഴിപാട് വിവാഹം നടക്കാന്‍ തടസ്സം നേരിടുന്നവര്‍ക്കായുളള സ്വയംവര പൂജയാണ്. നിരവധി പേരാണ് ജില്ലയ്ക്കകത്തും പുറത്തും നിന്നും ഇവിടം വന്ന് സ്വയംവര പൂജ നടത്തി മംഗല്യ ഭാഗ്യം സിദ്ധിക്കുന്നത്.
മത്സ്യങ്ങളെ പുഴയില്‍തന്നെ സംരക്ഷിച്ചിരിക്കുന്നു എന്നത് ഇവിടുത്തെ എടുത്തു പറയേണ്ടുന്ന സവിശേഷതയാണ്. ഇതിനായി യാതൊരുവിധത്തിലുള്ള ബണ്ടുകളോ വേലികളോ നിര്‍മ്മിച്ചിട്ടില്ല. മഴക്കാലത്ത് ഇവ ഉണ്ടാവാറില്ല. മഴക്കാലം കഴിയുന്നതോടെ വീണ്ടും മീനൂട്ട് പുനരാരംഭിക്കുന്നു. അശരണരും ആലംബഹീനരുമായ ആയിരക്കണക്കിന് ഭക്തരാണ് രണ്ട് ദേവീസന്നിധികളിലും എത്തിച്ചേര്‍ന്ന് തങ്ങളുടെ ആരാധ്യ ദേവതകളെ തൊഴുതു വണങ്ങി അനുഗ്രഹം നേടി തങ്ങളുടെ ആഗ്രഹം സാധിച്ച് സായൂജ്യം അടയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: